Saturday, 10 December 2011

നീ ഇങ്ങിനെ നടന്നോ....

തിവുപോലെ രാവിലെ എണീറ്റ്‌ പല്ലുതേയ്ക്കുകയായിരുന്ന ഞാന്‍ വാഴകൊമ്പിലിരുന്ന് വിരുന്ന് വിളിക്കുന്ന കാക്കയുടെ ശബ്ദം കേട്ട് തലയുര്‍ത്തി നോക്കി.ഇല്ല അവര്‍ വരുവാന്‍ നേരം ആയിട്ടില്ല.അവര്‍ വരുമ്പോഴേക്കും എങ്ങനെ ഒരുങ്ങണം എന്നതായിരുന്നു അപ്പോഴും എന്‍റെ മനസ്സിലെ ചിന്ത.ആലോചിക്കുന്തോറും മനസ്സില്‍ സന്തോഷത്തിന്‍റെ തുടികൊട്ടല്‍ ഉയര്‍ന്നുകേട്ടു തുടങ്ങി.ഇന്നലെ വൈകിയാണ് അവര്‍ അത് വിളിച്ചു പറഞ്ഞത്.അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എന്തുസന്തോഷമായിരുന്നുവെന്നോ....?

എന്നും വൈകി എഴുന്നേല്‍ക്കുന്നതിനു വഴക്കുപറയുന്ന അമ്മയുടെ മുഖത്ത്‌ ഇന്നു സന്തോഷം മാത്രം.അമ്മൂമ്മയുടെ പതിവു പരിഭവ വാക്കുകളില്ല.എല്ലാവരും ഒരുക്കത്തിലാണ്.

ഓ നാട്ടുകാര്‍ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു.ചുണ്ടില്‍ ചെറിയ പുഞ്ചിരിയുമായി ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.ബന്ധുക്കളെല്ലാം പല സ്ഥലങ്ങളില്‍ നിന്നായി എത്തിത്തുടങ്ങി.ദൈവമേ! എല്ലാവരും വേഗം പോയാല്‍ മതിയായിരുന്നു.ഇവരെയൊക്കെ എങ്ങനെയാ തീറ്റിപ്പോറ്റുക.ആലോചിച്ചിട്ട് തലകറങ്ങുന്നു.ഭാഗ്യം! കുറച്ചുപേര്‍ സമ്മാനപൊതികളും കൊണ്ട് വരുന്നുണ്ട്.എന്‍റെ കണ്ണും മനസ്സും ഒരുമിച്ച് നിറഞ്ഞു.

എങ്കിലും....അവര്‍ വരാന്‍ ഇത്രവൈകുന്നത് എന്താണ്.ഇനി വഴിയെങ്ങാന്‍ തെറ്റിയതാകുമോ?ഏയ് അങ്ങനെയാവില്ല.എന്‍റെ പ്രതീക്ഷകള്‍ താളം തെറ്റുമോ?ഇല്ല അവര്‍ വന്നു കഴിഞ്ഞു.വീട്ടിലെല്ലാവര്‍ക്കും ഉത്സാഹമായി.അവര്‍ മധുര പലഹാരങ്ങളുമായി ഓടി നടക്കുകയാണ്.ഞാന്‍ അവസാന മിനുക്കുപണിയ്ക്കായി കണ്ണാടിയുടെ മുമ്പിലേക്കോടി.

അവര്‍ മൂന്നുപേരുണ്ട്.കാറിലാണ് വന്നത് വന്നപാടെ ഒരു ഫോട്ടോയെടുത്തു.ചിരിക്കുവാന്‍ ഞാന്‍ മറന്നു പോയോ?ഛെ! കളഞ്ഞു കുളിച്ചു, ഇനിയെന്താ ചെയ്യാ ഞാന്‍ അദ്ദേഹത്തെ നോക്കി,സാരമില്ല ഒന്നുകൂടെയെടുക്കാം എന്നെ സമാധാനിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.സന്തോഷത്തോടെ ഞാന്‍ അവരെ അകത്തേക്കിരുത്തി.എതിര്‍വശത്ത് ചെന്നയാള്‍ ഒരു കസേര വലിച്ച് എന്‍റെ അടുത്തേക്കിട്ടു.സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കസേരയിലിരുന്നു.

ഇരുന്നപാടെ ചോദ്യങ്ങള്‍ ഓരോന്നായി വന്നുതുടങ്ങി.മുന്‍പേ പഠിച്ച് വച്ച ഉത്തരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഞാന്‍ പറഞ്ഞു തുടങ്ങി.പക്ഷെ എത്രശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല.ഞാന്‍ വീണ്ടും പറഞ്ഞുനോക്കി.ദൈവമേ എന്‍റെ സംസാരശേഷി നഷ്ടപ്പെട്ടുവോ?ഞാന്‍ വാവിട്ടു നിലവിളിച്ചു.ഞാന്‍ പ്രാര്‍ത്ഥിച്ചു.ലോകത്ത് ഒരാള്‍ക്കും ഇങ്ങനെ ഗതികേട് വരുത്തരുതേ.

നല്ല അഭിനയത്തിനുള്ള അവാര്‍ഡ് ലഭിച്ച ഒരു നടന് അഭിമുഖത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടുവെന്നോ?ഇനി ആളുകള്‍ എന്തുപറയും.സ്വന്തം ശൈലിയില്‍,സ്വന്തം സ്വരത്തില്‍ ഡബ്ബിംഗ് ചെയ്താണ് ഈ അവാര്‍ഡ് കരസ്ഥമാക്കിയതെന്ന് വീമ്പുപറഞ്ഞിട്ട് ഇപ്പോള്‍ മിണ്ടാന്‍ പോലും കഴിയുന്നില്ലെന്നോ?

ഇനി അഭിനയം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും,ഡേറ്റ് കൊടുത്തിരിക്കുന്ന സംവിധായകരുടെ പട്ടിക ഇന്ത്യാഗേറ്റ് വരെ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്.മമ്മുട്ടിയും,മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നാളെ ആരംഭിക്കാനിരിക്കുകയാണ്.ഡയലോഗുകല്‍ എങ്ങനെ പറയും.ആലോചിക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുംപോലെ.തൊണ്ട വരളുന്നപോലെ.ഞാന്‍ ഒന്നുകൂടെ ശ്രമിച്ചു നോക്കി.ഇല്ല എന്‍റെ നാവ് അനങ്ങുന്നില്ല.കണ്ണ് തുറന്ന് ഞാന്‍ ചുറ്റും നോക്കി.ആകെ നിശബ്ദത.എങ്ങും കൂരാകൂരിരുട്ട്.സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ കരഞ്ഞു പറഞ്ഞു.

"അയ്യോ എന്‍റെ കണ്ണടിച്ചുoപോയേ...."

"എന്‍റെ സംസാരശേഷി പോയേ...."

ഈ ചെക്കന് ഉറക്കവുമില്ലേ?അമ്മ ഓടിവന്നു,പോയി കിടന്നുറങ്ങ് അമ്മൂമ്മ ശാസിച്ചു.ഞാന്‍ വാച്ചിലേക്ക് നോക്കി.സമയം 1.05a.m Gowariker ന്‍റെ പോളിമര്‍ ടെസ്റ്റും Tiwari യുടെ ഓര്‍ഗാനിക് ടെസ്റ്റും എന്നെ നോക്കി കളിയാക്കി ചിരിച്ചു.അപ്പോഴാണ് ഞാന്‍ സ്വപ്നത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയത്.തലേന്നാരോ പറയുന്ന കേട്ടു."പുസ്തകത്തില്‍ തലവെച്ച് കിടന്നാല്‍ കൂടുതല്‍ തലയില്‍ കയറുമെത്രേ."  അത് പരീക്ഷിക്കാന്‍ ഒന്നു കിടന്നതാണ്.കിടന്നാല്‍ ഉറങ്ങുമെന്നോ,കറണ്ട് പോകുമെന്നോ അവര്‍ പറഞ്ഞില്ല..ഛെ നാണക്കേടായിപോയി.വളിച്ച പുഞ്ചിരിയുമായി കിടക്കിയിലേക്ക് മറിയുമ്പോഴും സംസാരശേഷി തിരിച്ചു കിട്ടിയോ എന്ന സംശയമായിരുന്നു മനസ്സില്‍.അമ്മേ....ഞാന്‍..അത്...പിന്നെ....ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.കുരിശ് വരച്ചു കിടക്കാന്‍ ഉപദേശിച്ച് അമ്മൂമ്മയും കിടന്നു.അപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"നീ ഇങ്ങനെ നടന്നോ?"....

ദൈവമേ..അത് എന്ത് സ്വപ്നമായിരുന്നോ ആവോ...?




                                                                                                                                 






No comments:

Post a Comment