Tuesday, 12 June 2012

കൂട്ടുകാരി


ഴിഞ്ഞ ഏപ്രിലില്‍ കടന്നുവന്ന  ജീവിതസഖി,പക്ഷെ
 എനിക്കവള്‍ കൂട്ടുകാരിയാണ്.നിനച്ചിരിക്കാതെ പെയ്ത വേനല്‍മഴപോലെ നിറങ്ങളുടേയും വാക്കുകളുടേയും ഒരു പെയ്ത്തായിരുന്നു,ഹൃദയത്തിന്‍റെ ഉള്ളറകളെ ആദ്യം തണുപ്പിക്കുകയും പിന്നെ പിന്നെ സ്നേഹംകൊണ്ട് കുതിര്‍ക്കുകയും ചെയ്ത എന്‍റെ കൂട്ടുകാരി.

തിരിച്ചറിവിന്‍റെ കാലംമുതല്‍ ഒരു കൂട്ട്കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ? എനിക്കറിഞ്ഞുകൂടാ ഒരുപക്ഷെ ഏകാന്തതയെ മാത്രം ഇഷ്ടപെടുന്നവരുണ്ടാകാം.ഒത്തിരി  ആഗ്രഹിച്ചിട്ടുണ്ട്ഞാന്‍പലപ്പോഴും,എന്നിലെ എന്നെ തിരിച്ചറിയുന്ന എന്‍റെ പോരായ്മകളെ സ്നേഹിക്കുന്ന ഒരു സുഹൃത്ത്‌.എല്ലാത്തിനും ഒരു പരിധിയില്ലേ എത്ര കാലം എത്രപേര്‍ ‍അതും സൗഹ്രദത്തിന്‍റെ വാതിലുകള്‍ തുറന്നിട്ട്‌ സോഷ്യല്‍ കമ്മ്യൂണിറ്റികള്‍ കാത്തിരിക്കുമ്പോള്‍.

സ്നേഹം അമൂല്യമാണ് ചിലപ്പോളൊക്കെ കിട്ടാകനിയും.ഓരോ പ്രായത്തിലും ഓരോ വിധത്തില്‍ നാം അത് ആഗ്രഹിച്ചുപോകും.നമുക്കൊക്കെ നല്ലവണ്ണം സ്നേഹിക്കാന്‍ അറിയുമോ?
ഒരാളുടെ കണ്ണുകളിലൂടെ ആഴ്ന്നിറങ്ങി അയാളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുത്ത് സ്നേഹിക്കാന്‍ നമുക്കാകുമോ? ഈ പറഞ്ഞതും എനിക്കാകില്ല.അപ്പോള്‍ പിന്നെ എനിക്കെങ്ങനെ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പറ്റും.മറിച്ചൊന്നു ചിന്തിച്ചാല്‍ എന്‍റെ സൗഹൃദം ആഗ്രഹിക്കുന്നവരെ എനിക്കും എങ്ങിനെ അവഗണിക്കാന്‍ സാധിക്കും....ഇല്ല ഒരിക്കലും സാധിക്കില്ല.






Monday, 12 March 2012

ഓര്‍മ്മകുറിപ്പുകള്‍

ചെമ്മണ്ണ് വിരിച്ച ഇടവഴിയിലൂടെ അല്പം നടന്നാല്‍ കനാല്‍പാലം,അവിടെ നിന്നു ഇടത്തോട്ട് തിരിഞ്ഞാല്‍ പിന്നെ അഴകത്ത് വീട്ടുകാരുടെ പറമ്പായി.ഏതോ ഒരു കരിങ്കല്‍ പണിക്കാരന്‍റെ കരവിരുതിന്‍റെ സാക്ഷ്യം പോലെ ചെത്തിമിനുക്കിയെടുത്ത കല്ലുകൊണ്ടുള്ള മതിലും അതിന്‍റെ മുകളിലെ തൊപ്പിക്കാരന്‍ പയ്യന്‍റെ സിമന്‍റ് കൊണ്ടുള്ള പ്രതിമയും.

മൂന്ന് തട്ടായി ഇരുപത്തിനാല് ഏക്കര്‍ കരപറമ്പ്.പറമ്പിന്‍റെ അതിര്‍ത്തി തിരിച്ചു കിടക്കുന്ന കനാല്‍.തെക്കേപറമ്പും താഴത്തെ തൊടിയും വീടിരിക്കുന്ന പറമ്പും കൂടിയാല്‍ അഴകത്തു തറവാടായി.ഇടവഴിയും തൊടിയുമായി അതിര്‍ത്തി പങ്കിടുന്നത് ആറുപുറവും ചെത്തിമിനുക്കിയ ചെങ്കല്ലുകളാണ്.ഏറ്റവും മുകളില്‍ കമഴ്ത്തി വച്ചിരിക്കുന്ന കല്ലിന്‍റെ മാറില്‍ നിറയെ കൂര്‍ത്ത കുപ്പിചില്ലുകളും.തൊടിയുടെ പുറകുവശം കാത്തുസൂക്ഷിക്കുന്നത് നിറയെ മുള്ളുള്ള ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന മൈലാഞ്ചി ചെടികളും പിന്നെ അവയുടെ യജമാനന്‍മാരായ മൂര്‍ഖന്‍ പാമ്പുകളും.

നീളന്‍ വരാന്തകളും എല്ലായ്പ്പോഴും തണുപ്പും ഇരുട്ടും പേറിനില്‍ക്കുന്ന ചായ്പുകളും ഉള്ള അഴകത്ത് തറവാട്.അരമതിലിനാല്‍ ചുറ്റപ്പെട്ട മുറ്റം നിറയെ വെള്ളാരം കല്ലുകള്‍. രണ്ടു തലമുറയിലെ കുട്ടികളെ തീറ്റിപ്പോറ്റിയ ചാബയും ലൂബിയും.മുറ്റമടിക്കുന്ന സുഭദ്രചേച്ചിയുടെ പരിഭവങ്ങള്‍ പേറിനില്‍ക്കുന്ന കൊളമ്പുമാവ്.ഇളം കാറ്റിനോട് കിന്നാരം പറയുന്ന ചെമ്പകമരം.അടുക്കളവാസികളുടെ സുഖവിവരം ആരായുന്ന വേപ്പുമുത്തശി.

അഞ്ച് വലിയ പടവുകള്‍ കയറിചെന്നാല്‍ പൂമുഖം.അതിന്‍റെ ഇരുവശവും അടക്കാമരത്തിന്‍റെ വണ്ണമുള്ള രണ്ടു തൂണുകള്‍, അതിനോടനുബന്തിച്ച് അരയാള്‍ പൊക്കമുള്ള രണ്ടു തിണ്ണകളും.നാലു പാളിയുള്ള വാതില്‍ കടന്നു ചെന്നാല്‍ ടി ഷേപ്പിലുള്ള ഒരു വലിയ ഹാള്‍.രണ്ടു വലിയ സോഫകളും മൂന്ന് നാലു ചൂരല്‍ കസേരകളും പിന്നെ ഒരു ചാരുകസേരയും ഇതൊക്കെയാണ് അഴകത്ത് തറവാടിന്‍റെ ആര്‍ഭാടങ്ങള്‍. കുറുകെയുള്ള ഒരു വലിയ ഹാളും അതിന്‍റെ ഇരുവശമുള്ള ചായ്പുകളും എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പുകള്‍ തപസ്സിരിക്കുന്ന വലിയ അടുക്കളയും,അതിനോട് ചേര്‍ന്നുള്ള സ്റ്റോര്‍റൂമും പിന്നെ ഒരു നീളന്‍ വരാന്തയും പടുക്കയും കിണറും ഉള്‍പ്പെടുന്നതാണ് വീടിന്‍റെ ഉള്‍വശം.

അരമതില്‍ കെട്ടിനകത്തെ മുറ്റം കടന്നു ചെന്നാല്‍ തൊഴുത്തും വിശാലമായ തളവും കാണാം.തളത്തിനടുത്തായി നെല്ലു പുഴുങ്ങാനും കൊപ്ര ഉണക്കാനുമുള്ള തേക്കാത്ത ചുമരോടു കൂടിയ വിറകുപുര.കൊപ്ര ചേകുള്ളതിനാല്‍ എപ്പോഴും അവിടെ പണിക്കാരന്‍ ഉണ്ടാകും.ഞങ്ങള്‍ കുട്ടികള്‍ക്ക് അവിടേക്ക് പ്രവേശനമില്ല എന്നിരുന്നാലും കശുവണ്ടി ചുടാനും മറ്റും ഞാന്‍ അതിനുള്ളില്‍ കയറീട്ടുണ്ട്.ചിരട്ടകത്തിക്കുന്നത് കൊണ്ട് വലിയ ചൂടാണ് അതിനുള്ളില്‍.

വീടിരിക്കുന്ന പറമ്പില്‍ ഒരുമാതിരി മരങ്ങള്‍ എല്ലാം ഉണ്ട്.അമ്മൂമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് ഡി.എഫ്.ഒ ആയിരുന്നു.അദ്ദേഹം ആണത്രെ ഇത്രയും തൈകള്‍ സമ്മാനിച്ചത്,എന്തായാലും വരിക്ക പ്ലാവും,പഴപ്ലാവും,കടപ്ലാവും,ആത്തചക്കയും,മാവുകളും,മുട്ടപഴവും,ആര്യവേപ്പും,പുളിമരവും,ചെറിപഴയത്തിന്‍റെ ചെടിയും,ചെരുനാരകവും.ബംബ്ലൂസ്മരവും,
കുടംപുളിയും,പേരവും,പപ്പായും,രംബൂട്ടാന്‍ മരവും അതിര്‍ത്തിയില്‍ നില്‍ക്കുന്ന തേക്കുകളും എല്ലാം ചേര്‍ന്നതാണ് അഴകത്തു വീടിന്‍റെ പറമ്പ്.

ഈ പറമ്പാകെ നനക്കുന്നത് ഒറ്റ കിണറില്‍ നിന്നാണ്.കനാലിനോട് ചേര്‍ന്നായതുകൊണ്ട് ഒരു നാലാള്‍ പൊക്കത്തില്‍ എപ്പോഴും അതില്‍ വെള്ളം കാണും.വാളയും പൊടിമീനുകളും അതില്‍ ഞാന്‍ കണ്ടിട്ടുണ്ട്.ഈ കിണര്‍ മുത്തച്ചന്‍റെ അടിയില്‍ നിറയെ വങ്കുകളാണത്രെ.മോട്ടോര്‍ അടിച്ചു വെള്ളം വറ്റാറായാല്‍ പിന്നെ ചരല്‍ എറിഞ്ഞാല്‍ ഉണ്ടാകുന്ന പോലെ ഒച്ചയും ബഹളവും ആണ്.കിണറിന്‍റെ വക്കുകളിലൂടെ ജലധാര തന്നെയാണ് പുറപ്പെടുക.

തറവാട്ടിലെ ഒരു ദിവസം തുടങ്ങുന്നത് പശുവിനെ കറക്കുന്ന കുട്ടപ്പന്‍ ചേട്ടനിലൂടെയാണ്.കറന്ന പാല്‍ വലിയ അലുമിനിയം ജാറിലാക്കി വയ്ക്കും,തലേദിവസം വെട്ടിവച്ച കായകുലകളും എല്ലാം കൊണ്ട് സ്ഥിരമായി വരുന്ന ഒരു ടെമ്പോക്കാരന്‍ യാത്രയാകും.അയാള്‍ തന്നെയാണ് നെല്ലും,കൊള്ളിയും,ചാണവും,വൈകോലും എല്ലാം യഥാസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നത്.ആറു മണിയുടെ കുര്‍ബാനയ്ക്ക് ഞാനും അനിയത്തിമാരും അപ്പൂപ്പനും അമ്മൂമ്മയും കൂടി യാത്രയാകും ഒന്നര കിലോമീറ്റര്‍ ഉണ്ട് പള്ളിയിലേക്ക് അങ്ങോട്ടു കാറിലും തിരിച്ചു നടന്നും.

ഇടവഴിയിലൂടെ അല്പം നടന്നാല്‍ കനാല്‍ പാലം അതു കടന്നാല്‍ ടാറിട്ട റോഡായി,അതിനടുത്തായി നാരായണന്‍ന്‍റെ ചായകടയുണ്ട്.പഴയ പള്ളിയാണ് നിലം മുഴുവന്‍ തറയോടിട്ട ഓടുമേഞ്ഞ ഇടവക ദേവാലയം.കുര്‍ബാന കഴിഞ്ഞാല്‍ സെമിതേരിയില്‍ ഒപ്പീസുകള്‍ കാണും.ശരിക്കും സ്വര്‍ഗ്ഗത്തില്‍ ആണെന്നു തോന്നിപോകും അവിടെ ചെന്നാല്‍.ചന്ദനതിരികളുടെ മണവും,വെളുത്ത പൊതമുണ്ട് കൊണ്ട് ദേഹം മുഴുവന്‍ മറച്ചിരിക്കുന്ന അമ്മൂമ്മമാരും വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചിരിക്കുന്ന മദ്ധ്യവയസ്കരും.

സെമിതേരിയില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ അപ്പൂപ്പന്‍ ഒരു ചിരിയാണ്.ആള്‍ടെ കുറച്ചു സില്‍ബന്ദികള്‍ കാണും അവിടെ.ഞങ്ങള്‍ പിള്ളേരും അമ്മൂമ്മയും കൂടി പിന്നെ ഒരു നടപ്പാണ്.പിള്ളേരെന്നു പറഞ്ഞാല്‍ ഞാനും കുഞ്ഞിപെങ്ങളും പപ്പയുടെ അനിയന്‍റെ രണ്ടു പീക്കിരി പെണ്‍കുട്ടികളും.പകുതിവഴി പിന്നിട്ടാല്‍ പിന്നെ ചായകടയില്‍ നിന്ന് എന്തൊക്കെ വാങ്ങണമെന്ന തര്‍ക്കം ആകും.നിറം മങ്ങിയ ചില്ലുകൂട്ടിനുള്ളില്‍ ഞങ്ങളെ നോക്കി ചിരിക്കുന്ന പാലപ്പവും ഉള്ളിവടയും പുല്ലുപൂട്ടും കാണും.വിറകടുപ്പില്‍ നിന്നുയരുന്ന പുകയെക്കാള്‍ കൂടുതല്‍ പണിക്കാരുടെ വായില്‍നിന്നും ബീഡിപുക പുറന്തള്ളപ്പെടുന്നുണ്ടാകും.പലഹാരങ്ങള്‍ പൊതിഞ്ഞുകെട്ടികഴിഞ്ഞാല്‍ അതു  അകത്തുകയറി വാങ്ങുക എന്‍റെ ചുമതല ആയിരുന്നു.


Wednesday, 7 March 2012

നിശബ്ദതയുടെ ഓളങ്ങള്‍

ന്നൊരു അവധി ദിവസമായിരുന്നു.ലാബില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.ബാക്കിയെല്ലാവരും വീട്ടില്‍ പോയിരിക്കുകയാണ്.അതിനാല്‍ എന്‍റെ അരികിലേക്ക് കടന്നുവന്ന അദ്ദേഹം തമാശ പറയുന്നതും കാത്ത് ഞാനിരുന്നു.പക്ഷെ തമാശക്ക് പകരം ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞതിതാണ്.

"നിങ്ങളൊക്കെ വിചാരിക്കും സന്തോഷംകൊണ്ടാണ് ഞാനിങ്ങനെയെല്ലാം തമാശ പറയുന്നതെന്ന്.വെറുതെ  ഇങ്ങിനെ ഇരിക്കുമ്പോള്‍ മനസ്സിനപ്പിടി വിഷമം ആണ്.വീട്ടിലെ ഓരോ കാര്യവും ഓര്‍മയിലേക്ക് വരും.അതൊഴിവാക്കാനാ ഞാനിങ്ങനെ ഓരോന്നു പറഞ്ഞു ചിരിപ്പിക്കുന്നത്"

എനിക്കതൊരു ഞെട്ടലും തിരിച്ചറിവും സമ്മാനിച്ചില്ല,ഒറ്റയ്ക്കിരിക്കാന്‍ ഭയപ്പെടുന്ന,നിശബ്ദതയെ പേടിക്കുന്ന,ആ മനുഷ്യന്‍റെ തമാശകള്‍ മനസ്സിന്‍റെ മറ്റൊരു മുഖമാണെന്ന് എനിക്ക് നേരത്തേ സംശയമുണ്ടായിരുന്നു.എന്‍റെ ഉള്ളിലെ വ്യക്തിത്യത്തിന്‍റെ മറ്റൊരു പതിപ്പ്.

ഹൃദയത്തിന്‍റെ നൊമ്പരങ്ങളെ ബാഹ്യമായ ശബ്ദഘോഷങ്ങളാല്‍ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്ന മനുഷ്യരുടെ എണ്ണം ഇന്ന് പെരുകിയിരിക്കുന്നു.ഒന്നുംകൂടി   തെളിച്ചുപറഞ്ഞാല്‍,സ്വന്തം ഹൃദയത്തിലേക്ക് നോക്കാനും അതിന്‍റെ തുടിപ്പുകള്‍ക്ക് കാതോര്‍ക്കാനും പറ്റാത്ത വിധത്തില്‍ ലോകത്തിന്‍റെ ശബ്ദ വീചികള്‍ നമ്മെ വലിച്ചുകൊണ്ടു പോകുന്നു.  

കാറ്റിന്‍റെ മര്‍മ്മരവും കിളികളുടെ പാട്ടും ഇന്നിപ്പോള്‍ ആരു ശ്രദ്ധിക്കാന്‍?ചീവീടുകളുടെ ശബ്ദവും തവളകളുടെ കരച്ചിലും  നിറഞ്ഞ സന്ധ്യകള്‍ തിരിച്ചുകിട്ടാത്തവിധം മറഞ്ഞുപോയ്കൊണ്ടിരിക്കുന്നു.പുഴയുടെയും തോടുകളുടെയും സംഗീതം കേട്ടു വളരാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഭാഗ്യമില്ലാതെ പോകുന്നു.ടിവിയുടെ സംഗീതം മാത്രമേ അവര്‍ക്കിന്നറിയുകയുള്ളൂ.

നിലാവുള്ള രാത്രികളും മഞ്ഞില്‍ കുളിച്ചു കിടക്കുന്ന പ്രഭാതങ്ങളും അസ്യദിക്കാന്‍ പറ്റാത്തവിധം വീടുകളുടെ ടെറസ്സ് തകരഷീറ്റ് കൊണ്ട് മൂടികളഞ്ഞു.കമ്പ്യൂട്ടര്‍ ഗെയിമുകളും ടൂഷ്യനും എന്‍ട്രന്‍സ് ജ്യരവും ഇന്റര്‍നെട്ടും മൊബൈലുംമൊക്കെ നമ്മെ കീഴടക്കി കളഞ്ഞു.

അകത്തും പുറത്തും മനുഷ്യന് ഇന്ന് സ്യസ്ഥതയില്ല.അതുകൊണ്ട് തന്നെ നിശബ്ദതയുടെ സത്യവും സൗന്ദര്യവും സംഗീതവും അവന് അന്യമായിത്തീരുന്നു.

എനിക്കു തോന്നുന്നത് ഇടക്കൊക്കെ നാം ബോധപൂര്‍വം മൊബൈലും ടിവിയമൊക്കെ ഓഫ്‌ ചെയ്യണം എന്തിനെന്നോ.....നമ്മുടെ ഹൃദയത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍,സ്വന്തം ഹൃദയത്തോട് സംസാരിക്കാന്‍,നോക്കൂ സുഹൃത്തേ നാം തയ്യാറാകുന്നില്ലെങ്കില്‍ നഷ്ടം നമുക്കുതന്നെയാണ്.

എന്താ ഇത് ശരിയല്ലേ?നിന്നെ തിരിച്ചറിയാന്‍ നീ മറന്നുപോകുന്നില്ലേ?എന്നും ഒഴുക്കിനൊപ്പം നീന്തിയാല്‍ മതിയോ?ഒഴുക്കിനെതിരെ നീന്തണമെങ്കില്‍ നിന്‍റെ കഴിവില്‍ നിനക്കു പരിപൂര്‍ണ വിശ്യാസം ഉണ്ടാകണം അങ്ങിനെ വേണമെങ്കില്‍ നീ നിന്‍റെ ഹൃദയത്തെ അറിയണം ഓളങ്ങളെ തഴുകിയുണര്‍ത്തണം.




                                                                        

Tuesday, 6 March 2012

കംഗാരുവിന്‍റെ നാട്ടില്‍നിന്ന്

കംഗാരുവിന്‍റെ നാട്ടിലെത്തിയട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു.ഇവിടത്തെ ജീവിതത്തെപ്പറ്റി നിനക്കെന്തറിയാം?വീട്ടിലാകെ വല്ലാത്ത നിശബ്ദത നിറയുന്നു, പോരാത്തതിനു നല്ല ചൂടും.നിറമുള്ള കാഴ്ചകള്‍ക്കപ്പുറത്തെ ശൂന്യത ഞാന്‍ തിരിച്ചറിയുന്നുണ്ട്.
ഞാന്‍ ആളാകെമാറിപോയെന്നു തോന്നുന്നു....ഹേയ് അങ്ങിനെയൊന്നുമില്ല.എല്ലാം മാറ്റത്തിനു വിധേയമാണ് അങ്ങിനെ നെടുവീര്‍പ്പിട്ടുകൊണ്ട് ആശ്വസിക്കാം അല്ലെ.എനിക്കിപ്പോള്‍ ഒരു പ്രണയമുണ്ട്.ഏറ്റവും സഹിഷ്ണുത കാണിക്കുന്ന ഒന്നിനോട്.കടലാസല്ലാതെ മറ്റൊന്നുമല്ല അത്.ഈ കടലാസുതുണ്ടുകളെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.ചുമ്മാ വിരസതയും നിരാശയും വാരിനിറച്ചുവയ്ക്കുവാനല്ല ഞാന്‍ ഇങ്ങിനെ ചെയ്യുന്നത്,മറിച്ച് വസന്തം തഴുകിയെന്നെ ഉണര്‍ത്തുമ്പോള്‍ നിറമുള്ള സ്വപ്നങ്ങളില്‍ നീരാടുമ്പോള്‍....ഞാന്‍ ഈ ഒറ്റയടിപാതയിലൂടെ സഞ്ചരിച്ചുവെന്നു എന്നെതന്നെ ഓര്‍മപ്പെടുത്തുവാന്‍ വേണ്ടി മാത്രം.
ഇനി,മുഖവുരയൊന്നും കൂടാതെ തുടങ്ങാം.അല്ലേ?രണ്ടു കിടപ്പുമുറികളുളള ഈ വാടകവീട്ടില്‍ ഞാന്‍ തനിച്ചാണ്.ഒരുകാര്യം മറന്നു പോയി എനിക്കൊരു കൂട്ടുണ്ട് കേട്ടോ ഒരു സൈക്കിള്‍.എന്നോട് പറ്റിച്ചേര്‍ന്നുസഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവന്‍.ഞങ്ങള്‍ പിരിഞ്ഞിരിക്കാന്‍ പറ്റാത്തവിധം അടുത്തുപോയി.
ഒരു സ്വകാര്യം പറയാം ഇനി,അകമെയും പുറമെയും ഞാന്‍ ഒന്നല്ല മറിച്ച് രണ്ടാണ്.ഇതു കണ്ടുപിടിക്കാന്‍ ഇതു വരെ ആര്‍ക്കും സാധിച്ചിട്ടില്ല.
പുറമെ ആര്‍ക്കും പെട്ടെന്ന് പിടികൊടുക്കാത്ത.തികച്ചും ഉള്ളിലേക്ക് വലിഞ്ഞ ഒരു പ്രകൃതം ആണെങ്കില്‍,ഉള്ളില്‍ എന്നിലേക്ക് വലിച്ചടുപ്പിക്കണം എന്ന ആഗ്രഹം കലശലാണ്.ഒരല്‍പം വാശിയും സങ്കടവും കൂടുതലാണുതാനും.പലപ്പോഴും ഞാനൊരു കോമാളിയായി മറ്റുള്ളവരെ ചിരിപ്പിക്കുന്നു.ഈ മൂടുപടം ഒന്നഴിച്ചു വയ്ക്കുവാന്‍ ഞാനെത്രയോ വട്ടം ശ്രമിച്ചിട്ടുണ്ട്.ഒന്നും വിജയം കണ്ടില്ലെന്നു മാത്രം.
എന്‍റെ ഉള്ളിലെ സ്വരം ഇങ്ങിനെ പറയുന്നു “നീ അഹങ്കാരിയാണ്,ബഹളക്കാരനും ശല്യക്കാരനുമാണ് ആളുകള്‍ നിന്നെ വെറുക്കുന്നു”
തികച്ചും സ്വകാര്യമായ പലതിനേയും കുറിച്ചു ഞാന്‍ സംസാരിച്ചിട്ടുണ്ട് പലരോടും.പക്ഷെ ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം എന്‍റെ ആത്മാവ് സ്വതന്ത്രവും,ശാന്തവും ആണ് ഇപ്പോള്‍.അതില്‍ നിറഞ്ഞിരിക്കുന്ന ഒന്നിനെക്കുറിച്ചും ഞാന്‍ ആരുമായും ചര്‍ച്ചചെയ്തിട്ടില്ല.അവ എന്‍റെമാത്രം സ്വകാര്യസമ്പത്താണ്.
രണ്ടു മാസമായി എന്നെയും എന്‍റെ പ്രവൃത്തികളെയും,അപരിചിതനെന്നപോലെ ഞാന്‍ നോക്കി കണ്ടു.എന്നിലെ നന്മയും തിന്മയും ഞാന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.എന്‍റെ മനസ്സും ആത്മാവും ശക്തമാണ് ഇപ്പോള്‍.ഒരുപാടു സഹിക്കാനും ക്ഷമിക്കാനും എനിക്ക് കഴിയും.ഞാന്‍ തീര്‍ത്തും സ്വതന്ത്രനാണ്....യുവത്തത്തിന്‍റെ വേഗവും എനിക്കു കൈമുതലായുണ്ട്‌.എനിക്കൊത്തിരി സന്തോഷംതോന്നുന്നു.
എല്ലാത്തിനുമുപരി എന്‍റെ അമ്മയെ തിരിച്ചുകിട്ടിയിരിക്കുന്നു.ജീവിതത്തിലെ ഏറ്റവും കടുത്ത നൈരാശ്യം അങ്ങിനെ അളവറ്റ സന്തോഷത്തിനു വഴിമാറികൊടുത്തിരിക്കുന്നു.എന്‍റെ ഉള്ളിന്‍റെഉള്ളിലെ നിഷ്കളങ്കതയെ എനിക്കിപ്പോള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നു.നാവടക്കവും ആശാനിഗ്രഹവും ഞാന്‍ ശീലിച്ചുവരുന്നു.പരിപൂര്‍ണതയിലേക്കല്ല മറിച്ച് ഒരാളുടെ മാത്രം....
എനിക്കൊന്നുകൂടെ ഇനി ആവശ്യമുണ്ട്....മനസ്സിലുള്ളത് മുഴുവന്‍ തുറന്നുപറയാന്‍ ജീവനുള്ള ഒരാളെ.ആരായിരിക്കും ആ ഒരാള്‍.ഇനി എത്ര നാള്‍ കൂടി കാത്തിരിക്കണം...ഹേയ് മനസ്സേ തിടുക്കം കൂട്ടല്ലേ ആ ഒരാള്‍ നിന്‍റെ അരികില്‍ തന്നെ ഉണ്ട് നീ തിരിച്ചറിയുന്നില്ലയെന്നു മാത്രം.
സ്വന്തം മനസാക്ഷിയുടെ വഴിക്കു ജീവിക്കുക എന്നത് വലിയ ഒരു കുറ്റമാണോ?അല്ലെന്നു തോന്നുന്നു.
എനിക്കൊരു ലക്‌ഷ്യം ഉണ്ട്.അത് ഞാന്‍ നേടുക തന്നെ ചെയ്യും അല്ല പകുതി നേടി കഴിഞ്ഞു.
ശാന്തമായ  മനസ്സ് എനിക്കു കരുത്തും,അദ്ധ്വാനം സംതൃപ്തിയും എല്ലായ്പ്പോഴും നല്‍കുന്നു.





Monday, 30 January 2012

ഇരുട്ടിന്‍റെ ആത്മാവിനോട്

രുട്ടിനെ എനിക്കിഷ്ടമാണ്, എന്നും എന്‍റെ കൂടപ്പിറപ്പായിരുന്നല്ലോ അത്.നിങ്ങള്‍ എന്നെങ്കിലും ഇരുട്ടിന്‍റെ ആത്മാവിനോട് സംസാരിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കാറുണ്ട് എന്നും.കണ്‍പോളകള്‍ അനുസരണക്കേട്‌ കാട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് അവ ഇരുട്ടിനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.മുറിക്കുള്ളില്‍ ജാലകത്തിനരികെ വളരുന്ന ചെടി പ്രകാശത്തിലേക്കു ചാഞ്ഞു ചാഞ്ഞു പോകുന്നതുപോലെയാണത്.

ഞാന്‍ എന്തുകൊണ്ടാണ് ഇരുട്ടിനെ സ്നേഹിച്ചതും അവയോട് കൂട്ടുകൂടിയതും?

പുറമെയുള്ളവര്‍  നല്ലവരല്ലാത്തതുകൊണ്ടല്ല,എന്നില്‍ നന്മയുടെ കുറവുള്ളതുകൊണ്ടാണ് എനിക്കു സുഹൃത്തുക്കള്‍ ഇല്ലാതെ പോയതിനു പിന്നില്‍.എല്ലാ അര്‍ത്ഥത്തിലും തെറ്റിലേക്കു വഴുതിപോകാന്‍ സാദ്ധ്യതയുള്ള പരിസരത്തിലാണ് ഞാന്‍ ജീവിച്ചത്.

ഉള്ളു നിറയെ നന്മയുടെ നിലാവെളിച്ചമുണ്ടെങ്കില്‍.....നിങ്ങള്‍ക്കും എന്‍റെ കാതില്‍ മന്ത്രിക്കാം"ഞാന്‍ നിന്നെ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നുവെന്ന്"

പത്തായപ്പുരയുടെ മുകളിലെ പൂപ്പല്‍ പിടിച്ച ചില്ലുഓടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തെകണ്ട് വിസ്മയംപൂണ്ട് മുഖം വിടര്‍ത്തി നില്‍ക്കുന്ന എന്‍റെ കുട്ടികാലം.അപ്പോഴൊക്കെ എന്‍റെ മനസ്സ് നിര്‍മലമായിരുന്നു.പ്രകാശം തനിക്കു ചുറ്റിനുമുള്ളവരെ പ്രകാശിപ്പിക്കുന്നു എന്നത് പ്രകൃതിനിയമംതന്നെ,പക്ഷെ....ആരു ചേര്‍ന്നുനില്‍ക്കുന്നു എന്നതല്ല ചേര്‍ന്നു നില്‍ക്കുന്നവരുടെ ജീവിതത്തെ എന്തുമാത്രം പ്രകാശിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നമ്മുടെ ജീവിതത്തിന്‍റെയും ഗുണമേന്മ നിര്‍ണയിക്കുന്ന ഒരുപാധിയെന്നു തോന്നുന്നു.


അത്യാധുനികതയുടെ സുഖം തേടിയുള്ള യാത്രയില്‍ കൈമുതലായുണ്ടായിരുന്ന ലാളിത്യവും സരളതയും എവിടെയോ കളഞ്ഞുപോയി.ആര്‍ഭാടജീവിതത്തിന്‍റെ സുഖസൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന ആസ്വസ്ഥതയ്ക്കും അസംതൃപ്തിക്കും പകരം നാളെയെക്കുറിച്ച്,
പിന്നാലെ വരുന്ന തലമുറയെക്കുറിച്ച് അല്പം കരുതല്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.ദൈവം സമ്മാനിച്ച ഈ പ്രപഞ്ചത്തെ അല്പംകൂടി ആദരവോടെ കാണാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.


പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലും തിരസ്കരണാനുഭവങ്ങളിലും,പ്രതികൂലങ്ങളിലും അതിജീവിച്ച് നില്ക്കാന്‍,സമചിത്തത വെടിയാതെയിരിക്കാന്‍....ഞാന്‍ ഇനിയും തിക്താനുഭവങ്ങളെ ഏറ്റെടുക്കാന്‍ കരുത്ത് നേടണം.


Tuesday, 13 December 2011

THE MOST

The most damaging one letter word is I-avoid

The most satisfying two letter word is'We'-use it

The most poisonous three letter word is 'Ego'-kill it

The most used four letter word is 'love'-value it

The most pleasing five letter word is 'Smile'-give it

The most spreading six letter word is 'Rumour'-shun it

The most enviable seven letter word is 'Success'-achieve it

The most nefarious eight letter word is 'Jealousy'-dispossess it

The most powerful nine letter word is 'Knowledge'-acquire it

The most essential ten letter word is 'Confidence'-gain it

സാക്ഷാത്കരിക്കാന്‍ ഒരു സ്വപ്നമില്ലെങ്കില്‍...

"ഞങ്ങള്‍ ഇങ്ങിനെ ആയിത്തീരാന്‍ കാരണം ഞങ്ങളുടെ ചുറ്റുപാടുകളാണെന്ന് ആളുകള്‍ സാധാരണ പറയാറുണ്ട്.ഞാന്‍ ചുറ്റുപാടുകളില്‍ വിശ്വസിക്കുന്നില്ല.ജീവിതത്തില്‍ മുന്നേറിയിട്ടുള്ളവരെല്ലാം ഈ ലോകത്തില്‍ എണീറ്റുനിന്ന് തങ്ങള്‍ക്കാവശ്യമുള്ള ചുറ്റുപാടുകള്‍ എവിടെയാണെന്ന് അന്വേഷിച്ചവരാണ്.അങ്ങിനെയുള്ള ചുറ്റുപാട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ തന്നെ അത്തരം ചുറ്റുപാട് സൃഷ്ടിക്കുന്നു". - ജോര്‍ജ്ജ് ബെര്‍ണാഡ്ഷാ


നാം എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ഇച്ചിക്കുന്നുവോ വിശ്വസിക്കുന്നുവോ അങ്ങിനെ ആയിത്തീരും.ഞാന്‍ എന്താണോ അത് ദൈവത്തിന്‍റെ ദാനമാണ്.ഞാന്‍ എന്തായിത്തീരുന്നുവോ അത് ദൈവത്തിന് ഞാന്‍ നല്‍കുന്ന സമ്മാനവും.

എപ്പോഴും പറയാറുള്ളതും ഞാന്‍ അനുഭവിച്ചറിയുന്നതുമായ ഒരു സത്യമിതാണ്.സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത് എന്ന്.

പക്ഷെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും ഞാനും നിങ്ങളും മറന്നുതുടങ്ങിയിരിക്കുന്നു,കാലത്തിന്‍റെ മാറ്റങ്ങള്‍.സ്വപ്നം ഒരു വൈറസ്‌ പോലെയാണ്,വല്ലാത്ത ഒരു മാസ്മരികശക്തി അവയ്ക്കുണ്ട്.യുവജനങ്ങളുടെ ഭാവനയ്ക്ക് ചിറകുകളും ബുദ്ധിക്ക് കൂര്‍മ്മതയും മനസ്സില്‍ ദര്‍ശനങ്ങളും സ്വപ്‌നങ്ങള്‍ നല്‍കും.

എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിട്ടില്ല.എത്രയൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നാലും ഞാന്‍ എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.എനിക്ക് പ്രചോദനം നെപ്പോളിയന്‍റെ വാക്കുകളാണ്"അസാധ്യമെന്ന പദം എന്‍റെ നിഖണ്ഡുവിലില്ല".

നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗശക്തിയെ കണ്ടെത്തുക അതിനെ ജ്യലിപ്പിക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കുക.

ഓര്‍ക്കുക കൂടെ ചിരിക്കാന്‍ ഒത്തിരിപേര്‍ കാണുമായിരിക്കും മറിച്ച് കരയുമ്പോള്‍ ഒന്ന് കൂടെ ഇരുന്ന് ആശ്യസിപ്പിക്കാന്‍ നമ്മുടെ നിഴല്‍ മാത്രമേ കാണുകയുള്ളൂ.

'ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം' എന്ന തന്‍റെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അല്‍ഫോണ്‍‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത് ഭാരതീയരെ സ്വപ്നംകാണാന്‍ പ്രേരിപ്പിക്കുകയെന്നതാണ്  പുസ്തകത്തിന്‍റെ ഉദ്ദേശം എന്നാണ്.ആകാശത്തേക്ക് നോക്കി മനോരാജ്യക്കാരനായി എന്നും  സ്വപ്നങ്ങള്‍ സഫലമാക്കാന്‍ യത്നിച്ചുവെന്നാണ് തന്‍റെ ഉയര്‍ച്ചയെക്കുറിച്ച് പ്രശസ്തനായ ആ ഐ.എ.സ് കാരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

സൂര്യകിരണങ്ങളേറ്റും നിലാവില്‍മുങ്ങികുളിച്ചും നമുക്ക് സ്വപ്നങ്ങള്‍ കാണാം.മനസ്സിന്‍റെ അടിത്തട്ടില്‍ നമുക്ക് അവ ശേഖരിക്കാം.ജീവിതവിജയത്തിന്‍റെ നല്ല നാളുകള്‍ നമ്മെ കാത്തിരിക്കുന്നു....