Monday, 30 January 2012

ഇരുട്ടിന്‍റെ ആത്മാവിനോട്

രുട്ടിനെ എനിക്കിഷ്ടമാണ്, എന്നും എന്‍റെ കൂടപ്പിറപ്പായിരുന്നല്ലോ അത്.നിങ്ങള്‍ എന്നെങ്കിലും ഇരുട്ടിന്‍റെ ആത്മാവിനോട് സംസാരിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കാറുണ്ട് എന്നും.കണ്‍പോളകള്‍ അനുസരണക്കേട്‌ കാട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് അവ ഇരുട്ടിനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.മുറിക്കുള്ളില്‍ ജാലകത്തിനരികെ വളരുന്ന ചെടി പ്രകാശത്തിലേക്കു ചാഞ്ഞു ചാഞ്ഞു പോകുന്നതുപോലെയാണത്.

ഞാന്‍ എന്തുകൊണ്ടാണ് ഇരുട്ടിനെ സ്നേഹിച്ചതും അവയോട് കൂട്ടുകൂടിയതും?

പുറമെയുള്ളവര്‍  നല്ലവരല്ലാത്തതുകൊണ്ടല്ല,എന്നില്‍ നന്മയുടെ കുറവുള്ളതുകൊണ്ടാണ് എനിക്കു സുഹൃത്തുക്കള്‍ ഇല്ലാതെ പോയതിനു പിന്നില്‍.എല്ലാ അര്‍ത്ഥത്തിലും തെറ്റിലേക്കു വഴുതിപോകാന്‍ സാദ്ധ്യതയുള്ള പരിസരത്തിലാണ് ഞാന്‍ ജീവിച്ചത്.

ഉള്ളു നിറയെ നന്മയുടെ നിലാവെളിച്ചമുണ്ടെങ്കില്‍.....നിങ്ങള്‍ക്കും എന്‍റെ കാതില്‍ മന്ത്രിക്കാം"ഞാന്‍ നിന്നെ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നുവെന്ന്"

പത്തായപ്പുരയുടെ മുകളിലെ പൂപ്പല്‍ പിടിച്ച ചില്ലുഓടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തെകണ്ട് വിസ്മയംപൂണ്ട് മുഖം വിടര്‍ത്തി നില്‍ക്കുന്ന എന്‍റെ കുട്ടികാലം.അപ്പോഴൊക്കെ എന്‍റെ മനസ്സ് നിര്‍മലമായിരുന്നു.പ്രകാശം തനിക്കു ചുറ്റിനുമുള്ളവരെ പ്രകാശിപ്പിക്കുന്നു എന്നത് പ്രകൃതിനിയമംതന്നെ,പക്ഷെ....ആരു ചേര്‍ന്നുനില്‍ക്കുന്നു എന്നതല്ല ചേര്‍ന്നു നില്‍ക്കുന്നവരുടെ ജീവിതത്തെ എന്തുമാത്രം പ്രകാശിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നമ്മുടെ ജീവിതത്തിന്‍റെയും ഗുണമേന്മ നിര്‍ണയിക്കുന്ന ഒരുപാധിയെന്നു തോന്നുന്നു.


അത്യാധുനികതയുടെ സുഖം തേടിയുള്ള യാത്രയില്‍ കൈമുതലായുണ്ടായിരുന്ന ലാളിത്യവും സരളതയും എവിടെയോ കളഞ്ഞുപോയി.ആര്‍ഭാടജീവിതത്തിന്‍റെ സുഖസൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന ആസ്വസ്ഥതയ്ക്കും അസംതൃപ്തിക്കും പകരം നാളെയെക്കുറിച്ച്,
പിന്നാലെ വരുന്ന തലമുറയെക്കുറിച്ച് അല്പം കരുതല്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.ദൈവം സമ്മാനിച്ച ഈ പ്രപഞ്ചത്തെ അല്പംകൂടി ആദരവോടെ കാണാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.


പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലും തിരസ്കരണാനുഭവങ്ങളിലും,പ്രതികൂലങ്ങളിലും അതിജീവിച്ച് നില്ക്കാന്‍,സമചിത്തത വെടിയാതെയിരിക്കാന്‍....ഞാന്‍ ഇനിയും തിക്താനുഭവങ്ങളെ ഏറ്റെടുക്കാന്‍ കരുത്ത് നേടണം.


Tuesday, 13 December 2011

THE MOST

The most damaging one letter word is I-avoid

The most satisfying two letter word is'We'-use it

The most poisonous three letter word is 'Ego'-kill it

The most used four letter word is 'love'-value it

The most pleasing five letter word is 'Smile'-give it

The most spreading six letter word is 'Rumour'-shun it

The most enviable seven letter word is 'Success'-achieve it

The most nefarious eight letter word is 'Jealousy'-dispossess it

The most powerful nine letter word is 'Knowledge'-acquire it

The most essential ten letter word is 'Confidence'-gain it

സാക്ഷാത്കരിക്കാന്‍ ഒരു സ്വപ്നമില്ലെങ്കില്‍...

"ഞങ്ങള്‍ ഇങ്ങിനെ ആയിത്തീരാന്‍ കാരണം ഞങ്ങളുടെ ചുറ്റുപാടുകളാണെന്ന് ആളുകള്‍ സാധാരണ പറയാറുണ്ട്.ഞാന്‍ ചുറ്റുപാടുകളില്‍ വിശ്വസിക്കുന്നില്ല.ജീവിതത്തില്‍ മുന്നേറിയിട്ടുള്ളവരെല്ലാം ഈ ലോകത്തില്‍ എണീറ്റുനിന്ന് തങ്ങള്‍ക്കാവശ്യമുള്ള ചുറ്റുപാടുകള്‍ എവിടെയാണെന്ന് അന്വേഷിച്ചവരാണ്.അങ്ങിനെയുള്ള ചുറ്റുപാട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ തന്നെ അത്തരം ചുറ്റുപാട് സൃഷ്ടിക്കുന്നു". - ജോര്‍ജ്ജ് ബെര്‍ണാഡ്ഷാ


നാം എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ഇച്ചിക്കുന്നുവോ വിശ്വസിക്കുന്നുവോ അങ്ങിനെ ആയിത്തീരും.ഞാന്‍ എന്താണോ അത് ദൈവത്തിന്‍റെ ദാനമാണ്.ഞാന്‍ എന്തായിത്തീരുന്നുവോ അത് ദൈവത്തിന് ഞാന്‍ നല്‍കുന്ന സമ്മാനവും.

എപ്പോഴും പറയാറുള്ളതും ഞാന്‍ അനുഭവിച്ചറിയുന്നതുമായ ഒരു സത്യമിതാണ്.സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത് എന്ന്.

പക്ഷെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും ഞാനും നിങ്ങളും മറന്നുതുടങ്ങിയിരിക്കുന്നു,കാലത്തിന്‍റെ മാറ്റങ്ങള്‍.സ്വപ്നം ഒരു വൈറസ്‌ പോലെയാണ്,വല്ലാത്ത ഒരു മാസ്മരികശക്തി അവയ്ക്കുണ്ട്.യുവജനങ്ങളുടെ ഭാവനയ്ക്ക് ചിറകുകളും ബുദ്ധിക്ക് കൂര്‍മ്മതയും മനസ്സില്‍ ദര്‍ശനങ്ങളും സ്വപ്‌നങ്ങള്‍ നല്‍കും.

എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിട്ടില്ല.എത്രയൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നാലും ഞാന്‍ എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.എനിക്ക് പ്രചോദനം നെപ്പോളിയന്‍റെ വാക്കുകളാണ്"അസാധ്യമെന്ന പദം എന്‍റെ നിഖണ്ഡുവിലില്ല".

നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗശക്തിയെ കണ്ടെത്തുക അതിനെ ജ്യലിപ്പിക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കുക.

ഓര്‍ക്കുക കൂടെ ചിരിക്കാന്‍ ഒത്തിരിപേര്‍ കാണുമായിരിക്കും മറിച്ച് കരയുമ്പോള്‍ ഒന്ന് കൂടെ ഇരുന്ന് ആശ്യസിപ്പിക്കാന്‍ നമ്മുടെ നിഴല്‍ മാത്രമേ കാണുകയുള്ളൂ.

'ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം' എന്ന തന്‍റെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അല്‍ഫോണ്‍‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത് ഭാരതീയരെ സ്വപ്നംകാണാന്‍ പ്രേരിപ്പിക്കുകയെന്നതാണ്  പുസ്തകത്തിന്‍റെ ഉദ്ദേശം എന്നാണ്.ആകാശത്തേക്ക് നോക്കി മനോരാജ്യക്കാരനായി എന്നും  സ്വപ്നങ്ങള്‍ സഫലമാക്കാന്‍ യത്നിച്ചുവെന്നാണ് തന്‍റെ ഉയര്‍ച്ചയെക്കുറിച്ച് പ്രശസ്തനായ ആ ഐ.എ.സ് കാരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

സൂര്യകിരണങ്ങളേറ്റും നിലാവില്‍മുങ്ങികുളിച്ചും നമുക്ക് സ്വപ്നങ്ങള്‍ കാണാം.മനസ്സിന്‍റെ അടിത്തട്ടില്‍ നമുക്ക് അവ ശേഖരിക്കാം.ജീവിതവിജയത്തിന്‍റെ നല്ല നാളുകള്‍ നമ്മെ കാത്തിരിക്കുന്നു....








                                                                                                                                           


നിനവ്

നീരവമാമൊരീ ഏകാന്ത സന്ധ്യയില്‍

ആഴിയെപ്പുണരാനെത്തുന്നു സൂര്യന്‍

ചക്രവാളത്തിന്‍ നിണമാര്‍ന്ന തിരശീലയില്‍

ചെന്നെത്തി നില്‍ക്കുന്നുവിന്നെന്‍ കാഴ്ചകള്‍


നിരാര്‍ദ്രതയുടെ വരണ്ടഭൂവില്‍

ഒരു മുറിപ്പാട്ടിന്‍ പ്രതീക്ഷതന്‍ നേരത്തും

രാത്രി മഴയിലെ പുതുമണ്ണിന്‍ ഗന്ധവും

നിലാവും,താരങ്ങളും,ഒരു കുഞ്ഞു തുമ്പിയും

അമ്മതന്നുമ്മയും,നിറമാര്‍ന്നെന്‍ സ്വപ്നങ്ങളും

രാക്കിളിയെപ്പോല്‍ വന്നോര്‍മ്മയില്‍ ചേക്കേറുന്നു


ശൂന്യതയുടെ വിരസവീണയില്‍

കൈചേര്‍ത്തു ഞാന്‍നില്‍ക്കവേ

മഴകാത്തു കേഴുന്നൊരു വേഴാമ്പല്‍ നാദം

വായുവിലലിഞ്ഞു മാഞ്ഞിടുന്നു


എന്നിട്ടും എന്‍റെയീ ജാലകച്ചില്ലയില്‍ പൂവിട്ടമുല്ലകള്‍

കൊരുത്തു ഞാന്‍ നില്‍ക്കുന്നു വീണ്ടും

വെറുതെയെന്തിനോ ഏകനായ് വീണ്ടും.

സ്വപ്ന സ്വയംവരം

കേട്ടതില്‍ നിന്ന് കതിരിട്ട പ്രണയം

കാണുവാന്‍ മനസ്സിന്‍റെ വെമ്പല്‍

ചിരിയുടെ നിഷ്ക്കളങ്കത ചരിതങ്ങളില്‍

കണ്‍കോണുകളില്‍ വസന്തകാലം

മനസ്സ് അറിയാതെ മണിമുഴക്കി.

ഡിസംബറിന്‍റെ തണുപ്പില്‍

മനസ്സുതുറക്കലിന്‍റെ കണ്ണുനീര്‍

മിണ്ടാട്ടത്തിന്‍റെ വേനല്‍

പ്രതീക്ഷയുടെ മഴക്കാലം.

ഇഷ്ടം നിശബ്ദതയില്‍ കൊഴിയും കാലം

വിരഹത്തിന് മുമ്പിലെ കണ്ടുമുട്ടലുകള്‍

മനസ്സിന്‍റെ നിലയ്ക്കാത്ത വിചാരണ

വഴിവിട്ട വിരഹകാലം.

ഓര്‍മ്മകളുടെ ചേക്കേറലില്‍

മനസ്സിന്‍റെ സ്വയംവരം

വാദ്യവും വായ്ത്താരിയും

സ്വപ്നമണ്ഡപത്തില്‍

വധുവിന്‍റെ വരണമാല്യത്തിന്

മുമ്പില്‍ മോഹങ്ങളുമായി

വരന്‍റെ ശിരസ്സ്‌.

സ്വയംവരം! നിലാവും തെന്നലും

സാക്ഷികള്‍.അതെ,വരനായ്....



അല്പം സ്വകാര്യങ്ങള്‍

ആരോടും പറയാത്ത ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകില്ലേ.ഒറ്റയ്ക്ക് പൂമുഖത്തെ ചൂരല്‍കസേരയില്‍ കിടക്കുമ്പോള്‍ ഓര്‍ക്കുന്ന ചില നിമിഷങ്ങള്‍.എനിക്കുമുണ്ട് അത്തരത്തില്‍  ചിലത്.

ആദ്യത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് അതു സംഭവിച്ചത്.സ്കൂളില്‍ സ്പോര്‍ട്സ്‌ ആന്‍ഡ്‌ ആര്‍ട്സ്‌ നടക്കുന്നു,പെട്ടന്നാണ് ഒരുത്തന്‍ പറഞ്ഞത് നമുക്ക് സിനിമയ്ക്കു പോയാലോ?ഞങ്ങള്‍ മൂന്ന്പേരുണ്ടായിരുന്നു.ആദ്യം ആരും ഒന്നും പറഞ്ഞില്ല.പിന്നെ ഒരു വാശിയായി എല്ലാവര്‍ക്കും.

ഞാന്‍ ആണ് പറഞ്ഞത് തൃശൂര്‍ പോകാം.അവിടെ soldier കളിക്കുന്നു.കളര്‍ ഡ്രസ്സ്‌ ആയതുകൊണ്ട് ആരും തിരിച്ചറിയില്ല.അങ്ങിനെ ആനവണ്ടിയില്‍ കയറി തൃശ്ശൂരിലേക്ക് യാത്രയായി.എത്ര വട്ടം പോയിരിക്കുന്നു പക്ഷെ അന്നൊന്നും പുറത്തെ കാഴ്ചകള്‍ക്ക് ഇത്രയും മനോഹാരിത തോന്നിയിട്ടില്ല.ചെന്നപ്പോഴേക്കും പടം തുടങ്ങിയിരുന്നു.പ്രീതിസിന്‍റയുടെ തകര്‍പ്പന്‍ പാട്ട്സീന്‍.

ഇടവേളയില്‍ സമൂസയും പിന്നെ ഐസ്ക്രീമും.എന്തോ ഒരു വലിയ സാഹസികപ്രവര്‍ത്തി ചെയ്ത പോലെയാണ് ഞങ്ങള്‍ക്ക് അന്ന് തോന്നിയത്.

സിനിമയ്ക്ക് ശേഷം ഒരു ബിരിയാണി.പിന്നെ തേക്കിന്‍കാട് മൈതാനത്തില്‍ അല്പംസമയം കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്നു.എന്തിനെപറ്റിയൊക്കെയാണ് അന്ന് സംസാരിച്ചത്.എത്രയോ യാത്രകളും സിനിമകളും പിന്നീട് കണ്ടിരിക്കുന്നു.പക്ഷെ അന്നത്തെ ഒരു സുഖമോ ത്രില്ലോ ഇന്നില്ല.


ആദ്യത്തെ പ്രണയം

കോളേജിലെ ലഞ്ച് ടൈം അനുവും,ജിഷയും ഓടിവന്ന് ഒരു കാര്യം പറഞ്ഞു.

"ടാ ഷെറിന് നിന്നോട് എന്തോ പറയാന്‍ ഉണ്ട് നീ ഒന്ന് ചാപ്പലില്‍ വരണം".

ആദ്യം ഒന്ന് പകച്ചെങ്കിലും ഗ്രൂപ്പ്‌ലീഡറല്ലേ ഞാന്‍ ചെന്നു.അനു വന്നു പറഞ്ഞു

"നിങ്ങള്‍ സംസാരിക്കൂ ഞങ്ങള്‍ ഇവിടെയൊക്കെയുണ്ട്"

ഷെറിന്‍ എന്നെ നോക്കി പറഞ്ഞു

"അതേ ഒരു കാര്യം ഉണ്ട് പറയാന്‍,പറയാമോ"?

"അതിനെന്താ പറഞ്ഞോളൂ" ഞാന്‍ മറുപടി പറഞ്ഞു.

"എനിക്കൊരു ചെറിയ ഇഷ്ടം തോന്നുന്നു നിന്നോട്,എനിക്കൊരു മറുപടി തരണം"ഷെറിന്‍ പറഞ്ഞു.

അത് ഒരു കുടുക്കായിരുന്നു,പിറ്റേ ദിവസം പതിവിന് വിപരീതമായി ഞാന്‍ നേരത്തേ ക്ലാസ്സില്‍ ചെന്നു.ഹാര്‍ട്ട്‌ ബീറ്റ്‌ പത്ത് കിലോമീറ്റര്‍ അപ്പുറത്ത് കേള്‍ക്കാം.എല്ലാവരും ഗുഡ് മോര്‍ണിംഗ് തരുന്നു.എനിക്കെന്തോ പന്തികേട് തോന്നി എന്‍റെ ഗ്രൂപ്പിലെ ആരെയും കാണുന്നില്ല.ഞാന്‍ ആകെ ഞെരിപിരികൊള്ളാന്‍ തുടങ്ങി.ദാ ഷെറിന്‍ വരുന്നു.

അവളും തന്നു ഒരു ഗുഡ് മോര്‍ണിംഗ്.അന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരത്തിന് ഇത്ര മധുരം ഉണ്ടെന്ന് എനിക്കു തോന്നിയത്.

"വെരി ഗുഡ് മോര്‍ണിംഗ് ഷെറിന്‍"ഞാന്‍ പറഞ്ഞൊപ്പിച്ചു.

ക്ലാസ്സ്‌ തുടങ്ങി ഒരു അനക്കവുമില്ല,ഞാന്‍ ഇടക്കിടക്ക്‌ ഒന്നു നോക്കും എല്ലാവരും എന്നെ തന്നെ നോക്കുന്നു.ക്ലോക്കിലെ സൂചി അനങ്ങുന്നില്ല.ദാ വരുന്നു ഒരു കുറിപ്പ്"ടാ നിയാണ് ഇന്നത്തെ ഫൂള്‍,പയ്യെ എണീറ്റ്‌ കാന്‍റീനിലോട്ട് വിട്ടോ"

എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം ഞാന്‍ തീരുമാനിച്ചു.അവിടന്നങ്ങോട്ട് ഷെറിനെ കാണുമ്പോള്‍ ഒരു കൈകാല്‍വിറ.കാര്യം ഇങ്ങിനെയൊക്കെയായാലും ഒരു ചെറിയ ഇഷ്ടം പുള്ളിക്കാരിക്ക് ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇപ്പോഴും ബാക്കിയാണ്.

അതെ എന്‍റെ ആദ്യത്തെ പ്രണയം.ഒരു ജാള്യതയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിലും അത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു സുഖമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയാണ് പറഞ്ഞത്.

"നിനക്ക് ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നു,ഒരു ഷെറിന്‍"അവളുടെ വിവാഹം ആണത്രെ.

വിവാഹദിവസം പഴയ ഗ്രൂപ്പിലെ മെംബേര്‍സിനെ ആരെയും കണ്ടില്ല.ഷെറിന്‍ പറഞ്ഞു

 "ഞാന്‍ അധികം ആരെയും ക്ഷണിച്ചിട്ടില്ല കേട്ടോ"

ആശംസകള്‍ നേരുന്നതിനായി സ്റ്റേജില്‍ കയറിയപ്പോള്‍ വീണ്ടും ഒരു കൈകാല്‍ വിറ.അങ്ങിനെ ആദ്യത്തെ പ്രണയവും മണ്ണടിഞ്ഞു.

പ്രഥമ മദ്യപാനം

പത്തിലെ ടൂര്‍ ഒരു സംഭവം ആണല്ലോ,ഞാനും പോയി മൈസൂര്‍,പഴനി,കൊടൈകനാല്‍,കന്യാകുമാരി.രണ്ട് ബസ്‌ നിറയെ കുട്ടികള്‍.കന്യാകുമാരിയില്‍ റൂം എടുത്തു എല്ലാവരോടും കുളിച്ച് ഡ്രസ്സ്‌ മാറി വരാന്‍ കല്‍പ്പന കിട്ടി.ഞാന്‍ നോക്കുമ്പോള്‍ കുളിമുറിയില്‍ വല്ലാത്ത തിരക്ക്.ഇതെന്താ ഇതിനുമാത്രം  തിരക്ക് അവിടെ? പൊതുവേ ഞാന്‍ ഒരു സംശയരോഗിയാണ്.അല്പം ബലംപിടിക്കേണ്ടിവന്നു സത്യം കണ്ടുപിടിക്കാന്‍.പരസ്പരം സഹകരിച്ച് വെള്ളമടിക്കുന്നു.സഹകരണം എന്നു പറയാന്‍ കാരണം ആകെ ഒരു ചില്ലുഗ്ലാസ്സ് മാത്രമേയുള്ളു.വീട്ടിലെ അടുക്കളയില്‍ തേന്‍ ഒഴിച്ചുവെച്ചിരിക്കുന്ന അതേ കുപ്പി.ഞാന്‍ കണ്ടസ്തിതിക്ക് ഞാനും കൂടെ കുടിക്കണമെന്നായി അവര്‍.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും ഒരേ കാര്യം.ആഹാ,എന്താ ചവര്‍പ്പ് ഒറ്റ വലിക്ക് ഞാന്‍ ആ ദ്രാവകം അകത്താക്കി.

ആദ്യം ഒന്നും തോന്നിയില്ല,ഒന്ന് പൂസാകാന്‍ എത്ര കൊതിച്ചുവെന്നോ...."എല്ലാവരും പുറത്തേക്കിറങ്ങൂ ബോട്ടിന് സമയമായി" സംയുക്ത കല്‍പ്പന വന്നു. വരിവരിയായി ബോട്ടിലേക്ക്, അലറുന്ന തിരമാലകളെ കീറിമുറിച്ചുകൊണ്ട് കടത്തുബോട്ട് വിവേകാനന്തപാറയെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി,ഒപ്പം എന്‍റെ തലക്കകത്തും തിരമാലകള്‍ ആഞ്ഞടിച്ചു.

ഞാന്‍ ചുറ്റും നോക്കി,ഇല്ല ആരും തിരിച്ചറിഞ്ഞിട്ടില്ല.പാറയ്ക്ക് അനക്കമോ? അല്ല എന്‍റെ കാലാണ് ഉറക്കാത്തത്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ നോക്കി ഞാന്‍ ഇരുന്നു."കേരളം ഒരു ഭ്രാന്താലയം","ഉണരുക എഴുന്നേല്‍ക്കുക". അനശ്യരനായ സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍  പതിനാലാം വയസ്സില്‍ ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.

അന്ന് മദ്യപിക്കാതെ നല്ലപിള്ള ചമഞ്ഞ എന്‍റെ ബന്ധുവും സ്നേഹിതനുമായ ബിനുകുട്ടന്‍ ഇപ്പോള്‍ എറണാകുളത്ത് ഒരു ബാര്‍ നടത്തുന്നതില്‍ പങ്കാളിയാണ്.അന്നു മദ്യപിച്ച പലരും ഇന്ന്"എന്തൂട്ടാടാ കോപ്പെ ഈ പറയണേ ഞാന്‍ അടിക്കില്ലടാ".ചുരുക്കം പറഞ്ഞാല്‍ വാദി പ്രതിയായി.

(അന്നത്തെ ബ്രാണ്ടിയുടെ മണം ഇന്നും എന്‍റെ മൂക്കില്‍ ഉണ്ട്)























Monday, 12 December 2011

മരിക്കാത്ത ഓര്‍മ്മകള്‍

ന്ന് ആദ്യം കണ്ടതില്‍പിന്നെ

നിന്‍റെ നയനങ്ങള്‍ എന്നെ സ്പര്‍ശിച്ചു

നിന്നിലെ സ്നേഹം എന്‍ ഹൃദയത്തെ

രോമാഞ്ചമണിയിക്കുന്നു,നിന്‍റെ

വേദന എന്‍റെതായി നീ നല്‍കി

നീ എന്‍റെ ജീവന്‍റെ ഭാഗമായി

എന്നിട്ടും,ചാപല്യമെന്ന് പറഞ്ഞ് എന്നെ

നീ തള്ളിക്കളഞ്ഞു.


എന്നിലെ ഹൃദയം കത്തുന്ന അഗ്നികുണ്‍ഡമായി

എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല.

എന്തിനീ വേദന നീ എനിക്ക് തന്നു.

ഒരു നറുപുഞ്ചിരിക്കായ്‌ ഞാന്‍ കൊതിക്കുന്നു.

പിണക്കമോ....സഖീ നീ....

എന്താണീ മൗനത്തിനര്‍ത്ഥം....?

ഉത്തരമരുളൂ സഖീ നീ....

കാലമാകുന്ന മരണം എന്നെ

വലയം ചെയ്യുന്നു,നിന്നോട്

ഒപ്പമായിത്തീരാന്‍ ഞാന്‍

കൊതിക്കുന്നു,നിയെന്നെ തള്ളിക്കളയരുതേ!