Monday, 12 December 2011

നൊമ്പരപ്പാടുകള്‍

ജീവിതത്തിന്‍ സായാഹ്നവേളയില്‍

ജീവിതമെന്ന കടങ്കഥയ്ക്കുത്തരം കിട്ടാതെ

നഷ്ടങ്ങളുടെ ഭാണ്‌ഡവുമേറ്റി

ഞാന്‍ നില്‍ക്കവേ....

കുങ്കുമചെപ്പു മറിഞൊരാ സന്ധ്യതന്‍

ആകാശച്ചെരിവിലേക്കലസമായ്

മിഴികളൂന്നി ഞാന്‍ നില്‍ക്കട്ടെ....

ഏകാന്തതയുടെ തണുത്ത വിരല്‍ത്തുമ്പെന്നെ

തൊടുമ്പോള്‍....ഓര്‍മ്മയില്‍

നിറമേഴും ചാലിച്ച ചിത്രമായ്

കുയിലിന്‍ പാട്ടിലെ മധുരവും,

ഇളകിയൊഴുകുന്ന കുഞ്ഞരുവിയും,

നേരിയ കുളിരാര്‍ന്ന പാല്‍നിലാവൊഴുക്കി

നില്‍ക്കുന്ന വെണ്‍ചന്ദ്രനും....

ഈ സായാഹ്നത്തില്‍....

വേദനകളുടെ കനല്‍ക്കൂമ്പാരമോ....?


എന്‍ പ്രതീക്ഷകള്‍ എണ്ണയില്ലാതെ പുകയുന്ന കരിന്തിരിയാകവേ....

എന്‍ വാക്കുകള്‍ ശബ്ദമില്ലാത്തവന്‍റെ വിലാപമായ് മാറിയോ....?

ചിരിയുടെ മൂടുപടത്താല്‍ മറച്ചോരെന്‍ മൗനനൊമ്പരങ്ങള്‍....

ജീവിതചുടലയില്‍ കനലറ്റ വെണ്ണീറോ....?

എങ്കിലും....

നഷ്ടങ്ങളുടെ ഭാണ്‍ഡത്തിനിടയില്‍ ഞാന്‍ സൂക്ഷിപ്പൂ....

കുചേലന്നവില്‍പ്പൊതിപോലെ

സൗഹൃദങ്ങളുടെ വര്‍ണ്ണം നിറഞ്ഞ നിമിഷങ്ങളെ....

മനസ്സിന്‍റെ കോണിലെവിടെയോ

ഓര്‍മ്മയുടെ കണ്ണീര്‍ വീണ മഞ്ചാടിമണികളായ്.


നിനവുകള്‍ നോവുകള്‍ എല്ലാം ഞാന്‍ സൂക്ഷിപ്പൂ....

ഹേ ജീവിതത്തിന്‍ ദുഃഖങ്ങളെ....

ഒരിക്കലും നിങ്ങള്‍ക്കാവില്ല....ഈ വേദന തന്‍

മധുരത്തെ കയ്പ്പാക്കി മാറ്റുവാന്‍.



No comments:

Post a Comment