കടലില്‍ കാറ്റു നിലച്ചിരുന്നു.കാറ്റുപോയ പായ്കള്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു.കുടിക്കാന്‍ വെള്ളമില്ല.കഴിക്കാന്‍ ഭക്ഷണമില്ല.ആഴിപ്പരപ്പുകള്‍ താണ്ടി സ്വര്‍ണതൂവലുകലുമായി കൊടിമരത്തില്‍ എവിടെ നിന്നോ ഒരു കിളി വന്നുചേര്‍ന്നു.ചാരുതയാര്‍ന്ന ഒരു ജീവിതത്തിലേക്കെന്നപോലെ കിളിയെന്നെ മാടിവിളിക്കുന്നു.അവസാനം ദൈന്യനായ ഒരു കരച്ചിലുതിര്‍ത്ത് കിളിയും മാഞ്ഞുപോയി.
യൗവനത്തിന്‍റെ ഊര്‍ജം നിറഞ്ഞ ലഹരിയിലാണ് ഞാന്‍ കടല്‍ താണ്ടാന്‍ തീരുമാനിച്ചത്.
എന്‍റെത് ഒരു കടലോരഗ്രാമമായിരുന്നു.
എപ്പോഴും കടലിരിമ്പിയിരുന്നു.
കടലില്‍ നിന്നു തണുത്ത കാറ്റ് വീശിയിരുന്നു.
മഞ്ഞുപെയ്യുന്ന മകരത്തില്‍ കടല്‍ ആര്‍ദ്രമായി.കര്‍ക്കിടകത്തില്‍ അവള്‍ ക്ഷുഭിതയായി.പൂത്തു നില്‍ക്കുന്ന പറങ്കിമാവില്‍ കാടുകള്‍ക്കു മീതെ ആര്‍ദ്രമായ നിലാവ് വീണുകിടക്കുമ്പോഴും ഇരുണ്ട രാവുകളില്‍ മിന്നാമിനുങ്ങുകള്‍ പാറി നടക്കുമ്പോഴും മഴയുടെ താഡനതാളം പൂര്‍ണ്ണമായും നിലക്കുമ്പോഴും കടല്‍ ഒരു സംഗീതമായി,താളമായി എന്നിലേക്ക് ഒഴുകിവന്നു.
എന്‍റെ ബാല്യത്തിന്‍റെ നിറക്കൂട്ടുകള്‍ നിറയെ കടലാണ്.
കടലിന്‍റെ സംഗീതം കേട്ട് ഞാനുറങ്ങി.
കടലിന്‍റെ സംഗീതം കേട്ട് ഞാനുണര്‍ന്നു.
കടലിന്‍റെ അഗാഥ നീലിമകളില്‍ നിന്നു കടലാമക്കൂട്ടങ്ങള്‍ എല്ലാ വര്‍ഷവും തീരം തേടി വന്നു.മണലില്‍ കുഴികള്‍ മാന്തി അവ മുട്ടകള്‍ നിക്ഷേപിച്ചു തിരിച്ചുപോയി.ഞങ്ങള്‍,കുട്ടികള്‍ കടലാമകളുടെ മുട്ടകള്‍ തല്ലിയുടച്ചു.അല്ലെങ്കില്‍ മോഷ്ടിച്ചു.ആയിരം പൗര്‍ണമി പിന്നിട്ട എന്‍റെ അമ്മൂമ്മ ശകാരിച്ചു,"നിങ്ങള്‍ ശാപം ഏറ്റുവാങ്ങരുത് മക്കളെ,കടല്‍ ചിരന്ജീവികളുടെതാണ്.കടലാമകള്‍ നമ്മുടെ മുതുമുത്തച്ചന്‍മാരാണ്."എന്നിട്ടു സമാധാനിപ്പിച്ചു,"മക്കളേ കടല്‍ ആഴമാര്‍ന്നതാണ്....നിഗൂഢമാണ്....കടല്‍ നമ്മുടെ ജീവിതം തന്നെയാണ്"
അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ഒരു കടലിന്‍റെ ഇരമ്പമുണ്ടെന്നു തോന്നി.പക്ഷെ,എനിക്കൊന്നും മനസ്സിലായില്ല.
പിന്നീട് പിതാക്കളും പിതാമഹാന്മാരും അമ്മമാരും അമ്മൂമ്മമാരും ജീവിതത്തിന്‍റെ തിരശീലകള്‍ക്കു പിന്നില്‍ മറഞ്ഞു.അനന്തതയിലേക്കു കണ്ണും നട്ട് ഇപ്പോഴവരെന്‍റെ ചുമരുകളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നു.ബാല്യവും കൗമാരവും യൗവനവും മധ്യവയസ്സും പിന്നിട്ട് എന്‍റെ ജീവിതവും ജരാനരകളിലൂടെ സഞ്ചരിക്കുകയാണ്....
എനിക്കിപ്പോള്‍ എല്ലാം കുറേശെ മനസ്സിലാകുന്നുണ്ട്.
അന്നു കടല്‍ താണ്ടാനുള്ള ചിന്തയോ അനുഭവജ്ഞാനമോ എനിക്കുണ്ടായിരുന്നില്ല.കടലിരമ്പുന്ന ഒരു പ്രഭാതത്തില്‍ ജേഷ്ഠന്‍ വിളിച്ചുണര്‍ത്തി എന്നോടു പറഞ്ഞു,"നീ കാണുന്നില്ലേ?നമുക്കു ചുറ്റും ജീവിതക്ലേശങ്ങളുടെ കടല്‍,നിന്‍റെ പിഞ്ഞിയ നിറം മങ്ങിയ ഉടുപ്പുകള്‍,വീടിന്‍റെ മുഷിഞ്ഞ ചുമരുകള്‍,നമുക്കു താണ്ടാനുള്ളത് ഈ കടലാണ്."കടല്‍ ദുഃഖസാന്ദ്രമായി ഇരമ്പികൊണ്ടിരിക്കുന്നു.
ഞാന്‍ സന്ദേഹത്തോടെ ജേഷ്ഠനെ നോക്കി ജേഷ്ഠന്‍ പുഴയിലേക്കു വിരല്‍ ചൂണ്ടി.
"ദാ, നീ കാണുന്നില്ലേ ഒരു പായ്കപ്പല്‍."
പുഴയിലൊരു പായ്കപ്പലുണ്ടായിരുന്നു.അതിന്‍റെ വലിയ കാറ്റുപായ്കള്‍ വിശറി പോലെ ഒടിഞ്ഞു തൂങ്ങിയിരുന്നു.മധ്യകാലത്തെവിടെയോ പിറന്ന ഒരു കപ്പിത്താനും അതിലുണ്ടായിരുന്നു.
"പായ്കപ്പലിന്‍റെ യാത്ര ഏതാനും ദിവസങ്ങല്‍ക്കകം ആരംഭിക്കുകയാണ്."ജേഷ്ഠന്‍ വീണ്ടും പറയാന്‍ തുടങ്ങി."പുഴ കടന്നു കടലിലൂടെ പിരമിഡുകള്‍ അവസാനിക്കുന്നിടത്താണ് അതിന്‍റെ യാത്രയും അവസാനിക്കുക.മരുഭൂമികളുടെ അറ്റമാണ് പിരമിഡുകള്‍.മരുഭൂമികളുടെ അറ്റമാണ് പിരമിഡുകള്‍.മരുഭൂമിയില്‍ നിറയെ സ്വര്‍ണ ബിസ്ക്കറ്റുകളാണ്.കൈനിറയെ വാരിയെടുക്കം.യാത്രയാകൂ കുട്ടീ.അങ്ങനെ ക്ലാവു പുരണ്ട നമ്മുടെ ജീവിത സ്വപ്നങ്ങളെ നീ സ്വര്‍ണമയമാക്കൂ."
ഞാന്‍ കൗമാരത്തിലും ജേഷ്ഠന്‍ യൗവനത്തിലുമായിരുന്നു.ജേഷ്ഠന്‍ അതിസുന്ദരനായിരുന്നു.ചുരുണ്ട മുടിയും നീല കണ്ണുകളും.ഞങ്ങള്‍ വാര്‍ത്തമാനക്കടലാസുകളില്‍ കരിമഷികൊണ്ടു പോസ്റ്ററെഴുതി.അരിമാവിന്‍റെ പശയുണ്ടാക്കി.കവലകളില്‍ പതിച്ചു.
"ചൂഷണം അവസാനിക്കട്ടെ!
അന്ധവിശ്വാസങ്ങള്‍ തുലയട്ടെ!
വരാനിരിക്കുന്ന വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളില്‍ അന്നു ഞാനും ഭ്രമിച്ചുരുന്നു.
വിപ്ലവം എന്‍റെ മനസ്സിലെ തിളങ്ങുന്ന ഒരു നക്ഷത്രമായിരുന്നു.
എന്നാലും എനിക്കെന്നും സംശയങ്ങള്‍ ഒരുപാടുണ്ടായിരുന്നു."വിപ്ലവം എവിടെയാണ്?"ഞാന്‍ ജേഷ്ടനോട് ചോദിച്ചു.ചേട്ടന്‍ ആവേശത്തോടെ പറയാന്‍ ആരംഭിച്ചു."നമ്മുടെ സാമൂഹിക വ്യവസ്ഥിതി മാറണം.എന്നിട്ട് നമ്മുടെ സ്വപ്‌നങ്ങള്‍ കൊയ്യുന്ന വയലുകള്‍ നാം തീര്‍ക്കും."
ഏതോ വിദൂരനഗരത്തില്‍ ഒരു ചെറിയ ശമ്പളം പറ്റുന്ന ഗുമസ്തനായിരുന്നു ചേട്ടന്‍.
പക്ഷേ,സ്വര്‍ണ ബിസ്കടറ്റുകള്‍ എന്ന പദം എന്നെ ലഹരിപിടിപ്പിച്ചു.ഞാന്‍ എല്ലാം മറന്നു,വിപ്ലവം മറന്നു,പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ചു....
പിന്നീട് കരിപുരണ്ട ഒരു മണ്ണെണ്ണ വിളക്കിനു ചുറ്റും എന്‍റെ പാഠപുസ്തകങ്ങള്‍ കുറെക്കാലം അനാഥമായി കിടന്നുവത്രെ.ആ പുസ്തകങ്ങളെ നോക്കി അമ്മ കണ്ണുനീര്‍ വാര്‍ത്തിരുന്നുവത്രേ!
ജീവിതം വഴി മുട്ടി നില്‍ക്കുന്നു.താന്‍ ജീവിതത്തില്‍ തോറ്റുവോ എന്ന്,വഴങ്ങാത്ത കാലത്തിനോട് എന്‍റെ അമ്മ ചോദിക്കുന്നു.അമ്മ നെല്ലുകുത്തി,മക്കളെയൂട്ടി.പകലന്തിയോളം തൊടിയിലെ കറുത്ത മണ്ണില്‍ പണിയെടുത്തു.വൈക്കോല്‍ ചിക്കിയുണക്കി,പശുക്കളെ പോറ്റി.കോഴികളെ വളര്‍ത്തി.കയര്‍ പിരിച്ചു.എന്നിട്ടും ജീവിതക്ലേശങ്ങള്‍ക്ക് അറുതിയില്ല.ഇല്ലായ്മകള്‍ ക്ലേശങ്ങളായി.ക്ലേശങ്ങള്‍ കലഹങ്ങളായി.പുരനിറഞ്ഞു നില്‍ക്കുന്ന പെണ്മക്കള്‍ എന്‍റെ ഉറക്കം കെടുത്തുന്നുവെന്ന് അമ്മ എല്ലായ്പ്പോഴും പറഞ്ഞു.അമ്മയും അച്ഛനും നിരന്തരമായി കലഹിച്ചുകൊണ്ടിരുന്നു.എനിക്കു ജീവിതത്തോട് വിരക്തി തോന്നാന്‍ തുടങ്ങിയിരുന്നു.അപ്പോഴാണു കടല്‍ എന്നെ വന്നു വിളിക്കുന്നത്.എന്‍റെ തീരുമാനം യുക്തിപൂര്‍ണവും നീതിനിഷ്ടവുമാണെന്ന് ജേഷ്ഠന്‍ പറഞ്ഞു.പിന്നെ കടല്‍ താണ്ടാനുള്ള തയ്യാറെടുപ്പുകളായി.
വിവാഹിതയായ ജേഷ്ടത്തി കുറേ നോട്ടുകളെടുത്തുതന്ന് കരച്ചില്‍ പോലെ പറഞ്ഞു."നീ കടല്‍ താണ്ടി വരൂ"ചേച്ചിമാരും അനിയനും അനിയത്തിയും എന്നെ നുള്ളുകയും തലോടുകയും ചെയ്തു.നനവാര്‍ന്ന കണ്ണുകളുമായി അവരും പറഞ്ഞു,"നീ കടല്‍ താണ്ടി വരൂ."
അമ്മ എന്നെ യാത്രയയച്ചില്ല.ആശംസിച്ചില്ല.ഏതോ കാണാമറയത്തിരുന്ന് തേങ്ങികൊണ്ടിരുന്നു.പില്‍കാലത്ത് അമ്മ പറഞ്ഞു,"ഞാന്‍ നിന്നോടു
വലിയ തെറ്റു ചെയ്തു.മീശമുളയ്ക്കാത്ത നിന്നെ ഞാന്‍ കടലിലേക്കു വലിച്ചെറിഞ്ഞു.പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളും ഭീതിനിറഞ്ഞതായിരുന്നു.നീയൊരു തോണിയായി കടലില്‍ ഒഴുകി നടക്കുന്നു.സ്രാവുകളും മറ്റും നിന്നെ വേട്ടയാടുന്നു.ഒരു ചെരുപ്പുപോലുമില്ലാതെ നീ അലയുന്നു."
ഞാന്‍ അത്ഭുതത്തോടെ അമ്മയെ നോക്കി,"അമ്മേ,നിങ്ങള്‍ ഇത്രയും കൃത്യമായി കാര്യങ്ങള്‍ എങ്ങനെയാണ് പറയാന്‍ പഠിച്ചത്?"
അമ്മ പറഞ്ഞുതന്നു,"മകനെ,ഒരമ്മയ്ക്കും മകനുമിടയില്‍ ഒരു ലോകമുണ്ട്.അമ്മയുടെ പൊക്കിള്‍കൊടികള്‍ ഒരിക്കലും മുറിയുന്നില്ല" അമ്മ എന്നെ ചേര്‍ത്തു പിടിച്ചു.പിന്നീട് ഒരു ഗ്രീക്ക് കഥയിലെ ദുരന്തകഥാപാത്രമായി അമ്മ എന്നെ ജീവിതം മുഴുവന്‍ വേട്ടയാടി.അവര്‍ക്ക് ഒരിക്കലും സമാധാനം കിട്ടിയിരുന്നില്ല.സ്വന്തം മക്കളാലും ഭര്‍ത്താവിനാലും.
മുത്തച്ചനെ സംസ്‌കരിച്ച കുഴിമാടത്തിനു മുന്നില്‍ ഞാന്‍ നമ്രശിരസ്കനായി നിന്നു.കൊളംമ്പുമാവിന്‍റെ ആകാശങ്ങളില്‍ നിന്ന് മുത്തച്ഛന്‍ ഇറങ്ങിവന്നുകൊണ്ടു പറഞ്ഞു,"മകനെ,യാത്രകളാണ് ജീവിതം.എന്‍റെ ജീവിതവും യാത്രകളായിരുന്നു.കനോലിക്കനാലിലൂടെയുള്ള നീണ്ട കായല്‍ യാത്രകള്‍,കുട്ടീ,യാത്രകള്‍ ജീവിതത്തിനു ജ്ഞാനവും ദൂരകാഴ്ചയും നല്‍കുന്നു.നീ പോയ് വരൂ."
അങ്ങനെ പാഠപുസ്തകങ്ങളില്‍ നിന്നു ജീവിതപാഠങ്ങളിലേക്കു ഞാന്‍ യാത്രയായി.കടലിരമ്പം അടുത്തു വരുന്നു.ഞാന്‍ നടക്കുകയാണ്.യാത്രയയക്കാന്‍ ജേഷ്ഠനുണ്ട്.പാതിരാവായിരുന്നു.ചീവീടുകള്‍ ശബ്ദഘോഷത്തോടെ എന്നെ യാത്രയാക്കുന്നു.പറങ്കിമാവിന്‍ പൂക്കളുടെ ലഹരി പിടിപ്പിക്കുന്ന ഗന്ധം.തളിരിട്ട അവയുടെ ഇലകളില്‍ തുളുമ്പുന്ന നിലാവ്.പായ്ക്കപ്പല്‍ ഇതാ കാത്തുകിടക്കുന്നു.ഒരു സ്വപ്നം പോലെ ഏതോ അജ്ഞാത ലോകത്തില്‍ ഒട്ടേറെപ്പേരുടെ ആരവങ്ങള്‍ക്കിടയില്‍,ആരോ ഒരുക്കിത്തന്ന ഒരു കൊതുമ്പുവള്ളത്തില്‍ ഞാന്‍ കപ്പലിലേക്കു കയറി.തിരക്കിനിടയില്‍ ജേഷ്ടനോടു യാത്രപറയാന്‍ കഴിഞ്ഞില്ല.പിന്നെ യാത്രികരെ കുത്തിനിറച്ച കപ്പലില്‍ ഞങ്ങള്‍ പിരമിഡുകള്‍ തേടി യാത്രയായി.കാറ്റുപായ്കള്‍ ഉണര്‍ന്നു....
നിലാവ് മറഞ്ഞിരുന്നു.കടലോരങ്ങളില്‍ തെങ്ങിന്‍തോപ്പുകള്‍ ദുഃഖമൂകമായി നിലകൊണ്ടിരുന്നു.അരണ്ട വെളിച്ചത്തില്‍ അവയെന്നോടു മന്ത്രിച്ചു."നീ കടല്‍ താണ്ടി വരൂ."ഞാന്‍ ദൂരക്കാഴ്ചകള്‍ തേടി കടലിന്‍റെ മുകള്‍ത്തട്ടിലിരുന്നു.കാറ്റുപായ്കള്‍ക്കും ഓളപ്പരപ്പുകള്‍ക്കുമപ്പുറത്ത് ഏഴിമല കണ്ടു,ഗോസായിക്കുന്നുകള്‍ കണ്ടു.കടല്‍പ്പാമ്പുകളെ കണ്ടു.ഒട്ടേറെ കപ്പലുകളുടെ പോക്കുവരവുകണ്ടു.പിന്നെ പായ്ക്കപ്പലിന്‍റെ ഗതി ചക്രവാളങ്ങളിലേക്കു തിരിഞ്ഞു.ആകാശച്ചെരുവില്‍ കൂറ്റന്‍ ദുര്‍ഗങ്ങള്‍ പോലെ തങ്കനിറമാര്‍ന്ന മേഘങ്ങള്‍ അണിനിരന്നിരുന്നു.അവയുടെ നിഗൂഡമായ താഴ്‌വരകളിലൂടെ ഞാനും എന്‍റെ സ്വപ്നങ്ങളും പായ്ക്കപ്പലും ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നു.
ഞാന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റി ആ യാത്രയിലാണ് കേള്‍ക്കുന്നത്.അനന്തവും വിജനവുമായ സമുദ്രത്തിലും കൊള്ളക്കാരോ?അപ്പോള്‍ എനിക്കു മുന്‍പില്‍ നീണ്ട ആഴികള്‍ മാത്രം.ഒരു കോഴിമുട്ടപോലെ തീര്‍ത്ത ലോകത്തിന്‍റെ അതിര്‍ത്തിരേഖകള്‍.കടലില്‍ കാറ്റുനിലച്ചിരുന്നു.കാറ്റുപോയ പായ്കള്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു.കുടിക്കാന്‍ വെള്ളമില്ല.കഴിക്കാന്‍ ഭക്ഷണമില്ല.ആഴിപ്പരപ്പുകള്‍ താണ്ടി സ്വര്‍ണത്തുവലുകളുമായി കൊടിമരത്തില്‍ എവിടെനിന്നോ ഒരു കിളി വന്നു ചേര്‍ന്നു.ചാരുതയാര്‍ന്ന ഒരു ജീവിതത്തിലേക്കെന്നപോലെ കിളിയെന്നെ മാടിവിളിക്കുന്നു.അവസാനം ദൈന്യമായ ഒരു കരച്ചിലുതീര്‍ത്ത് കിളിയും മറഞ്ഞുപോയി.
എന്‍റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു,"മരണത്തിന്‍റെ നിറമെന്താണ്?"ഞാന്‍ പറഞ്ഞു,"കടുംപച്ച,മഞ്ഞ,നീല,അവസാനം കറുപ്പ്...."അയാള്‍ എന്‍റെ വായ് പൊത്തി.ഒരു മരണത്തിന്‍റെ ഭീതിയിലും ഉള്‍ക്കിടിലത്തിലുമാണവന്‍.അപ്പോള്‍ കപ്പലിന്‍റെ ഉപരിതലത്തില്‍ നിന്നു ശബ്ദങ്ങളും അനക്കങ്ങളുമുണ്ടായി.എത്രയോ ദിവസങ്ങള്‍ക്കുശേഷം അവര്‍ അതിലെ കടന്നു പോയ ഒരു കപ്പലിന്‍റെ ചിത്രം പിടിച്ചെടുത്തിരിക്കുന്നു.ആദ്യം പുകക്കുഴലാണു കണ്ടത്.പിന്നെ പുകയുതിര്‍ക്കുന്ന ഒരു മുഴുവന്‍ കപ്പലിന്‍റെയും ചിത്രം തെളിഞ്ഞു.ഞങ്ങള്‍ കരഞ്ഞുവിളിച്ചു.പന്തങ്ങള്‍ കൊളുത്തി.
പായ്ക്കപ്പലിനെ യാത്രക്കപ്പല്‍ കെട്ടിവലിച്ചു.യന്ത്രക്കപ്പലില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ പായ്ക്കപ്പലില്‍ എത്തി.ആദ്യം വെള്ളം വന്നു.പിന്നെ റൊട്ടിയും ഉണങ്ങിയ പഴങ്ങളും വന്നു.ഞങ്ങള്‍ ആര്‍ത്തി പൂണ്ടു ബഹളം വച്ചു.തിക്കിത്തിരക്കി.കടിപിടികൂടി.പരസ്പരം മുട്ടന്‍ തെറികള്‍ പറഞ്ഞു.കാര്യങ്ങള്‍ നിയന്ത്രണാതീതമായി.
ഈത്തപ്പഴം ഒരു സ്വര്‍ഗീയമധുരമായി എന്‍റെ കവിളില്‍ വന്നണയവേ ക്ഷീണിച്ചുവറ്റിയ എന്‍റെ മുഖത്ത് കാതടപ്പിക്കുന്ന പ്രഹരങ്ങള്‍ വന്നുവീണു.അയാള്‍ പായ്ക്കപ്പലിലെ കപ്പിത്താനായിരുന്നു.അയാള്‍ അട്ടഹസിച്ചു.എന്നെ വലിച്ചിഴച്ചു.കവിളില്‍ വീണ്ടും വീണ്ടും പ്രഹരിച്ചു."കട്ടുതിന്നുന്നവന്‍!അച്ചടക്കമില്ലാത്തവന്‍."എന്‍റെ കണ്ണുകളില്‍ നിന്നും പൊന്നീച്ചകള്‍ പറന്നു.പക്ഷെ,ഒരിറ്റു കണ്ണീരും ഒഴുകിയില്ല.സങ്കടങ്ങളുടെ കടല്‍ വറ്റിവരണ്ടിരുന്നു.എങ്കിലും ഞാന്‍ സ്വയം മന്ത്രിച്ചു,"എനിക്ക് അച്ചടക്കം നഷ്ടമായിരിക്കുന്നു!ഞാന്‍ ആര്‍ത്തിപൂണ്ടവനായിരിക്കുന്നു!"കണ്ണുനീര്‍ പൊടിയാത്ത കവിളുകളുമായി ഞാന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ കരയിലേക്കു ചാടി.
കപ്പല്‍ ഒരു പര്‍വതത്തിനു താഴെയാണ് വന്നുനിന്നത്.പിരമിഡുകളിലേക്കുള്ള യാത്ര അവസാനിച്ചിരുന്നു.
ഒരു പൊടിഞ്ഞ കാറ്റ് എന്നെ വന്നു തഴുകി.നേര്‍ത്ത മുഴക്കങ്ങളോടെ കടലിരമ്പിക്കൊണ്ടിരുന്നു.കടലിന് സംഗീതം നഷ്ടമായിരിക്കുന്നു എന്നു ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ സ്വര്‍ണ ബിസ്കറ്റുകള്‍ തേടി മല കയറി.മരുഭൂമിയിലേക്കിറങ്ങി.
പില്‍ക്കാലത്തില്‍ കടല്‍ ചുറ്റിവരിഞ്ഞ ഒരു പ്രവാസ നഗരത്തില്‍ ഞാന്‍ വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി.ഒരു മലമ്പാമ്പിനെപ്പോലെ കടല്‍ എനിക്കു ചുറ്റും പതുങ്ങിക്കിടന്നിരുന്നു.ഈര്‍പ്പം ഉയരുന്ന രാത്രികളില്‍ ഞാന്‍ നിശബ്ദനായി ചെവിടോര്‍ത്തു.കടലിരമ്പം കേല്‍ക്കാനുണ്ടോ?ഇല്ല,ഞാന്‍ നിരാശനായി.
എപ്പോഴാണ് കടലിന്‍റെ സംഗീതം നിലച്ചു പോയത്?ഞാന്‍ വിലയിരുത്താന്‍ തുനിഞ്ഞു.അങ്ങനെ കടലിരമ്പമില്ലാത്ത കടലുകളെക്കുറിച്ച് ഞാന്‍ എഴുതാന്‍ ആരംഭിച്ചു....