Tuesday, 13 December 2011

നിനവ്

നീരവമാമൊരീ ഏകാന്ത സന്ധ്യയില്‍

ആഴിയെപ്പുണരാനെത്തുന്നു സൂര്യന്‍

ചക്രവാളത്തിന്‍ നിണമാര്‍ന്ന തിരശീലയില്‍

ചെന്നെത്തി നില്‍ക്കുന്നുവിന്നെന്‍ കാഴ്ചകള്‍


നിരാര്‍ദ്രതയുടെ വരണ്ടഭൂവില്‍

ഒരു മുറിപ്പാട്ടിന്‍ പ്രതീക്ഷതന്‍ നേരത്തും

രാത്രി മഴയിലെ പുതുമണ്ണിന്‍ ഗന്ധവും

നിലാവും,താരങ്ങളും,ഒരു കുഞ്ഞു തുമ്പിയും

അമ്മതന്നുമ്മയും,നിറമാര്‍ന്നെന്‍ സ്വപ്നങ്ങളും

രാക്കിളിയെപ്പോല്‍ വന്നോര്‍മ്മയില്‍ ചേക്കേറുന്നു


ശൂന്യതയുടെ വിരസവീണയില്‍

കൈചേര്‍ത്തു ഞാന്‍നില്‍ക്കവേ

മഴകാത്തു കേഴുന്നൊരു വേഴാമ്പല്‍ നാദം

വായുവിലലിഞ്ഞു മാഞ്ഞിടുന്നു


എന്നിട്ടും എന്‍റെയീ ജാലകച്ചില്ലയില്‍ പൂവിട്ടമുല്ലകള്‍

കൊരുത്തു ഞാന്‍ നില്‍ക്കുന്നു വീണ്ടും

വെറുതെയെന്തിനോ ഏകനായ് വീണ്ടും.

സ്വപ്ന സ്വയംവരം

കേട്ടതില്‍ നിന്ന് കതിരിട്ട പ്രണയം

കാണുവാന്‍ മനസ്സിന്‍റെ വെമ്പല്‍

ചിരിയുടെ നിഷ്ക്കളങ്കത ചരിതങ്ങളില്‍

കണ്‍കോണുകളില്‍ വസന്തകാലം

മനസ്സ് അറിയാതെ മണിമുഴക്കി.

ഡിസംബറിന്‍റെ തണുപ്പില്‍

മനസ്സുതുറക്കലിന്‍റെ കണ്ണുനീര്‍

മിണ്ടാട്ടത്തിന്‍റെ വേനല്‍

പ്രതീക്ഷയുടെ മഴക്കാലം.

ഇഷ്ടം നിശബ്ദതയില്‍ കൊഴിയും കാലം

വിരഹത്തിന് മുമ്പിലെ കണ്ടുമുട്ടലുകള്‍

മനസ്സിന്‍റെ നിലയ്ക്കാത്ത വിചാരണ

വഴിവിട്ട വിരഹകാലം.

ഓര്‍മ്മകളുടെ ചേക്കേറലില്‍

മനസ്സിന്‍റെ സ്വയംവരം

വാദ്യവും വായ്ത്താരിയും

സ്വപ്നമണ്ഡപത്തില്‍

വധുവിന്‍റെ വരണമാല്യത്തിന്

മുമ്പില്‍ മോഹങ്ങളുമായി

വരന്‍റെ ശിരസ്സ്‌.

സ്വയംവരം! നിലാവും തെന്നലും

സാക്ഷികള്‍.അതെ,വരനായ്....



അല്പം സ്വകാര്യങ്ങള്‍

ആരോടും പറയാത്ത ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകില്ലേ.ഒറ്റയ്ക്ക് പൂമുഖത്തെ ചൂരല്‍കസേരയില്‍ കിടക്കുമ്പോള്‍ ഓര്‍ക്കുന്ന ചില നിമിഷങ്ങള്‍.എനിക്കുമുണ്ട് അത്തരത്തില്‍  ചിലത്.

ആദ്യത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് അതു സംഭവിച്ചത്.സ്കൂളില്‍ സ്പോര്‍ട്സ്‌ ആന്‍ഡ്‌ ആര്‍ട്സ്‌ നടക്കുന്നു,പെട്ടന്നാണ് ഒരുത്തന്‍ പറഞ്ഞത് നമുക്ക് സിനിമയ്ക്കു പോയാലോ?ഞങ്ങള്‍ മൂന്ന്പേരുണ്ടായിരുന്നു.ആദ്യം ആരും ഒന്നും പറഞ്ഞില്ല.പിന്നെ ഒരു വാശിയായി എല്ലാവര്‍ക്കും.

ഞാന്‍ ആണ് പറഞ്ഞത് തൃശൂര്‍ പോകാം.അവിടെ soldier കളിക്കുന്നു.കളര്‍ ഡ്രസ്സ്‌ ആയതുകൊണ്ട് ആരും തിരിച്ചറിയില്ല.അങ്ങിനെ ആനവണ്ടിയില്‍ കയറി തൃശ്ശൂരിലേക്ക് യാത്രയായി.എത്ര വട്ടം പോയിരിക്കുന്നു പക്ഷെ അന്നൊന്നും പുറത്തെ കാഴ്ചകള്‍ക്ക് ഇത്രയും മനോഹാരിത തോന്നിയിട്ടില്ല.ചെന്നപ്പോഴേക്കും പടം തുടങ്ങിയിരുന്നു.പ്രീതിസിന്‍റയുടെ തകര്‍പ്പന്‍ പാട്ട്സീന്‍.

ഇടവേളയില്‍ സമൂസയും പിന്നെ ഐസ്ക്രീമും.എന്തോ ഒരു വലിയ സാഹസികപ്രവര്‍ത്തി ചെയ്ത പോലെയാണ് ഞങ്ങള്‍ക്ക് അന്ന് തോന്നിയത്.

സിനിമയ്ക്ക് ശേഷം ഒരു ബിരിയാണി.പിന്നെ തേക്കിന്‍കാട് മൈതാനത്തില്‍ അല്പംസമയം കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്നു.എന്തിനെപറ്റിയൊക്കെയാണ് അന്ന് സംസാരിച്ചത്.എത്രയോ യാത്രകളും സിനിമകളും പിന്നീട് കണ്ടിരിക്കുന്നു.പക്ഷെ അന്നത്തെ ഒരു സുഖമോ ത്രില്ലോ ഇന്നില്ല.


ആദ്യത്തെ പ്രണയം

കോളേജിലെ ലഞ്ച് ടൈം അനുവും,ജിഷയും ഓടിവന്ന് ഒരു കാര്യം പറഞ്ഞു.

"ടാ ഷെറിന് നിന്നോട് എന്തോ പറയാന്‍ ഉണ്ട് നീ ഒന്ന് ചാപ്പലില്‍ വരണം".

ആദ്യം ഒന്ന് പകച്ചെങ്കിലും ഗ്രൂപ്പ്‌ലീഡറല്ലേ ഞാന്‍ ചെന്നു.അനു വന്നു പറഞ്ഞു

"നിങ്ങള്‍ സംസാരിക്കൂ ഞങ്ങള്‍ ഇവിടെയൊക്കെയുണ്ട്"

ഷെറിന്‍ എന്നെ നോക്കി പറഞ്ഞു

"അതേ ഒരു കാര്യം ഉണ്ട് പറയാന്‍,പറയാമോ"?

"അതിനെന്താ പറഞ്ഞോളൂ" ഞാന്‍ മറുപടി പറഞ്ഞു.

"എനിക്കൊരു ചെറിയ ഇഷ്ടം തോന്നുന്നു നിന്നോട്,എനിക്കൊരു മറുപടി തരണം"ഷെറിന്‍ പറഞ്ഞു.

അത് ഒരു കുടുക്കായിരുന്നു,പിറ്റേ ദിവസം പതിവിന് വിപരീതമായി ഞാന്‍ നേരത്തേ ക്ലാസ്സില്‍ ചെന്നു.ഹാര്‍ട്ട്‌ ബീറ്റ്‌ പത്ത് കിലോമീറ്റര്‍ അപ്പുറത്ത് കേള്‍ക്കാം.എല്ലാവരും ഗുഡ് മോര്‍ണിംഗ് തരുന്നു.എനിക്കെന്തോ പന്തികേട് തോന്നി എന്‍റെ ഗ്രൂപ്പിലെ ആരെയും കാണുന്നില്ല.ഞാന്‍ ആകെ ഞെരിപിരികൊള്ളാന്‍ തുടങ്ങി.ദാ ഷെറിന്‍ വരുന്നു.

അവളും തന്നു ഒരു ഗുഡ് മോര്‍ണിംഗ്.അന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരത്തിന് ഇത്ര മധുരം ഉണ്ടെന്ന് എനിക്കു തോന്നിയത്.

"വെരി ഗുഡ് മോര്‍ണിംഗ് ഷെറിന്‍"ഞാന്‍ പറഞ്ഞൊപ്പിച്ചു.

ക്ലാസ്സ്‌ തുടങ്ങി ഒരു അനക്കവുമില്ല,ഞാന്‍ ഇടക്കിടക്ക്‌ ഒന്നു നോക്കും എല്ലാവരും എന്നെ തന്നെ നോക്കുന്നു.ക്ലോക്കിലെ സൂചി അനങ്ങുന്നില്ല.ദാ വരുന്നു ഒരു കുറിപ്പ്"ടാ നിയാണ് ഇന്നത്തെ ഫൂള്‍,പയ്യെ എണീറ്റ്‌ കാന്‍റീനിലോട്ട് വിട്ടോ"

എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം ഞാന്‍ തീരുമാനിച്ചു.അവിടന്നങ്ങോട്ട് ഷെറിനെ കാണുമ്പോള്‍ ഒരു കൈകാല്‍വിറ.കാര്യം ഇങ്ങിനെയൊക്കെയായാലും ഒരു ചെറിയ ഇഷ്ടം പുള്ളിക്കാരിക്ക് ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇപ്പോഴും ബാക്കിയാണ്.

അതെ എന്‍റെ ആദ്യത്തെ പ്രണയം.ഒരു ജാള്യതയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിലും അത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു സുഖമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയാണ് പറഞ്ഞത്.

"നിനക്ക് ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നു,ഒരു ഷെറിന്‍"അവളുടെ വിവാഹം ആണത്രെ.

വിവാഹദിവസം പഴയ ഗ്രൂപ്പിലെ മെംബേര്‍സിനെ ആരെയും കണ്ടില്ല.ഷെറിന്‍ പറഞ്ഞു

 "ഞാന്‍ അധികം ആരെയും ക്ഷണിച്ചിട്ടില്ല കേട്ടോ"

ആശംസകള്‍ നേരുന്നതിനായി സ്റ്റേജില്‍ കയറിയപ്പോള്‍ വീണ്ടും ഒരു കൈകാല്‍ വിറ.അങ്ങിനെ ആദ്യത്തെ പ്രണയവും മണ്ണടിഞ്ഞു.

പ്രഥമ മദ്യപാനം

പത്തിലെ ടൂര്‍ ഒരു സംഭവം ആണല്ലോ,ഞാനും പോയി മൈസൂര്‍,പഴനി,കൊടൈകനാല്‍,കന്യാകുമാരി.രണ്ട് ബസ്‌ നിറയെ കുട്ടികള്‍.കന്യാകുമാരിയില്‍ റൂം എടുത്തു എല്ലാവരോടും കുളിച്ച് ഡ്രസ്സ്‌ മാറി വരാന്‍ കല്‍പ്പന കിട്ടി.ഞാന്‍ നോക്കുമ്പോള്‍ കുളിമുറിയില്‍ വല്ലാത്ത തിരക്ക്.ഇതെന്താ ഇതിനുമാത്രം  തിരക്ക് അവിടെ? പൊതുവേ ഞാന്‍ ഒരു സംശയരോഗിയാണ്.അല്പം ബലംപിടിക്കേണ്ടിവന്നു സത്യം കണ്ടുപിടിക്കാന്‍.പരസ്പരം സഹകരിച്ച് വെള്ളമടിക്കുന്നു.സഹകരണം എന്നു പറയാന്‍ കാരണം ആകെ ഒരു ചില്ലുഗ്ലാസ്സ് മാത്രമേയുള്ളു.വീട്ടിലെ അടുക്കളയില്‍ തേന്‍ ഒഴിച്ചുവെച്ചിരിക്കുന്ന അതേ കുപ്പി.ഞാന്‍ കണ്ടസ്തിതിക്ക് ഞാനും കൂടെ കുടിക്കണമെന്നായി അവര്‍.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും ഒരേ കാര്യം.ആഹാ,എന്താ ചവര്‍പ്പ് ഒറ്റ വലിക്ക് ഞാന്‍ ആ ദ്രാവകം അകത്താക്കി.

ആദ്യം ഒന്നും തോന്നിയില്ല,ഒന്ന് പൂസാകാന്‍ എത്ര കൊതിച്ചുവെന്നോ...."എല്ലാവരും പുറത്തേക്കിറങ്ങൂ ബോട്ടിന് സമയമായി" സംയുക്ത കല്‍പ്പന വന്നു. വരിവരിയായി ബോട്ടിലേക്ക്, അലറുന്ന തിരമാലകളെ കീറിമുറിച്ചുകൊണ്ട് കടത്തുബോട്ട് വിവേകാനന്തപാറയെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി,ഒപ്പം എന്‍റെ തലക്കകത്തും തിരമാലകള്‍ ആഞ്ഞടിച്ചു.

ഞാന്‍ ചുറ്റും നോക്കി,ഇല്ല ആരും തിരിച്ചറിഞ്ഞിട്ടില്ല.പാറയ്ക്ക് അനക്കമോ? അല്ല എന്‍റെ കാലാണ് ഉറക്കാത്തത്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ നോക്കി ഞാന്‍ ഇരുന്നു."കേരളം ഒരു ഭ്രാന്താലയം","ഉണരുക എഴുന്നേല്‍ക്കുക". അനശ്യരനായ സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍  പതിനാലാം വയസ്സില്‍ ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.

അന്ന് മദ്യപിക്കാതെ നല്ലപിള്ള ചമഞ്ഞ എന്‍റെ ബന്ധുവും സ്നേഹിതനുമായ ബിനുകുട്ടന്‍ ഇപ്പോള്‍ എറണാകുളത്ത് ഒരു ബാര്‍ നടത്തുന്നതില്‍ പങ്കാളിയാണ്.അന്നു മദ്യപിച്ച പലരും ഇന്ന്"എന്തൂട്ടാടാ കോപ്പെ ഈ പറയണേ ഞാന്‍ അടിക്കില്ലടാ".ചുരുക്കം പറഞ്ഞാല്‍ വാദി പ്രതിയായി.

(അന്നത്തെ ബ്രാണ്ടിയുടെ മണം ഇന്നും എന്‍റെ മൂക്കില്‍ ഉണ്ട്)























Monday, 12 December 2011

മരിക്കാത്ത ഓര്‍മ്മകള്‍

ന്ന് ആദ്യം കണ്ടതില്‍പിന്നെ

നിന്‍റെ നയനങ്ങള്‍ എന്നെ സ്പര്‍ശിച്ചു

നിന്നിലെ സ്നേഹം എന്‍ ഹൃദയത്തെ

രോമാഞ്ചമണിയിക്കുന്നു,നിന്‍റെ

വേദന എന്‍റെതായി നീ നല്‍കി

നീ എന്‍റെ ജീവന്‍റെ ഭാഗമായി

എന്നിട്ടും,ചാപല്യമെന്ന് പറഞ്ഞ് എന്നെ

നീ തള്ളിക്കളഞ്ഞു.


എന്നിലെ ഹൃദയം കത്തുന്ന അഗ്നികുണ്‍ഡമായി

എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല.

എന്തിനീ വേദന നീ എനിക്ക് തന്നു.

ഒരു നറുപുഞ്ചിരിക്കായ്‌ ഞാന്‍ കൊതിക്കുന്നു.

പിണക്കമോ....സഖീ നീ....

എന്താണീ മൗനത്തിനര്‍ത്ഥം....?

ഉത്തരമരുളൂ സഖീ നീ....

കാലമാകുന്ന മരണം എന്നെ

വലയം ചെയ്യുന്നു,നിന്നോട്

ഒപ്പമായിത്തീരാന്‍ ഞാന്‍

കൊതിക്കുന്നു,നിയെന്നെ തള്ളിക്കളയരുതേ!




നൊമ്പരപ്പാടുകള്‍

ജീവിതത്തിന്‍ സായാഹ്നവേളയില്‍

ജീവിതമെന്ന കടങ്കഥയ്ക്കുത്തരം കിട്ടാതെ

നഷ്ടങ്ങളുടെ ഭാണ്‌ഡവുമേറ്റി

ഞാന്‍ നില്‍ക്കവേ....

കുങ്കുമചെപ്പു മറിഞൊരാ സന്ധ്യതന്‍

ആകാശച്ചെരിവിലേക്കലസമായ്

മിഴികളൂന്നി ഞാന്‍ നില്‍ക്കട്ടെ....

ഏകാന്തതയുടെ തണുത്ത വിരല്‍ത്തുമ്പെന്നെ

തൊടുമ്പോള്‍....ഓര്‍മ്മയില്‍

നിറമേഴും ചാലിച്ച ചിത്രമായ്

കുയിലിന്‍ പാട്ടിലെ മധുരവും,

ഇളകിയൊഴുകുന്ന കുഞ്ഞരുവിയും,

നേരിയ കുളിരാര്‍ന്ന പാല്‍നിലാവൊഴുക്കി

നില്‍ക്കുന്ന വെണ്‍ചന്ദ്രനും....

ഈ സായാഹ്നത്തില്‍....

വേദനകളുടെ കനല്‍ക്കൂമ്പാരമോ....?


എന്‍ പ്രതീക്ഷകള്‍ എണ്ണയില്ലാതെ പുകയുന്ന കരിന്തിരിയാകവേ....

എന്‍ വാക്കുകള്‍ ശബ്ദമില്ലാത്തവന്‍റെ വിലാപമായ് മാറിയോ....?

ചിരിയുടെ മൂടുപടത്താല്‍ മറച്ചോരെന്‍ മൗനനൊമ്പരങ്ങള്‍....

ജീവിതചുടലയില്‍ കനലറ്റ വെണ്ണീറോ....?

എങ്കിലും....

നഷ്ടങ്ങളുടെ ഭാണ്‍ഡത്തിനിടയില്‍ ഞാന്‍ സൂക്ഷിപ്പൂ....

കുചേലന്നവില്‍പ്പൊതിപോലെ

സൗഹൃദങ്ങളുടെ വര്‍ണ്ണം നിറഞ്ഞ നിമിഷങ്ങളെ....

മനസ്സിന്‍റെ കോണിലെവിടെയോ

ഓര്‍മ്മയുടെ കണ്ണീര്‍ വീണ മഞ്ചാടിമണികളായ്.


നിനവുകള്‍ നോവുകള്‍ എല്ലാം ഞാന്‍ സൂക്ഷിപ്പൂ....

ഹേ ജീവിതത്തിന്‍ ദുഃഖങ്ങളെ....

ഒരിക്കലും നിങ്ങള്‍ക്കാവില്ല....ഈ വേദന തന്‍

മധുരത്തെ കയ്പ്പാക്കി മാറ്റുവാന്‍.



ഏകാന്തത

കാന്തത,

ശൂന്യതയില്‍,ഏകാന്തതയില്‍,

ഉറങ്ങുന്ന ഭൂമി,

അതില്‍ ഏകമാം എന്‍ മനസ്സ്,

ഏകാകിയാം ഞാന്‍

കാലം വരുത്തിയതാണിന്നിതെന്‍

അരങ്ങില്‍ ആടിതകര്‍ത്ത് മുന്നേറി.


സ്വപ്നസങ്കല്‍പങ്ങളെ

വേരോടെ പിഴുതെറിഞ്ഞ കാലം

വേദനതന്‍ ചിറകടിയൊച്ചയാല്‍ എന്നില്‍-

ഏകാന്ത മനസ്സും ജീവിതവും സമ്മാനിച്ചപ്പോള്‍

കാലം,കാലങ്ങള്‍ക്കായി,

വഴിമാറിക്കൊടുക്കുന്നു.


കാലം താണ്ഡവനൃത്തമാടിത്തിമര്‍ത്തങ്ങനെ,

പരീക്ഷണയായപ്പോള്‍

അസൂയയാലെപ്പോഴോ ഒരു

ഞൊടിയിടയ്ക്കുള്ളില്‍

എന്നിലെ എല്ലാം കവരുകയായിരുന്നു

ഒരിക്കലും ഒന്നും വീണ്ടെടുക്കാനാകാതെ.


മനസ്സിന്‍റെ വേലിയേറ്റങ്ങളില്‍,

കണ്ണീരിന്‍റെ അലയടികളില്‍,

മുറിവിന്‍റെ നീറ്റലുകള്‍ എന്നും.

നാലു ചുമരുകല്‍ക്കിടയിലെ

ഇരുണ്ട മുറിയില്‍ ഞാന്‍

തനിച്ചങ്ങനെ പേടിച്ചരണ്ട്,ഈ ഏകാന്തതയില്‍.


ഒരു ചിറകടിയൊച്ചയായ്,

എന്നെ സ്വീകരിച്ച്

എന്നിലെ കളിത്തോഴിയായി തീരുകയായിരുന്നവള്‍.

പിന്നെയൊരു സ്വപ്നമായി...

എന്‍ പ്രിയസഖിയായി...

അഭ്യുതയാംക്ഷിയായ്.


കാലങ്ങളേല്‍പ്പിച്ച മുറിവുകളുണക്കാന്‍-

പുഞ്ചിരി തൂകുന്ന പാല്‍ചന്ദ്രനായി

നിറയുന്ന വസന്തമായി

ഒഴുകുന്ന പുഴയും കളകള നാദവുമായി

സ്വപ്നങ്ങളായ്...സ്വപ്നസങ്കല്പങ്ങളായി

വീണ്ടും നിന്നെ കാതോര്‍ക്കുന്നു.


നീ ചിലപ്പോള്‍ വാതോരാതെ സംസാരിക്കും

ചിലപ്പോള്‍ പൊട്ടിച്ചിരിക്കും

മറ്റു ചിലപ്പോള്‍ മൂകമായി തീരും

അങ്ങനെ എപ്പോഴോ ഒറ്റപ്പെടലില്‍ നിന്നകന്ന്

ദുഃഖങ്ങളില്‍ നിന്നകന്ന്‍  നമ്മള്‍

ഏകാന്തമായി പ്രണയിക്കുകയായിരുന്നില്ലേ....?


കളിക്കൂട്ടുകാരായി...യുവമിഥുനങ്ങളായി

കാമുകി കാമുകന്‍മാരായി

നമ്മളില്‍ മാത്രം അവസാനം വരെ.

ഒരു പക്ഷേ കാലങ്ങള്‍ക്കായി ഞാന്‍

അരങ്ങൊഴിയുമ്പോള്‍ നീ മാത്രം

ഏകാന്തമായീ വീണ്ടും ഇവിടെ.


എന്തിനാണിങ്ങനെ ഉറങ്ങുന്ന ഭൂമിയില്‍ ഉറക്കമിളയ്ക്കുന്നത്?

എന്തിനാണിങ്ങനെ ഉണരുന്ന ഭൂമിയില്‍ ഉറങ്ങാന്‍ കിടക്കുന്നത്?

അതാണിന്നെന്‍ ശൂന്യമാം ഹൃദയം മുഴുവന്‍.

ഉറങ്ങുന്ന ഭൂമിയും,തുടിക്കുന്ന എന്‍ മനസ്സും

ശൂന്യതയില്‍,ഏകാന്തതയില്‍,

ഉറങ്ങുന്ന ഭൂമി.

















Sunday, 11 December 2011

മഴചിത്രങ്ങള്‍








ങ്ങകലെ പച്ചവിരിപ്പിട്ട മലനിരകള്‍ക്കിടയിലൂടെ  പ്രഭാതത്തെ വരവേല്‍ക്കുന്ന സൂര്യന്‍.തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തില്‍നിന്നും സുപ്രഭാതം ഒരു കുളിര്‍തെന്നലായി വന്നുകൊണ്ടിരുന്നു.ഉറക്കം വരാതെ,കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ചാരുലതയ്ക്ക് വല്ലാതെ അസ്വസ്ഥത തോന്നി.ജനല്‍പാളിയുടെ നേര്‍ത്ത വിടവിലൂടെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.പുതപ്പെടുത്ത് തലവരെ ഒന്നുകൂടി മൂടിപ്പുതച്ചു.

വിശാലമായ കടല്‍തീരത്തുകൂടി പവിത്രന്‍റെ കൈയും പിടിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു ദാവണിക്കാരി പെണ്‍കുട്ടി.അവള്‍ക്ക് ചാരുലതയുടെ അതേ മുഖം.തീരത്തെ പുണര്‍ന്നുപുല്‍കുന്ന തിരമാലകളെ നോക്കിയിരുന്ന പവിത്രന്‍ പെട്ടന്ന് പെണ്‍കുട്ടിയുടെ കൈകുടഞ്ഞ് തിരമാലകല്‍ക്കിടയിലൂടെ അങ്ങ് ദൂരേയ്ക്ക്....അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു.പവീ....പോകരുത്.എന്നെ തനിച്ചാക്കി എങ്ങും....

ആ.. അതൊരു നിലവിളിയായിരുന്നു.തണുപ്പിന്‍റെ അധിക്യത്തിലും വിയര്‍ത്തു കുളിക്കുകയായിരുന്നു ചാരുലത.അവള്‍ വേഗം ലൈറ്റിട്ടു.ചുവരില്‍ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.

ഇന്ന് "ഡിസംബര്‍ 8"

പവിത്രന്‍റെ രണ്ടാം ചരമവാര്‍ഷികം

ഈശ്വരാ....പൊട്ടികരഞ്ഞുപോയി ചാരുലത.

പതിയെ കട്ടിലില്‍നിന്നും എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ഡയറിതാളുകള്‍ക്കിടയിലൂടെ വെറുതെയൊന്നു പരതി.

"ഡിസംബര്‍ 8 " അവള്‍ എഴുതി.

പവീ....നീയെവിടെയാണ്.എനിക്കജ്ഞാതമായ ഒരു ലോകത്തിരുന്ന് നീയെന്നെ കളിപ്പിക്കയാണോ....എനിക്ക് വയ്യാ....പവീ....

അന്നൊരു ദിവസം നീയെനിക്ക് സമ്മാനിച്ച "മഴച്ചിത്രങ്ങള്‍" ഒരു തൂവല്‍ സ്പര്‍ശംപോലെ ഒരു മയില്‍പ്പീലിപോലെ ഞാനിന്നും നെഞ്ചിലേറ്റി ലാളിക്കുകയാണ്.ഇന്ന്,ഈ ചിത്രങ്ങലില്ലെങ്കില്‍,ചാരുലതയില്ല.

പുഴയോരത്തെ കൊച്ചു കുടിലില്‍ രവിവര്‍മ്മച്ചിത്രങ്ങളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന നിന്നരികിലിരുന്ന് നെയ്തെടുത്ത സ്വപ്നങ്ങള്‍....

എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..

"അല്ലാ,പവീ...നിന്‍റെ ചിത്രങ്ങള്‍ക്കൊക്കെ മഴയുടെ ച്ചായയാണല്ലോ.

ദേ,കണ്ടില്ലേ ഇത് പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന മഴയെപ്പോലെയുണ്ട്.ഇവിടെ ദേ,ഒരു പെരുമഴ പെയ്ത് തോര്‍ന്നതുപോലെ.പക്ഷേ,എനിക്കിഷ്ടം ഇലതുമ്പില്‍ ബാക്കിയായ മഴത്തുള്ളിയുടെ നേര്‍ത്ത സംഗീതമാണ് കേട്ടോ....ഓ,കാവ്യഭാവന തുടങ്ങിയല്ലോ ചാരു....

ബാക്കി പറയ്യ്‌ കേള്‍ക്കട്ടെ....

ഇല്ല്യാ....പവിക്കെപ്പഴും തമാശയാ

ഇനി ഞാനൊന്നും പറയില്ല്യാ.പോരെ.

പോരല്ലോ,നാളെ താന്‍ ചിത്രപ്രദര്‍ശനം കാണാന്‍ വരുന്നില്ലേ....

ചായത്തില്‍ ഒന്നുകൂടി ബ്രഷ്മുക്കി പവിത്രന്‍ തുടര്‍ന്നു.

ഒരുപാടു നാളായുള്ള എന്‍റെ സ്വപ്നമാണിത്....

എന്‍റെ മഴചിത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഒരുപാട്‌ ആളുകള്‍....

പിന്നെ,എന്‍റെ ജീവിതത്തിന് നീ കൂട്ടേകാന്‍,മഴയുടെ ഗന്ധമായ്‌ നീയും....

ചാരുലതയുടെ കണ്ണുകള്‍ വിടര്‍ന്നു.അവളുടെ മുഖം സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി.

മതി പവീ....ഇന്നിപ്പോ ഇത്രയൊക്കെ വരച്ചില്ലേ...

നാളെ നേരത്തേ എഴുന്നേല്‍ക്കണ്ടതല്ലേ.

എന്‍റെ അച്ഛനും അമ്മയുമൊക്കെ   പവിത്രന്‍റെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്ക്യാ...

നേരം വെളുക്കുമ്പോതന്നെ ഞങ്ങള് റെഡിയാ.

ഒരുപാട്‌ സന്തോഷിച്ച്,മതിമറന്ന് വീട്ടിലേക്ക്‌ പോയ പവീ..


ചാരുലതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...

ഇപ്പോഴുമത് കണ്മുന്‍പില്‍ കാണുംപോലെ...ഒന്നും മറന്നിട്ടില്ല്യാ....

അന്നത്തെ രാത്രിയില്‍,നിര്‍ത്താതെ പെയ്ത പെരുമഴയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍വച്ച പവിത്രന്‍റെ ചിത്രങ്ങളെല്ലാം മഴയിലലിഞ്ഞുചേര്‍ന്നു.

നിറക്കൂട്ടുകളെല്ലാം മഴത്തുള്ളികള്‍ക്കൊപ്പം നീര്‍ച്ചാലുകളായി ഒഴുകി...

പവിയെ എങ്ങനെ അശ്യസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ പോയി.

കുടിലില്‍ അങ്ങിങ്ങായി ചിതറിവീണ ചായക്കൂട്ടുകള്‍ക്കിടയിലൂടെ അവള്‍ നടന്നു.

ചാരുവിന്‍റെ കണ്ണുകള്‍ പവിത്രനുവേണ്ടി പരതി.

ചിത്രങ്ങളുടെ മറവില്‍ കാലുകളില്‍ മുഖംചായ്ച്ച് കുനിഞ്ഞിരിക്കുന്ന ഒരു മനുഷ്യകോലം...അത്....അത് പവിയായിരുന്നോ....

പവീ....അവള്‍ വിളിച്ചു.അവന്‍ മുഖമുയര്‍ത്തി ചാരുവിനെ നോക്കി.

ഏതോ ഓര്‍മ്മയിലകപ്പെട്ട് നിര്‍ജ്ജീവമായിരുന്ന തന്‍റെ പവി.

ദുഖത്തിന്‍റെ കരിനിഴല്‍ വീശിയ അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

പവിയുടെ ചുമലില്‍ ചാരു പതിയെ സ്പര്‍ശിച്ചു.

പവീ....

അവന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളികേട്ടു.

ചാരൂ...ഈ മഴ എന്‍റെ ചിത്രങ്ങളെ ഇത്രയേറെ സ്നേഹിച്ചിരുന്നോ?

ഒരു പെരുമഴയായ് വന്ന്,എന്‍റെ മഴച്ചിത്രങ്ങളെ ഒപ്പിയെടുത്ത മഴയ്ക്ക്,അറിയാമായിരുന്നില്ല എന്‍റെ സ്വപ്നങ്ങളെയാണ് അവന്‍ തകര്‍ത്തതെന്ന്.

എനിക്കതില്‍ ദുഖമില്ല ചാരൂ....

എനിക്ക് സന്തോഷം മാത്രം.

ഇപ്പോള്‍ മനസ്സില്‍ മഴ പെയ്യുകയാണ്....സന്തോഷത്തിന്‍റെ,സ്നേഹത്തിന്‍റെ മഴ.പവിത്രന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.അവന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി.നെഞ്ചിലൂടെ ഒരു മിന്നല്‍.വലതുകരം അവന്‍ നെഞ്ചില്‍ താങ്ങി.

എന്‍റെ മഴച്ചിത്രങ്ങളെ കൊണ്ടുപോയതുപോലെ..എന്നെയും അവര്‍....പവിത്രന്‍റെ കാലുകള്‍ വേച്ചുപോയി.പവീ...ചാരുലത അവനെ അവളുടെ കൈകളില്‍ താങ്ങി.

എന്താ...എന്തുപറ്റി...നീ നന്നായി വിയര്‍ക്കുന്നുണ്ടല്ലോ.ചാരു കരഞ്ഞുപോയി.

ചാരുവിന്‍റെ കൈകളില്‍ നിന്നും ഊര്‍ന്ന് ഒരു പുല്‍ക്കൊടിപോലെ പവിത്രന്‍ നിലത്തുവീണു.

പവീ...അതൊരു അലര്‍ച്ചയായിരുന്നു.

പുറത്ത് ശക്തിയായ മഴ പെയ്തുകൊണ്ടിരുന്നു.

ചാരുവിന്‍റെ മടിത്തട്ടില്‍ കിടന്ന്‌ പവിത്രന്‍ പറഞ്ഞു.

ദാ...നോക്കൂ...അവര്‍ വന്നു...

എന്നെ കൊണ്ടുപോകാന്‍....

അവന്‍റെ വാക്കുകള്‍ കുഴഞ്ഞുപോയി....

ചാരൂ...എന്‍റെ...ന്‍റെ...ചി...ത്ര...ങ്ങള്‍.

ഓര്‍മ്മയില്‍നിന്നും ചാരു ഞെട്ടിയുണര്‍ന്നു.ചാരുലത പൊട്ടികരഞ്ഞു...

മുറിയില്‍ ചുമരിനോട് ചാരിവച്ച പവിത്രന്‍റെ ചിത്രങ്ങളെ അവള്‍ തലോടി.കണ്ണുനീര്‍കൊണ്ട് ഉമ്മകള്‍ നല്‍കി.

പവീ...എന്‍റെ പവീ...

പുറത്ത്,തണുത്ത കാറ്റ് വീശി കൂടെ ശക്തിയായ മഴയും.ചാരുലത ജനല്‍പാളികള്‍ മെല്ലെ തുറന്നുനോക്കി...ഒന്നും കാണാന്‍ വയ്യാ..ഒരു പുകപോലെ...മഴയുടെ ശക്തി കൂടി വന്നു.

ചിതറിവീണ മഴത്തുള്ളികളോടൊപ്പം തണുത്ത കാറ്റും അവളുടെ മുഖത്ത് വീശി...വല്ലാത്ത കുളിര് തോന്നി.കൈക്കുമ്പിളിലെടുത്ത മഴത്തുള്ളിയെ മൃദുവായി ചുംബിച്ച് അവള്‍ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി.പവീ...ദേ...നിന്‍റെ മഴയോടൊപ്പം ഞാനിവിടെ ഒറ്റയ്ക്ക്...അടുത്ത നിമിഷം അവളുടെ ദേഹത്തേയ്ക്ക് ഒരു തണുത്ത കാറ്റുവീശി...ശരീരമാകെ ഒന്നു വിറങ്ങലിച്ചതുപോലെ ചാരുലതയ്ക്ക് തോന്നി.

അപ്പോഴും...

പുറത്ത്‌ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു...

ഒരു സാന്ത്യനം പോലെ...