Wednesday, 30 November 2011

ജീവിക്കാന്‍ മറന്നു പോയവര്‍

ന്നത്തെ പ്രഭാതത്തിന് നല്ല വെണ്മയുള്ളതായി ചെറിയാനു തോന്നി.കുളിര്‍മ്മയില്‍ കുതിര്‍ന്ന ഒരുതരം വെണ്മ.ശരീരത്തില്‍നിന്ന് എല്ലാം അഴിച്ചുവച്ചപ്പോഴുള്ള ഭാരമില്ലായ്മയോടെ അയാള്‍ വീടിന്‍റെ വലിയ പൂമുഖത്തിട്ട കസേരയില്‍ ഇരിക്കുകയായിരുന്നു.പക്ഷെ മനസ്സില്‍ വലിയ ഭാരം തൂങ്ങിക്കിടക്കുന്നതായി ചെറിയാന് അറിയാമായിരുന്നു.ഇരുമ്പിന്‍റെ കട്ടിയുള്ള ഭാരം.

ഇന്നലെയാണ് ഉദ്യോഗത്തില്‍നിന്ന് അയാള്‍ പെന്‍ഷന്‍പറ്റിയത്.മുപ്പത്തിയന്ജു വര്‍ഷത്തെ സേവനത്തിനുശേഷമുള്ള പെന്‍ഷന്‍പറ്റല്‍.ഇന്നലെത്തന്നെ ഭാര്യയും പെന്‍ഷന്‍പറ്റിയെന്നത് തികച്ചും യാദ്രിച്ചികമായിരുന്നു.ചെറിയാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനത്തിലായിരുന്നു.റെയ്ച്ചല്‍ സംസ്ഥാന സര്‍വീസില്‍  ആധ്യാപികയും.

ഇന്നുമുതല്‍ ഒരു തിരക്കുമില്ല.രാവിലെയുള്ള ഷേവിങ്ങും കുളിയും ഡ്രസ്സ്‌ചെയ്യലും സ്കൂട്ടര്‍തുടക്കലും ഒന്നും വേണ്ടേ.എല്ലാത്തിനും സാവകാശമുണ്ട്.അവയൊക്കെ ഇനി എപ്പോള്‍ വേണമെങ്കിലും ആകാം.തിരക്കിട്ട് എവിടെപോകാനാണ്?പത്രം ആദ്യം മുതല്‍ അവസാനം വരെ വായിച്ചുതീര്‍ക്കാം.പിന്നെ സൗകര്യംപോലെയുള്ള ഉറക്കങ്ങളും.

അപ്പോള്‍ ഒരുകപ്പ് ചായയുമായി ഭാര്യ അടുത്തുവന്നിരുന്നു.റെയ്ച്ചലിനും തിരക്കൊഴിഞ്ഞു.പ്രാതല്‍ തയ്യാറാക്കേണ്ട.ഉച്ചക്കുള്ളതുകൂടിയുണ്ടാക്കി രണ്ടുപേരുടെയും ടിഫിന്‍ കാരിയറില്‍ വയ്ക്കേണ്ട.ക്ലാസ്സിലേക്കുള്ള നോട്ട്സ് തയ്യാറാക്കേണ്ട.ഇനി ജീവിതം ആയാസരഹിതം."വാസ്തവത്തില്‍ നമ്മുടെ ജീവിതം മുഴുവന്‍ കഷ്ടപാടും ദുരിതവും മാത്രമായിരുന്നില്ലേ?"

ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് അതു പറഞ്ഞപ്പോള്‍ റേയ്ച്ചലിനു അത്ഭുതമാണ് തോന്നിയത്."അതെന്താണ് അങ്ങനെ തോന്നിയത്?"റെയ്ച്ചല്‍ ചോദിച്ചു.

"നമ്മള്‍ സംസാരിക്കുമ്പോള്‍ ഇതിനുമുന്‍പ് പലതവണ ഇതു സൂചിപ്പിച്ചിട്ടുല്ലതല്ലേ?നാലു മുറികളുള്ള ഇത്രയും വലിയ വീട് നമുക്കാവശ്യമുണ്ടായിരുന്നോ?"നമുക്കുവേണ്ടി മാത്രമല്ലല്ലോ,ഭാവിയില്‍ മക്കള്‍ക്കും കൂടിയല്ലേ വീട്."റെയ്ച്ചല്‍ ന്യായവാദം നടത്തി.

"ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോള്‍ പിന്നെ നിനക്കു പ്രസവിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാമായിരുന്നല്ലോ?മക്കള്‍ക്ക്‌ ഭാവിയില്‍ താമസിക്കാനാണ് ഇത്രയും വലിയ വീടുപണിതതെന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.പണമുള്ള നമ്മുടെ ചില ബന്ധുക്കളുടെ നിലവാരത്തിലെത്താനുള്ള പത്രാസില്‍ പണിതവീട്.ഇതു പണിയാന്‍വേണ്ടി  വാങ്ങിയ വലിയ വായ്പ.ഇക്കഴിഞ്ഞ വര്‍ഷംവരെ ഇന്‍സ്റ്റാള്‍മെന്‍റ്  അടച്ചല്ലേ ആ വായ്പ തീര്‍ത്തത്."

"എന്തായാലും ഒരു നല്ല വീടുണ്ടായില്ലേ?"

"ഉണ്ടായി.അതില്‍ താമസിക്കാന്‍ നമ്മുടെ മകനും കുടുംബവും എവിടെ?അവന്‍ അമേരിക്കയില്‍ പോയി മദാമ്മയെ കല്യാണം  കഴിച്ച് അവിടെ സ്ഥിര താമസവുമാക്കി.ഇനി ഒരു വെള്ളാനപോലെ ഈ വീട് നമ്മുടെ കൈയ്യില്‍." ഇതു പറഞ്ഞുകൊണ്ട് ചെറിയാന്‍ ഒരു കവിള്‍ ചായ അകത്താക്കി.

"അതുകൊണ്ടുമായില്ല.വായ്പയെടുത്ത് ഒരു കാറും വാങ്ങി.ഒരു മാസത്തില്‍ ഒന്നോ രണ്ടോ തവണയല്ലാതെ എപ്പോഴെങ്കിലും നാം ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടോ? ഒരു വലിയ പൊങ്ങച്ചത്തിനുവേണ്ടി ഒരു ചത്ത കുതിരപോലെ കാര്‍പോര്‍ച്ചില്‍ ഇക്കാലമത്രയും ഈ കാര്‍  കിടക്കുകയല്ലേ? കാറു വാങ്ങാന്‍ വായ്പയെടുത്തതിന് ഓരോ മാസവും തിരിച്ചടയ്ക്കേണ്ട ഇന്‍സ്റ്റാള്‍മെന്‍ന്റിന്‍റെ ഒരംശമുണ്ടായിരുന്നെങ്കില്‍ ഒരു ടാക്സിയെടുത്ത് നമ്മുടെ ആവശ്യത്തിനു യാത്രചെയ്യാമായിരുന്നു.അല്ലങ്കില്‍തന്നെ എന്താവശ്യം?ബന്ധുക്കളുടെയും കൂട്ടുകാരുടെയും കല്യാണച്ചടങ്ങുകള്‍ക്കും മറ്റും പോകാന്‍ പൊങ്ങച്ചത്തിന് ഒരു കാര്‍.ഇക്കാലമത്രയും എല്ലക്കാര്യത്തിനും ഈ സ്കൂട്ടറിലല്ലേ ഞാനും നീയും യാത്രചെയ്തത്?"

"നടന്നതൊക്കെ നടന്നു.ഇനി ഇതുപറഞ്ഞ് ദുഃഖിച്ചിട്ടു കാര്യമുണ്ടോ?"റെയ്ച്ചല്‍ ചോദിച്ചു."ദുഃഖിക്കുകയല്ല.ചുമ്മാ പറഞ്ഞതാ.എല്ലാം പൊങ്ങച്ചത്തിനുവേണ്ടി മാത്രം ചെയ്തുകൂട്ടിയതല്ലേ?പിന്നെ വീടിനുള്ളില്‍ വാങ്ങിക്കൂട്ടിയ എത്രയോ ഉപകരണങ്ങള്‍.എല്ലാം ബന്ധുക്കളും മറ്റുള്ളവരോ വരുംമ്പോള്‍ കാണാന്‍വേണ്ടി മാത്രം വാങ്ങിയതല്ലേ?".അപ്പോള്‍ റെയ്ച്ചല്‍ പറഞ്ഞു"ഇതെല്ലാം സ്വന്തമായുണ്ടായില്ലെ" ചെറിയാന്‍ പറഞ്ഞു"ശരിയാണ് പക്ഷെ അതിന് നാം നല്‍കിയ വിലയോ?" സന്തോഷത്തോടെയോ ശാന്തമായോ ജീവിക്കാന്‍ കഴിഞ്ഞോ?നല്ല ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ?പിന്നെ എവിടെനിന്നെല്ലാം നാണംകെട്ടു വായ്പകള്‍ വാങ്ങി.എന്നും പ്രാരാബ്ധങ്ങള്‍ മാത്രമായ ഒരുതരം അഡ്ജസ്റ്റ്മെന്റ് ജീവിതം."

"റെയ്ച്ചലെ ഡൈനിങ്ങ്‌റൂമിലെ ഷോക്കേസില്‍വച്ചിട്ടുള്ള ഡിന്നര്‍സെറ്റ്‌ ഇന്നു പുറത്തെടുത്ത് നീ ഉച്ചക്കതില്‍ നമുക്കു ചോറുവിളമ്പണം"റെയ്ച്ചല്‍ ആദ്യം ഒന്ന് സംശയിച്ചു കാരണം ആറായിരം രൂപ കൊടുത്ത് വാങ്ങിയതാണ് അത്.എത്ര വര്‍ഷമായ് ഇതു വരെ ഉപയോഗിച്ചട്ടില്ല.മത്തി വറ്റിച്ചതായാലും കപ്പപുഴുക്ക് ആയാലും അതല്ലേ നമ്മുടെ ഉച്ചയൂണും അത്താഴവും.ഈ അത്താഴമെന്ന വാക്കിന്‍റെ ഇംഗ്ലീഷ് പദമല്ലേ ഡിന്നര്‍ എന്നത്.

ഇതുപറയുമ്പോള്‍ ചെറിയാന്‍റെ മുഖത്ത് ദൈന്യതനിറഞ്ഞ ഒരു ചെറുപുഞ്ചിരിയാണ് വിടര്‍ന്നത്.

സി.നമ്പര്‍ 2041 പൂജപ്പുര

ബുവിന്‍റെ മടിയില്‍ തല ചായ്ച്ച് അയാളുടെ പൊന്നുമോള്‍ ഐഷ ഉറങ്ങുകയാണ്‌.ഇനി ഏതാനും മണിക്കൂര്‍ മാത്രം ഈ സ്പര്‍ശനം.ട്രെയിന്‍ ഒരു സ്റ്റോപ്പില്‍ നിന്നു.യാത്രക്കാരുടെ ബഹളം.അയാള്‍ ഒന്നും അറിയുന്നില്ല.അയാള്‍ ഓര്‍ത്തുപോയി.ഏഴുവയസ്സുള്ള തന്‍റെ പൊന്നുമോള്‍ തങ്ങളുടെ വേര്‍പിരിയല്‍ അറിയാതെ ഉറങ്ങുന്നു.ദൈവമേ ഇവളെ ഞാന്‍ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല.ലോകം എന്തന്നറിയാത്ത തന്‍റെ മോളുടെ ജീവിതം ഇനിയെന്ത്‌.

ഐഷമോള്‍ ജനിക്കുന്നതിന് മുന്‍പ് അവളുടെ ഉമ്മ നിമിത്തം ഉണ്ടായ ഒരു കൊലക്കേസിന്‍റെ വിധിയാണ് ഇന്ന്.ഐഷമോള്‍ ജനിച്ചു ആറുമാസം ആയപ്പോള്‍ അവളെയും തന്നെയും ഉപേക്ഷിച്ചുപോയതാണു മോളുടെ ഉമ്മ.ഇപ്പോള്‍ അവള്‍ വേറെ ഒരാളെ വിവാഹം കഴിച്ചു ഗള്‍ഫില്‍ ആണന്നു മാത്രം തനിക്ക് അറിയാം.ഉമ്മ ഇല്ലാത്ത ദുഃഖം ഒരിക്കലും അബു മകളെ അറിയിച്ചിരുന്നില്ല.ആരും സഹായിക്കാന്‍ ഇല്ലാത്ത തന്‍റെയും മകളുടെയും ഇനിയുള്ള ജീവിതം സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല.കേസില്‍ ശിക്ഷ ലഭിക്കും എന്നാണു വക്കീല്‍ പറഞ്ഞത്.തന്നെ പിരിയുന്ന ഐഷമോളുടെ വിഷമം ഊഹിക്കാവുന്നതേയുള്ളൂ.ഇത്രയും നാള്‍ അവളുടെ ഉമ്മയും ബാപ്പയും കൂട്ടുകാരും താന്‍ മാത്രമായിരുന്നു.ഒരു നിമിഷംപോലും തന്നില്‍നിന്നും പിരിഞ്ഞു നിന്നിട്ടില്ല.ഭക്ഷണം കൊടുക്കുന്നതും കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ വിട്ടിരുന്നതും താനായിരുന്നു.അയാള്‍ നെഞ്ചുരുകി വിലപിച്ചു.തനിക്കു വഴിപിഴച്ച ആ നിമിഷത്തെ ഓര്‍ത്തു.ഇനി എല്ലാം ദൈവം നിശ്ചയിച്ചതുപോലെ.

കോടതിയില്‍ പ്രതികൂട്ടില്‍ അബുവിന്‍റെ കൂടെ ഐഷമോളും കയറി.ഉടന്‍ ജഡ്ജി ചോദിച്ചു.കുട്ടിയെ എന്തിനു കൊണ്ടുവന്നു എന്ന്.ഒരു നിമിഷം വാക്കുകല്‍ക്കായ് അബു പരതി.നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല അയാള്‍ക്ക്.പൊട്ടികരഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകളുടെ അനാഥത്യം കോടതിയെ അറിയിച്ചു.അയാളുടെ സങ്കടം മനസ്സിലാക്കിയ കോടതി ഐഷമോളെ പുവര്‍ഹോമില്‍ വിടുവാന്‍ ഉത്തരവായി.ഉടന്‍ ഒരു വനിതാപോലീസ് വന്നു അബുവിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചു നിന്ന ഐഷമോളെ പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്നെ കോടതി അബുവിനുള്ള ശിക്ഷയും വിധിച്ചു.ജീവപര്യന്തം.പോലീസുകാരന്‍ വന്ന് അയാളെ വിലങ്ങു വെച്ചു പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്‍റെ പോന്നുമോളുടെ ഉച്ചത്തിലുള്ളകരച്ചില്‍കേട്ട് അയാള്‍ സ്തംഭിച്ചുപോയി.അവള്‍ വിളിച്ചുപറയുന്നത്"വാപ്പച്ചി....മോളെ വിടാന്‍ പറ....വാപ്പച്ചി മോളെ കൊണ്ടുപോകല്ലെന്നുപറ....വാപ്പച്ചി വാപ്പച്ചിടെ പൊന്നുമോളെ വാപ്പിച്ചിയുടെ കൂടെ വിടാന്‍ പറ....വാപ്പച്ചിടെ മോള്‍ക്ക്‌ വെള്ളം വേണം....വിശക്കുന്നു വാപ്പച്ചി...."അന്നേരമാണ് അയാള്‍ ഓര്‍ത്തത്‌....താനും മകളും രാവിലെ മുതല്‍ ഒന്നും കഴിച്ചില്ലല്ലോ എന്ന്.ഐഷയുടെ കരച്ചില്‍ കേട്ട് പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.ഐഷയെ പോലീസുകാര്‍ ബലമായ് പിടിച്ചുകൊണ്ടുപോകുന്നു.അബു വിലപിച്ചു.ഒരു തെറ്റും ചെയ്യാത്ത തന്‍റെ പൊന്നുമോള്‍ക്ക്‌ ഈ ഗതി വന്നല്ലോ.അബുവിനെയുംകൊണ്ടു പോലീസുകാര്‍ ജയിലിലേക്കു യാത്രയായി.

കാലങ്ങള്‍ കടന്നുപോയി.ഐഷമോള്‍ ഇപ്പോള്‍ വലിയകുട്ടിയായി.അവള്‍ക്കു പതിനഞ്ചുവയസ്സായി.ഇപ്പോള്‍ അബു ജയിലില്‍ ജോലിചെയ്തുകിട്ടുന്ന രൂപാ ഐഷമോള്‍ക്ക് അയച്ചുകൊടുക്കും.പുത്തന്‍ ഉടുപ്പും കമ്മലും പാദസ്വരവും ഇട്ടു സുന്ദരിയായി ഐഷമോള്‍ പുവര്‍ഹോം സൂപ്രണ്ടിന്‍റെ കരുണയാല്‍ വിശേഷദിവസങ്ങളില്‍ തന്‍റെ വാപ്പച്ചിയെ കാണാന്‍ പോകും.ഉമ്മയെക്കുറിച്ചുയാതൊന്നും അവള്‍ വാപ്പച്ചിയോടു ചോദിക്കത്തില്ല.ഈ കൂടികാഴ്ചയില്‍ ഐഷയും അബുവും ദുഃഖങ്ങള്‍ മറന്നു സന്തോഷിക്കുന്നു.ഇനിയും എത്രനാള്‍,ഈ ജീവിതം കാലത്തിന്‍റെ മുറിവ് ഉണക്കും എന്ന് വിശ്വസിച്ചു എല്ലാ  ദുഃഖങ്ങളും അല്ലാഹുവിനു സമര്‍പ്പിച്ചു ഓരോ ദിവസവും സന്തോഷവാനായി ജയിലില്‍ കഴിയുന്നു.

ഒരു ക്രിസ്തുമസ് രാത്രിയില്‍

ഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ മാസം.ആളൊഴിഞ്ഞ വീടിന്‍റെ പിന്‍ഭാഗത്തുള്ള ഒരു വിറകുപുരയില്‍ എവിടെ നിന്നോ വന്ന രണ്ടു  തെണ്ടിപ്പട്ടികളും അവയുടെ പറക്കമുറ്റാത്ത ഏതാനും കുഞ്ഞുങ്ങളും കൂടി പാര്‍ത്തിരുന്നു.അതിനടുത്തായിട്ടാണ് ആ ഭാഗത്ത്‌ താമസിക്കുന്ന വീട്ടുകാര്‍  മാലിന്യങ്ങള്‍ നിക്ഷേപിചിച്ചിരുന്നത്.മഞ്ഞു കാലമായതിനാല്‍ ആ പട്ടികൂട്ടം അധികം പുറത്തിറങ്ങാറില്ല.പെണ്‍പട്ടി തന്‍റെ കുഞ്ഞുങ്ങളെ മാറിലടുക്കി കിടത്തും.കുഞ്ഞുങ്ങള്‍ അമ്മയുടെ മാറിലെ ചൂടുപറ്റി കിടന്നുറങ്ങും.സദാസമയവും അങ്ങിനെത്തന്നെ.വിശക്കുമ്പോള്‍ ആണ്‍പട്ടി മാലിന്യകൂമ്പാരത്തില്‍ ചെന്ന് അവിടം ഇളക്കിമറിച്ച് കിട്ടുന്ന ഭക്ഷണം കഴിച്ച് ഭാക്കിവരുന്നത് വായില്‍ കടിച്ചുകൊണ്ടുവന്ന് പെണ്‍പട്ടിക്ക് കൊടുക്കും.ഞൊണ്ടി ഞൊണ്ടിയാണ് ആണ്‍പട്ടിയുടെ നടപ്പ്.ഏതോ വികൃതി പയ്യന്‍ ആണ്‍പട്ടിയുടെ കാല് എറിഞോടിച്ചിട്ടുണ്ട്.ഏതായാലും ഭക്ഷണം പെണ്‍പട്ടിക്ക് എത്തിച്ചുകൊടുക്കാന്‍ മറക്കില്ല.കാരണം മക്കളെ പാലൂട്ടണ്ടതല്ലേ.

അന്നും പതിവുപോലെ വര്‍ഷംതോറുമുള്ള ക്രിസ്ത്മസ് രാത്രിയും വന്നെത്തി.ഈശോയുടെ ജന്മദിനം.ദൈവം തന്ന പുണ്യസമ്മാനം.

നാടാകെ നക്ഷ്ത്രങ്ങളും അലങ്കാരങ്ങളും വെളിച്ചവും ആണ്‍പട്ടി ആ ദിവസം ഉറങ്ങാതെ കറങ്ങി നടന്നു.സമയം അര്‍ദ്ധരാത്രിയായി.തിരിച്ചു വാസസ്ഥലത്തെക്ക് നടന്ന് ഒടുവില്‍ മാലിന്യ കൂമ്പാരത്തിന്നടുത്തെത്തി.പെട്ടന്ന് ആരോ ഒരു പൊതികെട്ട് മാലിന്യകൂമ്പാരത്തിലേക്ക് വലിഛെറിഞ്ഞിട്ട് വേഗം നടന്നുപോകുന്നത് കണ്ടു.നായ് ഓടിചെന്ന് കോളടിച്ച സന്തോഷത്തോടെ പൊതിക്കെട്ട് മണപ്പിച്ചുനോക്കി.അത്ഭുതം!ചുരുട്ടിപ്പിടിച്ച കൈകളുമായി ഒരു മനുഷ്യകുഞ്ഞിന്‍റെ കരച്ചില്‍.പാതി തുറന്ന കണ്ണുകളുമായി കുഞ്ഞിളംകാലുകള്‍ ചലിപ്പിച്ച്‌ തണുപ്പില്‍ കുഞ്ഞു വിറകൊള്ളുന്നു.

നായ് ചിന്തിച്ചു.'ആരാണ് ഈ പിഞ്ചുകുഞ്ഞിനെ ഈ ഇരുളില്‍ ഈ കൊടും തണുപ്പില്‍  ഈ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത്?ഈ കുഞ്ഞിനെ കൊണ്ടിട്ടുപോയ ആള്‍ എവിടെ?'ചുറ്റും നോക്കി.ആരെയും കാണുന്നില്ല.നായയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവന്‍ ഓടിഛെന്ന് കൂട്ടുകാരിയെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പൊതിക്കെട്ടു കിടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവന്നു.പൊതിയിലെ കുഞ്ഞിനെ കണ്ടു പെണ്‍പട്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു.ഇരുവരും ചേര്‍ന്ന് പൊതികെട്ടിന്‍റെ ഇരുവശങ്ങളിലുമായി കുഞ്ഞിന് പ്രയാസം വരാത്ത രീതിയില്‍ കടിച്ച്‌പിടിച്ച് കൊണ്ട് സാവധാനം നടന്നു.വഴിയിലെങ്ങും ആരെയും കാണാനില്ല.അങ്ങിനെ നടന്ന്‌ അവര്‍ താവളമടിച്ചിരുന്ന വീടിന്‍റെ സമീപത്ത് ഉള്ളൊരു വീട്ടില്‍ പൊതികെട്ടുമായി ചെന്ന് കാലുകൊണ്ട് മുട്ടി ഒരു ശബ്ദമുണ്ടാക്കി.അവിടെനിന്നും ഒരു പ്രതികരണവുമില്ലാതായപ്പോള്‍ അതിനടുത്തുള്ള വീടിന്‍റെ വാതില്‍ക്കല്‍ മുട്ടി.അവിടെയും തഥൈവ.തുടര്‍ന്ന് ആ പരിസരത്തുള്ള എല്ലാ വീടിന്‍റെയും വാതില്ക്കല്‍ മുട്ടിനോക്കിയെങ്കിലും ഒറ്റ വീട്ടില്‍ നിന്നും ഒരു മറുപടി ശബ്ദവും കേട്ടില്ല.നക്ഷത്രങ്ങള്‍ മനോഹരമായ വെളിച്ചം നല്‍കികൊണ്ട് ഈശോയുടെ വരവ് വിളിച്ചറിയിച്ചു വീടുകളില്‍ തൂങ്ങികിടപ്പുണ്ട്.

പട്ടികള്‍ കടിച്ചുപിടിച്ച പൊതിയുമായി വീണ്ടും മടങ്ങിവന്ന് തങ്ങളുടെ വാസസ്ഥലത്തിനു സമീപം ആദ്യം മുട്ടിയ വീടിന്‍റെ വാതില്‍ക്കല്‍ തന്നെ വാതിലില്‍ മുട്ടി വീണ്ടും ശബ്ദമുണ്ടാക്കി.ആ വീട്ടിലെ താമസക്കാരായ ദമ്പതികള്‍ തൊട്ടടുത്തുള്ള ദേവാലയത്തിലെ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത് തിരിഛെത്തിയിട്ടുണ്ടായിരുന്നു.ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു പൊതിക്കെട്ട് വാതില്‍ക്കല്‍ വെച്ചിട്ട് രണ്ടു പട്ടികള്‍ ഓടിപോകുന്നതുകണ്ടു.

അവര്‍ ആ പൊതിക്കെട്ട് സൂക്ഷിച്ചുനോക്കി അന്തിച്ചുനിന്നു.അത് അനങ്ങുന്നുണ്ടായിരുന്നു.അത്ഭുതം!കുഞ്ഞിളം കൈകള്‍ ചുരുട്ടിപ്പിടിച്ച് കുഞ്ഞിളം കാലുകള്‍ ചലിപ്പിച്ച്‌ പാതിതുറന്ന കണ്ണുകളുമായി മാലാഖപോലൊരു മനുഷ്യശിശു.തണുപ്പുകൊണ്ട് അതിന്‍റെ ചുണ്ടുകള്‍ വിറകൊള്ളുന്നുണ്ട്.കരയാന്‍ പോലും ശക്തിയില്ലാതെ അത് ഞെരുങ്ങുന്നുണ്ടായിരുന്നു.

മക്കളില്ലാത്ത ആ സ്ത്രീയുടെ ഹൃദയം ശക്തിയായി തുടിച്ചു.ഏതു ഹൃദയ ശൂന്യനാണ് ഈ പിഞ്ജോമനയെ ചവറ്റുകൊട്ടയില്‍ വലിഛെറിഞ്ഞുകളഞ്ഞത്.അടുത്ത ദിവ്യബലിക്കായുള്ള അറിയുപ്പുമായ് പള്ളിയില്‍ നിന്നും മണിനാദം മുഴങ്ങുന്നുണ്ടായിരുന്നു.ദമ്പതികള്‍ ആ പൊതികെട്ടുമായി നേരെ പള്ളിയിലേക്ക് ഓടി.അവിടെപള്ളിമുറ്റത്ത്‌ ഉണ്ണിയേശുവിനെ അലങ്കരിച്ച പുല്‍കൂട്ടില്‍ പൊതികെട്ട് വെച്ച് വണങ്ങി.മക്കളില്ലാത്ത തനിക്ക് നിധിപോലെ കിട്ടിയ മാലാഖപോലൊരു കുഞ്ഞിനെ ഉണ്ണിയേശുവിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് തൊട്ടുമുത്തി വണങ്ങി.ഉടനെ അവര്‍ ഉടുത്തിരുന്ന സാരിയില്‍ കിടത്തി പുതപ്പിച്ചു മാറോടണച്ചുകൊണ്ട് ആ രാത്രിയില്‍ തന്നെ തന്‍റെ വാല്‍സല്യനിധിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.ആശുപത്രി അധികൃതര്‍ വേണ്ട ശുശ്രൂഷകള്‍ ഉടനടി നല്‍കി കുട്ടിയെ രക്ഷിച്ചു.

നേരം വെളുത്തു.കുട്ടികളേയും കൊണ്ട് ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തി ഉടനെ അടുത്തുള്ള വീടിന്‍റെ വിറകുപുരയില്‍ പട്ടികളെ അന്വേഷിച്ചുചെന്നു അവയെ കണ്ടെത്താനായില്ല.അവര്‍ കുഞ്ഞുങ്ങളുമായി സ്ഥലം വിട്ടിരുന്നു.എത്രയോ ജീവനുകളാണ് ചവറ്റു കൊട്ടയില്‍ വലിച്ചെറിയപ്പെടുന്നത്.വിമാനത്തിലെ ടോയ്ലറ്റില്‍.വാഷിംഗ്‌ മെഷീനില്‍ തുടങ്ങി പിന്ജോമനകളെ പല വിധത്തിലും തള്ളപ്പെടുന്നുണ്ട്.

'ജീവിധത്തില്‍ വിലപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളാണ്‌..........'

ജീവിതയാത്ര

ഇരുളിന്‍റെ കാഠിന്യം കുറഞ്ഞിരുന്നു

നേര്‍ത്ത നിലാവെട്ടം എത്തിനോക്കുന്നു

ശിരസ്സില്‍ ഭാരം ഏറിവരുന്നു

അര്‍ത്ഥഗര്‍ഭമായ് ചിരിച്ചുനില്‍ക്കുന്നു

ശിഷ്ടകാലത്തിന്‍റെ മാത്രം പ്രതീക്ഷകളുമായ്

ദിനങ്ങള്‍ ഒരു പിടി പുഷ്പങ്ങളാക്കി

ജീവിതത്തില്‍ നിറങ്ങള്‍ പൂശുന്നവര്‍

അവരുടെ ആഗ്രഹങ്ങളെല്ലാം കവര്‍ന്നെടുക്കുകായ്

മനസ്സിനെ പീഡിതമാക്കി വിഹരിക്കും സമൂഹവിപത്ത്

ഇറങ്ങി അവര്‍ വീണ്ടും ജൈത്രയാത്രപോല്‍

മാനവസൃഷ്ടിയുടെ ആഗ്രഹിക്കാത്ത ഓര്‍മ്മകളിലൂടെ.....

Tuesday, 29 November 2011

THE CONSCIENCE

I Saw Her in the online community
Felt stunned in the hue of terror

Images showed multiforms of crimes to Her
And scenes of people live in fear.

Haughty hands with snowy guns show treat to human life,
Send the peaceful and happy days of vale into oblivion,by the conflict.







അസ്തമയത്തിനുമപ്പുറം

ടിഞ്ഞാറന്‍ ചക്രവാളം ഒരിക്കല്‍ക്കൂടി അരുണിമയണിയാന്‍
തുടങ്ങിയിരിക്കുന്നു.അകലെയെങ്ങോയുള്ള കൂടുകള്‍ ലക്ഷ്യമാക്കി
പക്ഷികൂട്ടം മടക്കയാത്ര തുടങ്ങിയിരിക്കുന്നു.കോള്‍പടവിലെ
ആമ്പല്‍പൂക്കളെല്ലാം പാതിമിഴിയടച്ചിരിക്കുന്നു.ഈ ഏകാന്തതയില്‍
മനസ്സിലെന്തോ നനുത്ത ദുഃഖച്ചായ പരക്കുന്നു.എങ്കിലും ഒരു ആശ്വാസം
തരുന്നത് സന്ധ്യക്ക് തനിചുള്ള ഈ ഇരിപ്പുതന്നെയാണ്.അതല്ലെ ജിനോയും
പോളും വിളിച്ചട്ടും ക്ലബ്ബില്‍ കൂടെ പോകാതെയിരുന്നത്.തോട്ടിലെ
വെള്ളത്തിലേക്ക് കാലുകളിട്ട് ഇങ്ങനെ വരമ്പത്തിരിക്കുമ്പോള്‍
പെങ്ങളുടെ കൂടെ  ഉല്ലസിച്ചുനടന്ന ബാല്യകാലം മനസ്സില്‍ തെളിയാന്‍
തുടങ്ങും.

"മാത്തുക്കുട്ടീ..........തോട്ടീകുളിക്കാന്‍ പോണ്ടേ" സന്ധ്യയ്ക്ക് അവളെന്നും
ഈ മാത്തുകുട്ടിയെന്ന തന്നോടു ചോദിക്കുന്ന ചോദ്യമായിരുന്നു.

"അതുപിന്നെ ചോദിക്കാനുണ്ടോ പൊന്നൂസെ" കൂടുതല്‍ സ്നേഹം
വരുമ്പോള്‍ അമ്മ വിളിക്കുന്നതു പോലെയാണ് ഞാനും അവളെ വിളിച്ചി
രുന്നത്.തുടര്‍ന്ന് സോപ്പും തോര്‍ത്തുമെടുത്ത് പെങ്ങളേയും വലിച്ചു
കൊണ്ട് ഒരു ഓട്ടമാണ്.ആദ്യം നീന്തല്‍,പിന്നെ വരമ്പത്തിരുന്ന്
പരദൂക്ഷണം.കുളികഴിഞ്ഞ് ഉടുപ്പുമിട്ട് വീട്ടിലേയ്‌ക്കോടാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ പുറകില്‍നിന്നു പാടും.

" ചന്ദനത്തില്‍ കടഞ്ഞെടുത്തോരൂ

   സുന്ദരീ ശില്‍പം.....ആരാ?"

"ചേട്ടന്‍റെ പൊന്നൂസ് അല്ലാതെയാരാ" എന്നു പറഞ്ഞ് അവള്‍ ഓട്ടം
നിറുത്തി എന്നെയുരുമ്മി നടക്കും.അപ്പോള്‍ അവള്‍ടെ
മുഖത്തുവിരിയാറുള്ള കൊഞ്ചല്‍ മനസ്സില്‍  പതിപ്പിച്ചപോലെ ഇപ്പോഴും
ഉണ്ട്.ഏറെ സന്തോഷംവിതറി ബാല്യത്തില്‍ മുഴുവന്‍ നിറഞ്ഞുനിന്ന
പെങ്ങള്‍.പക്ഷെ.....എല്ലാം ഓര്‍മ്മയായി മാറിയത് വളരെ
പെട്ടന്നായിരുന്നു.ലാബിലെ അപകടം....കെട്ടിപൊതിഞ്ഞ പൊന്നൂസിന്‍റെ
ശരീരം...കരഞ്ഞുതളര്‍ന്നുകിടന്ന അമ്മ......അമ്മിഞ്ഞപാലിനായ് കിണുങ്ങി
നടന്ന റോസ്മോള്‍.....സെമിത്തേരിയിലേക്കുള്ള അവള്‍ടെ അവസാനയാത്ര.....
മനസ്സ് മരവിച്ചപോലെ തോന്നുന്നു.

"ആശാനേ,ആര്‍ യു ഇന്‍ എ റെവ്റി?" ചോദിച്ചത് സൈക്കിളില്‍  വന്ന സ്റ്റാന്‍ലി മോനാണ്,വടക്കേതിലെ ജോസേട്ടന്‍റെ മകന്‍.അവന്‍
ക്ലാസ്സില്‍ നിന്നും വരുന്ന വഴിയാണ്.ഓര്‍മകള്‍ക്ക് മൂടുപടമിട്ടു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടുപറഞ്ഞു.

"ഓ....നോ ഡിയര്‍.ഐയം വെയ്റ്റിങ്ങ് മൈ ഫ്രണ്ട്സ് കമിങ്ങ് ബാക്ക് ഫ്രം ക്ലബ്‌."

"ഓകെ ദെന്‍.ഞാന്‍ പോട്ടെ.ഐ ഹേവ് ടു പ്രോജെക്ട്സ് ടു കമ്പ്ലീറ്റ്‌ ബൈ ടുഡെ ഇറ്റ്‌സെല്‍ഫ്‌".

പാവം കുട്ടി കുശലം പറയാന്‍പോലും നേരം കിട്ടുന്നില്ല അവന്.അവനുമാത്രമല്ല ആര്‍ക്കും ആരോടും സംസാരിച്ചിരിക്കാന്‍ നേരമില്ല.എവിടെയും തിരക്കോടുതിരക്ക്.പണ്ട്
വടക്കേപാടത്തെ ബണ്ടിലൂടെ വല്ലപ്പോഴും മാത്രം ആരെങ്കിലും പോയിരുന്നതാ.എന്നാലിന്നോ എന്താതിരക്ക്!അങ്ങോട്ടുമിങ്ങോട്ടും ചീറിപാഞ്ഞുപോകുന്ന വാഹനങ്ങളുടെ തിരക്കും ഇവിടെയിരുന്നാല്‍ കാണാമെന്ന ഗുണമുണ്ട്.അപ്പൂപ്പന്‍ മീന്‍പിടുത്തക്കാരെ കാണിച്ചുതരാന്‍ തന്നെയും കൊണ്ടുപോകാറുള്ള ബണ്ടായിരുന്നു അത്.രണ്ടു കരകള്‍ തമ്മിലുള്ള പ്രധാന റോഡായി എത്ര പെട്ടന്നാണതു മാറിയത്.അങ്ങോട്ടു നോക്കാന്‍ വയ്യ.വാഹനങ്ങളുടെ ജാഥ തന്നെ,അതിനിടയിലൂടെ നീല ലൈറ്റിട്ട് ചൂളമടിച്ചുകൊണ്ട്  ഒരു ആംബുലന്‍സും കടന്നുപോയികൊണ്ടിരിക്കുന്നു.അമ്മൂമ്മയെ പോലെ ഏതോ ഒരു രോഗിയേയും കൊണ്ടുള്ള യാത്രയാകാം അതിന്‍ന്‍റെ.

അമ്മൂമ്മ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍ തുടങ്ങിയട്ട് ഒരു വര്‍ഷതോളമായിരിക്കുന്നു.സ്നേഹംകൊണ്ട് തന്നെ വീര്‍പ്പുമുട്ടിച്ചയാള്‍.മുറിയും ചട്ടയും ആയിരുന്നു വേഷം,പുഴുങ്ങി അലക്കിയ അതിന്‍റെ മണം ഒന്ന് വേറിട്ടത് തന്നെ.ആദ്യമായി ജോലിക്കു വിദേശത്തു പോകുമ്പോള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

"മാത്തുകുട്ടീ ഇനി എന്‍റെ കുട്ടി ഞങ്ങളെ മറക്കുമോ"?

ഉത്തരം പറഞ്ഞത് കരഞ്ഞട്ടായിരുന്നു.

"നമുക്ക് എല്ലാം തിരിച്ചുപിടിക്കണ്ടേ അതാ.....അമ്മൂമ്മക്ക് തണുപ്പ് സഹിക്കില്ല അതാ കൂടെ കൊണ്ട്പോകാത്തത്".

"അതൊക്കെ ഞാന്‍ സഹിച്ചോളാം ഈ മിണ്ടാപ്രാണികളുടെ കൂടെ ഞാന്‍ ഒറ്റക്ക് എന്തുചെയ്യാനാ ഞാനും വരുന്നുകൂടെ,തണുപ്പുണ്ടെങ്കിലും ഞാന്‍ സഹിച്ചോളമെടാ.ഏഴുപത്തഞ്ചു വയസ്സു  കഴിഞ്ഞു രണ്ടു ഹാര്‍ട്ട്സര്‍ജറിയും കഴിഞ്ഞു.ഇനി ദൈവം വിളിച്ചാല്‍ മതി,അതുവരെ നിന്‍റെ കൂടെ കഴിയട്ടെ.മക്കള്‍ക്കോ സമയമില്ല പേരകുട്ടികള്‍ടെ കൂടെയെങ്കിലും കഴിയട്ടെയെന്നാകും ദൈവവിധി.എപ്പോഴും ഓടിയെത്താനൊന്നും മക്കള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല.അവര്‍ക്കും അവരുടെ
ജോലിയും ഭാവിയും നോക്കാതെ പറ്റ്യോ."

ആ വാക്കുകള്‍ കേട്ടാല്‍ അറിയാം മക്കളോടുള്ള സ്നേഹം.എന്താ ഒരു കോണ്‍ഫിടന്‍സ്.അറിവും ദൈവഭക്തിയും എന്തും സഹിക്കുവാനുള്ള സന്നദ്ധതയും.


മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും അമ്മൂമ്മയുടെ കൈകൊണ്ട് വച്ച ഭക്ഷണം മതി.പുള്ളികാരിയും നന്നായി ആസ്വദിച്ചു ഓരോ ദിവസവും.ഒരിക്കല്‍ തന്നോട് പറഞ്ഞു "ടാ..... മാത്തുകുട്ടി ഇവിടെ എന്തിനാ കിടക്കണേ നമുക്ക് തിരിച്ചു പോകാം നാട്ടില്‍ എന്തേലും തുടങ്ങ്‌.പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം ഇവിടെ കിടന്നിട്ട് എന്തിനാ."(ഒരിക്കല്‍ എന്‍റെ ഒരു സുഹ്രുത്തും ഇതേ അഭിപ്രായം പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം)

അങ്ങിനെയാണ് ബിസിനസ്‌ തുടങ്ങുന്നത്.നന്നായിപോകുന്നുണ്ട് എന്നുകാണുമ്പോള്‍ എന്താ പുള്ളികാരിയുടെ ഒരു സന്തോഷം,പോരാഞ്ഞ് നേര്‍ച്ചകാഴ്ചകളും.എല്ലാം ഒരു നല്ല മനസ്സിന്‍റെ ചെയ്തികള്‍.

പക്ഷെ,ഭാഗ്യഹീനനായ ഈ പാവത്തിന്‍റെ തലേവര മാറ്റാന്‍ പറ്റില്ലലോ.അമ്മൂമ്മയുടെ വിയോഗത്തോടെ ആ ചിന്തകളും മാറ്റിവയ്ക്കാം.തറവാടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചു പോലും.

അല്ലങ്കിലും ജര്‍മനിയില്‍ കിടക്കുന്നവര്‍ക്ക് എന്തിനാ ഭൂമി.അവരൊക്കെ ആ ദേശത്ത് പൊരുത്തപ്പെട്ടുപോയി.പക്ഷെ ഈ മണ്ണും പശുക്കളും ചെമ്പകമരവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.എന്നോടൊപ്പം വളര്‍ന്നവയാണ് ഇതൊക്കെ.ഞാന്‍ നട്ടതും നനച്ചുവളര്‍ത്തിയതുമായ എന്‍റെ മരങ്ങള്‍.

"അറിയാം കുട്ടീ.പക്ഷെ"........ചാച്ചന്‍ ആശ്വസിപ്പിച്ചു.ഒന്ന് ഉറക്കെ പറയണം എന്നുണ്ട് ഞാന്‍ ഒപ്പിടില്ലയെന്ന്.ആരോ പറഞ്ഞു ഒമ്പത് നൊവേന കൂടിയാല്‍ വിചാരിച്ച കാര്യം നടക്കും എന്ന്.എന്നാല്‍ പിന്നെ ആയികോട്ടെ എന്ന് താനും തീരുമാനിച്ചു.ആ പറമ്പ് കൈവിടാന്‍ പാടില്ല. എന്‍റെ ബാല്യം ഓടികളിച്ച മണ്ണാണ് അത്.അതില്‍ ഒരു പഴയ മോഡല്‍ വീട് പണിയണം.മുകളില്‍ ഓട്മേഞ്ഞ വീട്.തൂവാനവും മുഖപ്പും വലിയ വരാന്തകളും നിറയെ വെളിച്ചവുമുള്ള വീട്.ചെത്തിയും താളിയും അതിര് തിരിക്കുന്ന മുറ്റം.കരിങ്കല്‍ വിരിച്ച നടവഴി.അരമതില് ‍വേണം മുറ്റത്ത്‌ ഒരു പ്രാവ്കൂടും വേണം.

എന്നിട്ട് പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് ചുമ്മാ സ്വപ്നംകണ്ട് ഉറങ്ങണം.എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗസലുകള്‍ കേള്‍ക്കണം.(വെറുതെ ഈ മോഹങ്ങളെങ്കിലും...വെറുതെ മോഹിക്കുവാന്‍ മോഹം)


 ടാ.....ടാ..........പോളിന്‍റെയും ജിനോയുടെ വിളിയാണ് ചിന്തകളെ  അകറ്റിയത്.നേരം പോയതറിഞ്ഞില്ല.സൂര്യന്‍ വളരെ താഴോട്ടിറങ്ങിയിരിക്കുന്നു.എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'നോബഡി
വര്‍ഷിപ്പ്സ് സെറ്റിങ്ങ് സണ്‍'

അസ്തമയത്തിനുമപ്പുറം പുത്തന്‍ പ്രതീക്ഷളും മോഹങ്ങളുമായി പുലരിയെ കാത്തിരിക്കുന്നു.മഞ്ഞു പെയ്യുന്ന,തണുത്ത കാറ്റു വീശുന്ന,കിളികളുടെ ചിലമ്പല്‍ കേള്‍ക്കുന്ന....നല്ല വാര്‍ത്തകളുമായ് ഒരു പുതിയ ആകാശം.........









                                                                                                                                    






സൗഹൃദത്തിന്‍റെ ഒരായിരം പൂക്കള്‍

ന്നീ പുലരിയില്‍ ഞാനെന്‍

കണ്ണായി കരളായി ഊട്ടിവളര്‍ത്തിയ

പൊന്നിന്‍ സുഹൃദബന്ധമൊന്നുഞാനോര്‍ക്കട്ടെ

ഓര്‍ത്തുഞാനോരുതുള്ളി കണ്ണീരുതീര്‍ക്കട്ടെ

ഇന്നെന്‍റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൊരാ-

ചിന്തയാല്‍ നീറുന്ന ചിത്തത്തിലിരി

സ്നേഹത്തിന്‍ പഞ്ചാമൃതം പകര്‍ന്നീടുവാന്‍

എന്നോമല്‍ സോദരി നീ വന്നണയുക!

എന്‍ വാക്കാം കൂരമ്പേറ്റു പിടയുന്നോര-

കൊച്ചുപക്ഷിതന്‍ ഹൃത്തില്‍നിന്നൂറുന്ന

ചെന്നിണമെന്നുടെ ചിന്താസരണിയില്‍

മനസാക്ഷിക്കുത്തായലിഞ്ഞു ചേരുന്നുവോ?

എന്‍വാക്കുകള്‍ക്കില്ലാവിലയിനി

സത്യത്തെ വിശ്വസിച്ചിടാന്‍ കൂട്ടാക്കാതെ

മരവിച്ചുനില്‍ക്കുന്നെന്നുടെ ചേതന-

യോടിനിയെന്തു ഞാന്‍ മറുപടി പറയേണ്ടു?

നാളെയെന്‍ സ്മൃതികള്‍ തന്‍ ശവഭൂമിയില്‍

ഞാന്‍ തന്നെ തീര്‍ക്കുന്നെനിക്കൊരുപട്ടട.

നാളെ നാശത്തിന്‍റെ പാതയില്‍ ഞാനെന്‍

ജന്മത്തെതന്നെയും ശപിച്ചുമുന്നേറുമ്പോള്‍

ജീവിതമാം നുകം പേറി ഞാന്‍ കുഴയുമ്പോള്‍

സാന്ത്വനമേകുവാന്‍ നീ വന്നണയുക.

'മറക്കില്ല നിന്നെ ഞാന്‍'പണ്ടേതോ ആളുകള്‍

പാടിയ പല്ലവിയാവര്‍ത്തിക്കില്ലഞാന്‍.

ഇനിയും നമ്മള്‍തന്‍ സമാഗമവേളകള്‍

നമ്മെയറിയാന്‍ സഹായിക്കുമാറാകട്ടെ.

ഇനിയെന്‍ കനവിലോ നിനവിലോ ഞാനെന്‍

നീറുന്ന ഹൃദയം പൂഴ്ത്തിമയങ്ങട്ടെ.

(സൗഹൃദത്തില്‍ പ്രണയം മൊട്ടിട്ടാല്‍..........)

Monday, 28 November 2011

കാത്തിരുപ്പ്

രും വരാതിരിക്കില്ലയവന്‍

ഈ ക്രിസ്തമസ്നാളിലെങ്കിലും


വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും

തുടരുന്നു ഈ കാത്തിരുപ്പിനിയും


മറക്കുവാനാകുമോ അരുമസുതന്നു

തനിക്കുജന്മമേകിയൊരമ്മയെ


കണ്ടുകൊതിതീരും മുമ്പേ താതന്‍ യാത്രയായിട്ടും

ജീവിച്ചു തനയന്നുവേണ്ടിമാത്രം


അറിവിന്‍റെ ലോകത്ത് പിച്ചവെയ്ക്കുവാന്‍

തണലായി,സ്നേഹമായ് കൂട്ടിരുന്നു


തനുവും മനവും തളരാതെ പണിചെയ്തു

പുത്രന്‍റെ ഭാവിയെ പടുത്തുയര്‍ത്തുവാന്‍


അമ്മതന്‍ ലക്‌ഷ്യം സഫലമായി

മകനെത്തിയിന്നു അത്യുന്നതങ്ങളില്‍


സ്വപ്നങ്ങളോരുപാട് കൂട്ടിനായെത്തി

മനസ്സിലോ മണിമേടകളുയര്‍ന്നു


മോഹങ്ങളെല്ലാം കതിരണിഞീടവേ

ഭാരമായ് പെറ്റമ്മതന്‍ സ്നേഹവും


വാര്‍ദധക്യകാലം കഴിച്ചുകൂട്ടുവാന്‍

മന്നിതിലില്ല മറ്റൊരിടമെന്നു ചൊല്ലി


കണ്ടെത്തിയമ്മക്കു സുഖവാസത്തിനായ്

ഇരുളടഞൊരീ വൃദ്ധസദനം


മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ നിറയവേ

കൊതിച്ചുപോകുന്നു മകന്‍തന്‍ സ്നേഹം


ആഗ്രഹങ്ങളോന്നായി വിടപറഞ്ഞകലവേ

കാത്തിരിക്കുന്നു ആ വിളിയൊന്നുകേള്‍ക്കുവാന്‍


വരും വരാതിരിക്കില്ലയവന്‍

ഈ ക്രിസ്തമസ്നാളിലെങ്കിലും


വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും

തുടരുന്നു ഈ കാത്തിരിപ്പിനിയും.












പ്രവാചകന്‍ പോള്‍

2008-ലെ യുറോ കപ്പില്‍ ജര്‍മനി സ്പെയിനിനെ വീഴ്ത്തുമെന്ന നീരാളി പോളിന്‍റെ പ്രവചനം ലോകത്തെമ്പാടും ആരാധകരെ നേടി എടുത്തു.

  2010-ലെ ലോക കപ്പ് മല്‍സരം പോളിന് സൂപ്പര്‍താരപദവി അലങ്കാരിക്കുവാന്‍ സഹായിച്ചു.മൈതാനത്തില്‍ കളിക്കുവാന്‍ ഇറങ്ങാതെ സൂപ്പര്‍ താരപദവി നേടിയ ഒരേ ഒരുതാരം നീരാളി പോളായിരുന്നു. ജര്‍മനിയുടെ തോല്‍വി പ്രവചിച്ച പോല്‍ കടുത്ത ശത്രുത സമ്പാദിച്ചു.ജര്‍മനിയുടെ വീര്യം കെടുത്തിയ പോളിന്‍റെ പ്രവചനം ജര്‍മ്മന്‍ ആരാധകരില്‍ പോളിനെ പൊരിച്ച് പകരം വീട്ടണമെന്ന ആവശ്യം ഉയര്‍ന്നു.സ്വദേശം ഇംഗ്ലണ്ട് ആണങ്കിലും ജര്‍മനിയിലെ ഒബര്‍ ഹൗസിലെ അക്വേറിയത്തില്‍ കഴിയുന്ന പോളിന്‍റെ സംരഷണത്തിന് സ്പെയിന്‍ അടക്കം ധാരാളം പേര്‍ മുന്നോട്ടു വന്നു.ആരാണ് ഈ നീരാളി പോള്‍.പോളിന്‍റെ പ്രവചനം യാധാര്‍തഥമോ

 ഒമ്പത് തലച്ചോറുള്ള സവിശേഷ സിദ്ധിയുള്ള കടല്‍ജീവിയാണ് നീരാളി.വൈവിധ്യമാര്‍ന്ന കടല്‍ജീവികളില്‍ ഏറ്റവും ശക്തിമാനായ നട്ടെല്ലില്ലാത്ത പരഭോജി.കടലിലെ വേട്ടക്കാര്‍ ആണിവര്‍.


 2012-ല്‍ ലോകമവസാനിക്കുമോ?മുല്ലപെരിയാര്‍ തകരുമോ?ഇറാന്‍ ലോകത്തിന്‍ മേലെ അണുബോംബ് ഇടുമോ?ബച്ചന്‍ കുടുംബത്തിലെ നവജാതശിശു ബോളിവുഡ് കീഴടക്കുമോ?ഈ ചോദ്യങ്ങളൊക്കെ പോളിനോട് ചോദിക്കാമായിരുന്നു എന്തു ചെയ്യാം പോള്‍ ചത്തുപോയി.(കാലം ചെയ്തു പോയി)


 കണ്ടുപിടുത്തങ്ങളുടെ നെറുകയില്‍ എത്തിയിട്ടും അന്ധവിശ്വാസങ്ങള്‍ വേട്ടയാടുന്നുവോ?ചോദ്യം പരസ്പരം ചോദിക്കാം.മനോവീര്യം കെടുത്തുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് നാം ബലിയാടുകലാണോ.കര്‍മ്മധീരരായി മുന്നേറുക.വിജയം സുനശ്ചിതം.

(പോള്‍ തിരിച്ചു വരുന്നു,മുല്ലപെരിയാര്‍ തകരില്ല പോലും......തമിഴ്നാടിന്‍റെ അദൃശ്യ കരങ്ങള്‍ ഇതിന്‍റെ പുറകില്‍ ഉണ്ട് പോലും)

ഓര്‍മ്മച്ചെപ്പ്

ജീവിതസംഗീതമൊഴുകുന്ന വേളയില്‍

നീയെന്‍റെ കനവിന്‍റെ കനിവായ്‌വന്നു.

എന്‍ മിഴികളിലാനന്ഥബാഷ്പം നിറയ്ക്കും

നിര്‍മ്മല സ്വപ്നമായി വിടര്‍ന്നു നിന്നു.


  കാണുവാന്‍  കൊതിച്ചനിമിഷങ്ങളോരുന്നും

  കാണാതിരിക്കുവാന്‍ നീ ശ്രമിച്ചീടവേ

  ദൂരെയോ മാമലതന്‍ ചെരുവിലായ്കണ്ടുഞാന്‍

  ഈറനണിഞ്ഞ മുടിയുമായി നിന്നെ.


ഒടുവിലായി വിശ്രമം കൊള്ളുവാനെത്തിഞാന്‍

സാന്ധ്യരാഗങ്ങളും മാഞ്ഞോരാരാത്രിയില്‍

ഏകാന്തമായൊരു ശാന്തി,തീരത്തിലും

വിജനപഥത്തിലുമ്സ്ഥിര ചിന്തകള്‍

നങ്കൂരമിട്ടു  ശയിച്ചിടുമ്പോള്‍


  കണ്ണെത്താ ദൂരത്തിലാശാകിരണങ്ങള്‍

 കാണുവാന്‍ പാര്‍ക്കും പഥികനായി

 കാലത്തിന്‍ ചക്രമുരുളുന്നതില്‍ വേഗം

 കൈവിരലെണ്ണി ഗണിച്ചിടുന്നു.







Sunday, 27 November 2011

മനസ്സ്

                   .
  ചില മനുഷ്യര്‍ അസാധാരണ വൈകാരിക തീവ്രതയുള്ളവരാണ് അവരുടെ മനസ്സും വഴികളും വിചിത്രമായ രീതിയിലാകാം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു.ചെറിയ ഒരുകാറ്റിനു പോലും പ്രകമ്പനം കൊള്ളിക്കാന്‍ പറ്റുന്ന തരളമനസ്സുള്ളവര്‍.നിസ്സാര സംഭവങ്ങള്‍ പോലും അവരെ വികാരവിക്ഷോഭത്തിലേക്ക് നയിക്കും.

ഒരു പക്ഷെ സ്നേഹത്തിന് വേണ്ടി ഓടി നടക്കുകയും,ലഭിക്കാതെ വരുമ്പോള്‍ സ്വയം പ്രതികാരം ചെയ്യുകയും ചെയ്തേക്കാം അല്ലെ?എന്തായാലും ജീവിതത്തോട് ഇകൂട്ടര്‍ക്ക് വല്ലാത്ത ഒരു അടുപ്പം ഉണ്ട് അത് തീര്‍ച്ച.അടുപ്പമുള്ളവര്‍ക്ക് പോലും കണ്ടു പിടിക്കാന്‍ സാധിക്കാത്ത ഒട്ടേറെ താളുകള്‍ ഇവരുടെ ജീവിത പുസ്തകത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

സ്വപ്നങ്ങളും അവയുടെ വര്‍ണശബളങ്ങേളയും കുറിച്ചും,സ്നേഹത്തേയും പിന്നെ ദിവ്യമായ പ്രണയത്തെകുറിച്ചൊക്കെയും,അതിലുപരി കിട്ടാതെപോയ വാല്‍സല്യത്തെ കുറിച്ചും അമ്മയെ കാണാതെ അച്ഛനെ തേടി അലയുകയും ചെയ്യുന്നതിനെ കുറിച്ചൊക്കെയും ഇവര്‍ക്ക് ഒരുപാട് പറയാന്‍ ഉണ്ടായിരിക്കും.

സ്വപ്നങ്ങള്‍

                     സ്വപ്നങ്ങളും പ്രതീഷകളും ഇടക്കിടെ കടന്നുവരികയും പിന്നീട് നിരാശയുടെ ഗര്‍ത്തത്തിലേക്ക് തലകുത്തി വീഴുകയും ചെയ്യും.അല്ലെങ്കിലും സ്വപ്നങ്ങള്‍ എന്നും കാലടികളെ കീഴോട്ട് വലിച്ചട്ടേ ഒള്ളൂ.കടിഞ്ഞാണില്ലാത്ത കുതിര പോലെയാണ് സ്വപ്‌നങ്ങള്‍,അവ കുതിച്ചു പായുകയും ഇടയ്ക്കിടയ്ക്ക് മെല്ലെ നടക്കുകയും ചെയ്യുമല്ലൊ.

സ്വപ്‌നങ്ങള്‍ പിഴുതെടുക്കാന്‍ സമയമായെന്നു തോന്നുന്നു.എനിക്ക് തിരിച്ചു പോകണം.മഴയായ്,വെയിലായ് ചെറു  മഞ്ഞിന്‍ കണങ്ങളായ്‌.ഇനി എന്‍റെ യാത്ര....

കുഞ്ഞിപെണ്ണ്‍

സൗഹൃദം എന്നും ഒരു തേങ്ങലാണോ?

കാഴ്ചകള്‍ക്കെല്ലാം വെറും തോന്നല്‍ മാത്രം,

കേള്‍ക്കുന്നതെല്ലാം നെടുവീര്‍പ്പിന്‍ ശബ്ദം മാത്രം.



വന്നതുമുതല്‍ നീയെന്നെ നോക്കി ചിരിക്കുന്നു,

മധുര രാഗത്തില്‍ വാക്കുകള്‍ ചൊല്ലീടുന്നു,

നിന്‍റെ സ്വപ്‌നങ്ങള്‍ മഴയില്‍ കുതിര്‍ന്ന് മണ്ണടിയുമോ?



ഒരു ദീപനാളമായ് കത്തിയൊടുങ്ങുമോ?

എന്നോടു നീ പിണങ്ങിയാലും കുഞ്ഞിപെണ്ണേ,

നിന്നോടൊട്ടും പിണങ്ങുകയില്ല ഞാന്‍.

പിണക്കം മറന്നെന്‍ ചോദ്യത്തിനുത്തരം

നല്‍കൂ എന്‍റെ കുഞ്ഞിപെണ്ണേ....


(എന്‍റെ പ്രിയപ്പെട്ട മായചേച്ചിയുടെ ഓര്‍മ്മക്കായി)









ബട്ടര്‍ഫ്ലൈ

പുലര്‍കാല മഞ്ഞിന്‍കണങ്ങള്‍ മെല്ലെ

തൊടിയിലെ പൂക്കളെ തഴുകിടുമ്പോള്‍

ഒരു കൊച്ചു തുമ്പിയായി പറന്നീടാന്‍

പലവട്ടം മോഹിച്ചതോര്‍ക്കുന്നു ഞാന്‍


പല നിറങ്ങള്‍ വാരിവിതറിയ

നിന്‍ ചിറകുകളും.

പല പുഷ്പങ്ങള്‍ തന്‍ തേന്‍ കിനിയുന്ന

നിന്‍ അധരങ്ങളും.

കൊതിയോടെ എത്ര ഞാന്‍ നോക്കി നിന്നു...

ബാല്യത്തിന്‍ ചിറകേറി പറന്നു ഞാന്‍ ‍ അല്‍പനേരം...


`

പപ്പ

 കാലമേ നിന്‍ ഓര്‍മകള്‍ തന്‍

ശൂന്യത ഞാന്‍ അറിയുന്നു.

മധുരമായ് ഒരു ഓര്‍മ പോലും

നീ എനിക്ക് നല്കീല്ല

ദുഃഖഭാരങ്ങള്‍ ഇറക്കിവക്കാനൊരു

തുണപോലും നല്‍കാതെ നീ പോയ്‌

പാടും ഞാന്‍  വീണ്ടും എന്നോര്‍ത്ത്

നില്‍ക്കും നിമിഷം

എന്‍ അച്ഛന്‍ തന്‍ കണ്ണീര്‍

കലരാതിരിക്കട്ടെ....

വേനല്‍ മഴ

ര്‍മകള്‍ തന്‍ ലോകത്തിലേക്ക്‌

നയിക്കുന്നു എന്നെയീ വേനല്‍ മഴ.

പിന്നണിയില്‍ താളമേളങ്ങളോടെ

ഇടിയും കാറ്റിന്‍ ആരവവും.

മിന്നലില്‍ കാണുന്ന രൂപം നിന്റെയോ

അതോ വെറും തോന്നലോ?



നീ തന്ന സ്നേഹം എന്‍ ഹൃദയത്തിലെ

അത്മാവുണര്‍ത്തുന്ന ഒരു അനുഭൂതിയായി

നീ തന്ന സ്നേഹം എന്‍ മനസ്സിനുള്ളിലെ

എന്നെന്നും   ഓര്‍മിക്കും നിമിഷമായി.



ഉരിയാടാനൊന്നുമില്ലാതെ....

പിരിഞ്ഞതെന്തിനു നമ്മള്‍?

 സുഹൃത്ത്‌‍ബന്ധത്തിന്‍റെ കുളിര്‍കാററായി

സ്നേഹത്തിന്‍റെ തൂവല്‍ സ്പര്‍ശമായി വന്ന നിനക്കായ്....









ഓര്‍മകളുടെ രാത്രി

                    ഒരു മുളംതണ്ടില്‍ നിന്നൊഴുകും നാദം പോല്‍
                   
                     ഉണരുകയാണല്ലോ എന്‍ മനതാരും

                     ആരെയോ തേടും മനസ്സിന്‍ നൊമ്പരം ആരാരും

                     അറിയാതെ പോവുകയാണോ?



                    രു മാത്ര നീ എന്‍ അരികില്‍ വന്നു

                    ഒരു മാത്ര നീ എങ്ങോ പൊയ് മറഞ്ഞു

                   ഗസല്‍ പൂക്കള്‍ വിരിയും മഴയുള്ള രാത്രിയില്‍

                   ഏതോ സ്വകാര്യം പറയുവാന്‍ വന്നു.


                   
                   പിന്നെ ഞാന്‍  കണ്ടു നനവുള്ള മിഴികളും

                   വിറയാര്‍ന്ന നിന്‍ മൃദു കവിളുകളും

                   ഓര്‍മകള്‍മേയും ഈ ജീവിത താളില്‍

                  എഴുതട്ടെ ഞാന്‍ നിന്‍ കുറിപ്പുകള്‍?

                   

                 


വിയോഗം കരഞ്ഞു തീര്‍ക്കാനല്ല

             അവളുടെ വേര്‍പാട്‌ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.വിങ്ങുന്ന ഹൃദയവുമായി രാത്രികളില്‍ ആകാശം നോക്കി ഇരിക്കും.ഏറ്റവും വലിയ നക്ഷത്രങ്ങളില്‍ ഒന്നില്‍ അവളെ കണ്ട് വേര്‍ പിരിഞ്ഞ നാള്‍ മുതല്‍ എനിക്കുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുമ്പോഴും അവള്‍ കൂടെയില്ലാത്തത്തിന്‍റെ നോവായിരുന്നു;പരാതിയായിരുന്നു പറയാനുണ്ടായിരുന്നത്.അവള്‍ എന്നോടൊപ്പം കണ്ണീര്‍ പൊഴിക്കുന്നതും സ്വപ്നം കണ്ടു,കണ്ണീരോടെ എത്ര രാത്രികള്‍ ഞാന്‍ ഉറങ്ങാതെ കിടന്നു!!!.എന്തുമാത്രം പരാതികളും പരിദേവനങ്ങളും കൂട്ടുകാരുടെ മേല്‍ ചൊരിഞ്ഞു!!!.എന്നില്‍ നിന്നവളെ അടര്‍ത്തിമാട്ടിയതില്‍....

                അന്ന് പുലര്‍ച്ചയോടെയാണ് ഉറക്കം ആരംഭിച്ചത്.അവള്‍‍ പോയശേഷം ആദ്യമായി പരീക്ഷ തോറ്റ റിസള്‍ട്ടു കിട്ടിയതോര്‍ത്ത് ഒരുപാട് തര്‍ക്കിചിട്ടാ,പാതിമയക്കത്തിലേക്കു പ്രവേശിച്ചത്.പഠനത്തില്‍ അവള്‍ എനിക്കെന്നും ഗുരുവായിരുന്നല്ലോ.അവള്‍ കൂടയുണ്ടായിരുന്നങ്കില്‍ ഞാന്‍ തോല്‍ക്കില്ലായിരുന്നു....

             അതൊരു സ്വപ്നമായിരുന്നുവോ...അറിയില്ല.ദൈവം എന്നോടു സംസാരിച്ചതാണോ...അറിയില്ല.നിറയെ പകിട്ടുള്ള ആടയാഭരണങ്ങളണിഞ്ഞ് മാലാഖമാരെപ്പോലെ ചിറകുകളോടെ,തൂവെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുപാട്പേരെ എന്‍റെ ചുറ്റും കണ്ടു.കൂട്ടത്തില്‍ അവളും.എനിക്കു സന്തോഷമായി,പ്രതീഷിച്ചപോലെ സ്വര്‍ഗത്തില്‍ ആണല്ലോ അവള്‍.പക്ഷ അവള്‍ടെ മുഖത്തിനൊരു വാട്ടം;മറ്റുളളവരുടെ കൈകളില്‍ കണ്ട കത്തിയെരിയുന്ന തിരികള്‍ക്ക് പകരം അവള്‍ടെ കയ്യില്‍ കെട്ടുപോയൊരു തിരി...എങ്കിലും അവള്‍ എന്നെ നോക്കി മന്ധഹസിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നിലെ ചോദ്യം മനസ്സിലാക്കിയാണ് തോളില്‍ കയ്യിട്ടുകൊണ്ടാണ് അവള്‍ സംസാരിച്ചത്.'പൊന്നുസ്സേ ഓരോ പ്രാവശ്യവും ഞാനീ തിരിതെളിക്കാന്‍ ശ്രമിക്കുന്നുണ്ട്...അപ്പോഴൊക്കെ നിന്‍റെ കണ്ണീര്‍ വീണ ആ തിരി കെട്ടുപോകുന്നു...'എന്നെ തന്നോടു ചേര്‍ത്തണച്ച അവളില്‍ അപ്പോഴും കണ്ണീരില്ലായിരുന്നു.സ്നേഹം മാത്രം...സഹോദരനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പ്രകാശം മാത്രം....

      പിന്നീടൊരിക്കലും അവളെ ഓര്‍ത്ത് ഞാന്‍  കരഞ്ഞിട്ടില്ല.കൂട്ടുകാരെ പഴിചാരിയിട്ടില്ല.വിയോഗം ഒരു നിയോഗം.മരണത്തിലൂടെ ജീവന്‍റെ മറു തീരം കണ്ടെത്താനുള്ള ആത്മാവിന്‍റെ അടങ്ങാത്ത ദാഹത്തിന്‍റെ നിറവേറല്‍ മാത്രം...പൊന്നൂസേ നിനക്ക് ഒരായിരം ഉമ്മ!!!.