അങ്ങകലെ പച്ചവിരിപ്പിട്ട മലനിരകള്‍ക്കിടയിലൂടെ പ്രഭാതത്തെ വരവേല്‍ക്കുന്ന സൂര്യന്‍.തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തില്‍നിന്നും സുപ്രഭാതം ഒരു കുളിര്‍തെന്നലായി വന്നുകൊണ്ടിരുന്നു.ഉറക്കം വരാതെ,കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ചാരുലതയ്ക്ക് വല്ലാതെ അസ്വസ്ഥത തോന്നി.ജനല്‍പാളിയുടെ നേര്‍ത്ത വിടവിലൂടെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.പുതപ്പെടുത്ത് തലവരെ ഒന്നുകൂടി മൂടിപ്പുതച്ചു.
വിശാലമായ കടല്‍തീരത്തുകൂടി പവിത്രന്‍റെ കൈയും പിടിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു ദാവണിക്കാരി പെണ്‍കുട്ടി.അവള്‍ക്ക് ചാരുലതയുടെ അതേ മുഖം.തീരത്തെ പുണര്‍ന്നുപുല്‍കുന്ന തിരമാലകളെ നോക്കിയിരുന്ന പവിത്രന്‍ പെട്ടന്ന് പെണ്‍കുട്ടിയുടെ കൈകുടഞ്ഞ് തിരമാലകല്‍ക്കിടയിലൂടെ അങ്ങ് ദൂരേയ്ക്ക്....അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു.പവീ....പോകരുത്.എന്നെ തനിച്ചാക്കി എങ്ങും....
ആ.. അതൊരു നിലവിളിയായിരുന്നു.തണുപ്പിന്‍റെ അധിക്യത്തിലും വിയര്‍ത്തു കുളിക്കുകയായിരുന്നു ചാരുലത.അവള്‍ വേഗം ലൈറ്റിട്ടു.ചുവരില്‍ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
ഇന്ന് "ഡിസംബര്‍ 8"
പവിത്രന്‍റെ രണ്ടാം ചരമവാര്‍ഷികം
ഈശ്വരാ....പൊട്ടികരഞ്ഞുപോയി ചാരുലത.
പതിയെ കട്ടിലില്‍നിന്നും എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ഡയറിതാളുകള്‍ക്കിടയിലൂടെ വെറുതെയൊന്നു പരതി.
"ഡിസംബര്‍ 8 " അവള്‍ എഴുതി.
പവീ....നീയെവിടെയാണ്.എനിക്കജ്ഞാതമായ ഒരു ലോകത്തിരുന്ന് നീയെന്നെ കളിപ്പിക്കയാണോ....എനിക്ക് വയ്യാ....പവീ....
അന്നൊരു ദിവസം നീയെനിക്ക് സമ്മാനിച്ച "മഴച്ചിത്രങ്ങള്‍" ഒരു തൂവല്‍ സ്പര്‍ശംപോലെ ഒരു മയില്‍പ്പീലിപോലെ ഞാനിന്നും നെഞ്ചിലേറ്റി ലാളിക്കുകയാണ്.ഇന്ന്,ഈ ചിത്രങ്ങലില്ലെങ്കില്‍,ചാരുലതയില്ല.
പുഴയോരത്തെ കൊച്ചു കുടിലില്‍ രവിവര്‍മ്മച്ചിത്രങ്ങളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന നിന്നരികിലിരുന്ന് നെയ്തെടുത്ത സ്വപ്നങ്ങള്‍....
എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..
"അല്ലാ,പവീ...നിന്‍റെ ചിത്രങ്ങള്‍ക്കൊക്കെ മഴയുടെ ച്ചായയാണല്ലോ.
ദേ,കണ്ടില്ലേ ഇത് പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന മഴയെപ്പോലെയുണ്ട്.ഇവിടെ ദേ,ഒരു പെരുമഴ പെയ്ത് തോര്‍ന്നതുപോലെ.പക്ഷേ,എനിക്കിഷ്ടം ഇലതുമ്പില്‍ ബാക്കിയായ മഴത്തുള്ളിയുടെ നേര്‍ത്ത സംഗീതമാണ് കേട്ടോ....ഓ,കാവ്യഭാവന തുടങ്ങിയല്ലോ ചാരു....
ബാക്കി പറയ്യ് കേള്‍ക്കട്ടെ....
ഇല്ല്യാ....പവിക്കെപ്പഴും തമാശയാ
ഇനി ഞാനൊന്നും പറയില്ല്യാ.പോരെ.
പോരല്ലോ,നാളെ താന്‍ ചിത്രപ്രദര്‍ശനം കാണാന്‍ വരുന്നില്ലേ....
ചായത്തില്‍ ഒന്നുകൂടി ബ്രഷ്മുക്കി പവിത്രന്‍ തുടര്‍ന്നു.
ഒരുപാടു നാളായുള്ള എന്‍റെ സ്വപ്നമാണിത്....
എന്‍റെ മഴചിത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഒരുപാട് ആളുകള്‍....
പിന്നെ,എന്‍റെ ജീവിതത്തിന് നീ കൂട്ടേകാന്‍,മഴയുടെ ഗന്ധമായ് നീയും....
ചാരുലതയുടെ കണ്ണുകള്‍ വിടര്‍ന്നു.അവളുടെ മുഖം സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി.
മതി പവീ....ഇന്നിപ്പോ ഇത്രയൊക്കെ വരച്ചില്ലേ...
നാളെ നേരത്തേ എഴുന്നേല്‍ക്കണ്ടതല്ലേ.
എന്‍റെ അച്ഛനും അമ്മയുമൊക്കെ പവിത്രന്‍റെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്ക്യാ...
നേരം വെളുക്കുമ്പോതന്നെ ഞങ്ങള് റെഡിയാ.
ഒരുപാട് സന്തോഷിച്ച്,മതിമറന്ന് വീട്ടിലേക്ക് പോയ പവീ..
ചാരുലതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
ഇപ്പോഴുമത് കണ്മുന്‍പില്‍ കാണുംപോലെ...ഒന്നും മറന്നിട്ടില്ല്യാ....
അന്നത്തെ രാത്രിയില്‍,നിര്‍ത്താതെ പെയ്ത പെരുമഴയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍വച്ച പവിത്രന്‍റെ ചിത്രങ്ങളെല്ലാം മഴയിലലിഞ്ഞുചേര്‍ന്നു.
നിറക്കൂട്ടുകളെല്ലാം മഴത്തുള്ളികള്‍ക്കൊപ്പം നീര്‍ച്ചാലുകളായി ഒഴുകി...
പവിയെ എങ്ങനെ അശ്യസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ പോയി.
കുടിലില്‍ അങ്ങിങ്ങായി ചിതറിവീണ ചായക്കൂട്ടുകള്‍ക്കിടയിലൂടെ അവള്‍ നടന്നു.
ചാരുവിന്‍റെ കണ്ണുകള്‍ പവിത്രനുവേണ്ടി പരതി.
ചിത്രങ്ങളുടെ മറവില്‍ കാലുകളില്‍ മുഖംചായ്ച്ച് കുനിഞ്ഞിരിക്കുന്ന ഒരു മനുഷ്യകോലം...അത്....അത് പവിയായിരുന്നോ....
പവീ....അവള്‍ വിളിച്ചു.അവന്‍ മുഖമുയര്‍ത്തി ചാരുവിനെ നോക്കി.
ഏതോ ഓര്‍മ്മയിലകപ്പെട്ട് നിര്‍ജ്ജീവമായിരുന്ന തന്‍റെ പവി.
ദുഖത്തിന്‍റെ കരിനിഴല്‍ വീശിയ അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
പവിയുടെ ചുമലില്‍ ചാരു പതിയെ സ്പര്‍ശിച്ചു.
പവീ....
അവന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളികേട്ടു.
ചാരൂ...ഈ മഴ എന്‍റെ ചിത്രങ്ങളെ ഇത്രയേറെ സ്നേഹിച്ചിരുന്നോ?
ഒരു പെരുമഴയായ് വന്ന്,എന്‍റെ മഴച്ചിത്രങ്ങളെ ഒപ്പിയെടുത്ത മഴയ്ക്ക്,അറിയാമായിരുന്നില്ല എന്‍റെ സ്വപ്നങ്ങളെയാണ് അവന്‍ തകര്‍ത്തതെന്ന്.
എനിക്കതില്‍ ദുഖമില്ല ചാരൂ....
എനിക്ക് സന്തോഷം മാത്രം.
ഇപ്പോള്‍ മനസ്സില്‍ മഴ പെയ്യുകയാണ്....സന്തോഷത്തിന്‍റെ,സ്നേഹത്തിന്‍റെ മഴ.പവിത്രന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.അവന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി.നെഞ്ചിലൂടെ ഒരു മിന്നല്‍.വലതുകരം അവന്‍ നെഞ്ചില്‍ താങ്ങി.
എന്‍റെ മഴച്ചിത്രങ്ങളെ കൊണ്ടുപോയതുപോലെ..എന്നെയും അവര്‍....പവിത്രന്‍റെ കാലുകള്‍ വേച്ചുപോയി.പവീ...ചാരുലത അവനെ അവളുടെ കൈകളില്‍ താങ്ങി.
എന്താ...എന്തുപറ്റി...നീ നന്നായി വിയര്‍ക്കുന്നുണ്ടല്ലോ.ചാരു കരഞ്ഞുപോയി.
ചാരുവിന്‍റെ കൈകളില്‍ നിന്നും ഊര്‍ന്ന് ഒരു പുല്‍ക്കൊടിപോലെ പവിത്രന്‍ നിലത്തുവീണു.
പവീ...അതൊരു അലര്‍ച്ചയായിരുന്നു.
പുറത്ത് ശക്തിയായ മഴ പെയ്തുകൊണ്ടിരുന്നു.
ചാരുവിന്‍റെ മടിത്തട്ടില്‍ കിടന്ന് പവിത്രന്‍ പറഞ്ഞു.
ദാ...നോക്കൂ...അവര്‍ വന്നു...
എന്നെ കൊണ്ടുപോകാന്‍....
അവന്‍റെ വാക്കുകള്‍ കുഴഞ്ഞുപോയി....
ചാരൂ...എന്‍റെ...ന്‍റെ...ചി...ത്ര...ങ്ങള്‍.
ഓര്‍മ്മയില്‍നിന്നും ചാരു ഞെട്ടിയുണര്‍ന്നു.ചാരുലത പൊട്ടികരഞ്ഞു...
മുറിയില്‍ ചുമരിനോട് ചാരിവച്ച പവിത്രന്‍റെ ചിത്രങ്ങളെ അവള്‍ തലോടി.കണ്ണുനീര്‍കൊണ്ട് ഉമ്മകള്‍ നല്‍കി.
പവീ...എന്‍റെ പവീ...
പുറത്ത്,തണുത്ത കാറ്റ് വീശി കൂടെ ശക്തിയായ മഴയും.ചാരുലത ജനല്‍പാളികള്‍ മെല്ലെ തുറന്നുനോക്കി...ഒന്നും കാണാന്‍ വയ്യാ..ഒരു പുകപോലെ...മഴയുടെ ശക്തി കൂടി വന്നു.
ചിതറിവീണ മഴത്തുള്ളികളോടൊപ്പം തണുത്ത കാറ്റും അവളുടെ മുഖത്ത് വീശി...വല്ലാത്ത കുളിര് തോന്നി.കൈക്കുമ്പിളിലെടുത്ത മഴത്തുള്ളിയെ മൃദുവായി ചുംബിച്ച് അവള്‍ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി.പവീ...ദേ...നിന്‍റെ മഴയോടൊപ്പം ഞാനിവിടെ ഒറ്റയ്ക്ക്...അടുത്ത നിമിഷം അവളുടെ ദേഹത്തേയ്ക്ക് ഒരു തണുത്ത കാറ്റുവീശി...ശരീരമാകെ ഒന്നു വിറങ്ങലിച്ചതുപോലെ ചാരുലതയ്ക്ക് തോന്നി.
അപ്പോഴും...
പുറത്ത് ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു...
ഒരു സാന്ത്യനം പോലെ...