Monday, 5 December 2011

വേരുകള്‍


റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ചൂടുവായുവാണ് എന്നെ എതിരേറ്റത്.ഞാനതിഷ്ടപ്പെട്ടു.എന്‍റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി എന്തും സഹിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു.നല്ല അടുക്കും ചിട്ടയും ഉള്ള നഗരം.പ്രവാചകന്‍റെ പുണ്യനാട്.ജോലിസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ക്കൊന്നും പച്ചപ്പില്ലായിരുന്നു.കെട്ടിടങ്ങളെല്ലാം രാജകീയമായിരുന്നു.എണ്ണസമ്പത്തിന്‍റെ ആള്‍രൂപങ്ങള്‍.വെള്ളക്കാരന്‍റെ കരവിരുതും മലയാളിയുടെ വിയര്‍പ്പും കൂടിയാല്‍ പിന്നെ സൃഷ്ടികള്‍ക്ക് പഞ്ഞമില്ലല്ലോ.

ജോലിചെയ്യാന്‍ പോകുന്ന കമ്പനിയുടെ ഓഫീസിലോട്ടാണ് ആദ്യം പോകുന്നത്.അവിടെ റിപ്പോര്‍ട്ട്‌ ചെയ്തതിനു ശേഷം അപ്പന്‍റെ ജേഷ്ഠന്‍റെ ഫ്ലാറ്റിലേക്ക്.ഞാന്‍ യാത്ര ചെയ്യുന്ന വാഹനം ഓടിച്ചിരുന്നത് ഒരു മലയാളി ആയിരുന്നു.ഒരുപാട് പ്രതീക്ഷകളുടെ ഭാരം ആ മുഖത്ത് ദൃശ്യമായിരുന്നു.അരാംകോ കമ്പനിയുടെ ലോഗോ വാഹനത്തിന്‍റെ വശങ്ങളിലും മുകളിലും പതിച്ചിരുന്നു.

കമ്പനിയിലെ ഔദ്യോഗിക എഴുത്തുകുത്തുകള്‍ എല്ലാം കഴിച്ച് ഞാന്‍ ഒരു ടാക്സി പിടിച്ചു  വല്യപ്പച്ചന്‍റെ താമസസ്ഥലത്തേക്ക് പോയി.ഇരു നിലയുള്ള ഒരു കെട്ടിടം അതിന്‍റെ താഴത്തെ നിലയിലെ ആദ്യത്തെ ഫ്ലാറ്റ്.ആന്‍റിയെന്നെ കാത്തിരിക്കുകയായിരുന്നു.അല്പം നേരത്തെ കരച്ചിലിനു ശേഷം പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി.പതിനൊന്നു കൊല്ലത്തെ ഇടവേളക്കുശേഷമുള്ള കൂടികാഴ്ച.വല്യപ്പന്‍ ഓഫീസില്‍ ആയിരുന്നു.ഭക്ഷണത്തിനുശേഷം ആ കെട്ടിടസമുച്ചയത്തിലെ എല്ലാവരേയും പരിചയപ്പെട്ടു.

സന്ധ്യക്ക് വല്യപ്പന്‍ വന്നു.എന്നെ കുറച്ചുനേരം നോക്കിനിന്നു പിന്നെ എന്തോ ഓര്‍ത്തിട്ടയെന്നപോലെ ഒരു ഹസ്തദാനം.ഒന്നു ഞാന്‍ തിരിച്ചറിഞ്ഞു രക്തത്തിനു രക്തത്തെ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം.എന്‍റെ ഉള്ളംകൈ ആകെ തണുത്തുപോയി.എന്‍റെ രണ്ടുകവിളിലും മാറിമാറി ചുംബിച്ചു.വിലയേറിയ രണ്ടു രത്നകല്ലുകള്‍ കിട്ടിയ പ്രതീതി.

അപ്പന്‍  റിയാദില്‍ ഉണ്ടത്രേ!ഏതാനും മൈലുകള്‍ മാത്രം അകലെ.അത്താഴസമയത്ത് ആന്‍റി പറഞ്ഞതാണ്‌, പുതിയ അറിവ് അല്ലെങ്കിലും എന്‍റെ മനസ്സ് വികാരഭരിതമായി.യാത്രാക്ഷീണം ഉള്ളത്കൊണ്ട് വീട്ടിലേക്ക് ഫോണ്‍ ചെയ്തതിനു ശേഷം ഞാന്‍ നേരത്തെ കിടന്നു.

പിറ്റേദിവസം അതിരാവിലെ എണീറ്റു.സൗദിയില്‍ എപ്പോഴും പൊടിനിറഞ്ഞ അന്തരീക്ഷമാണ്.വല്ലപ്പോഴും ഒരു മഴ പെയ്യും.അപ്പോഴൊക്കെ നിരത്തുകളില്‍ ചെളിനിറയും.നിയമങ്ങള്‍ കര്‍ശനമായിരുന്നു.

അന്ന് വൈകുന്നേരം ഞാന്‍ കടല്‍ത്തീരത്തേക്ക് പോയി.സന്ധ്യാനേരം സുന്ദരമായിരുന്നു.വൈകുന്നേരങ്ങളില്‍ കടലില്‍ നിന്നും തണുത്ത കാറ്റു വീശും.തീരത്തുകൂടി നടക്കുമ്പോള്‍ കുട്ടികാലത്തെക്കുറിച്ച് ഓര്‍ത്തു.മണ്ണില്‍ ഓടിക്കളിച്ച നാളുകള്‍.ഷൂസ് ഊരിമാറ്റി ഞാന്‍ നടന്നു.പാദങ്ങളില്‍ പഞ്ചാരമണല്‍ തട്ടുന്നത് വല്ലാത്തൊരു ആഹ്ലാദംതന്നെയാണ്.സൗദിയിലെ എന്‍റെ ആദ്യത്തെ ഒഴിവുദിനമായിരുന്നു അത്.
                                                                                                                                   

No comments:

Post a Comment