Tuesday, 6 March 2012

കംഗാരുവിന്‍റെ നാട്ടില്‍നിന്ന്

കംഗാരുവിന്‍റെ നാട്ടിലെത്തിയട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു.ഇവിടത്തെ ജീവിതത്തെപ്പറ്റി നിനക്കെന്തറിയാം?വീട്ടിലാകെ വല്ലാത്ത നിശബ്ദത നിറയുന്നു, പോരാത്തതിനു നല്ല ചൂടും.നിറമുള്ള കാഴ്ചകള്‍ക്കപ്പുറത്തെ ശൂന്യത ഞാന്‍ തിരിച്ചറിയുന്നുണ്ട്.
ഞാന്‍ ആളാകെമാറിപോയെന്നു തോന്നുന്നു....ഹേയ് അങ്ങിനെയൊന്നുമില്ല.എല്ലാം മാറ്റത്തിനു വിധേയമാണ് അങ്ങിനെ നെടുവീര്‍പ്പിട്ടുകൊണ്ട് ആശ്വസിക്കാം അല്ലെ.എനിക്കിപ്പോള്‍ ഒരു പ്രണയമുണ്ട്.ഏറ്റവും സഹിഷ്ണുത കാണിക്കുന്ന ഒന്നിനോട്.കടലാസല്ലാതെ മറ്റൊന്നുമല്ല അത്.ഈ കടലാസുതുണ്ടുകളെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.ചുമ്മാ വിരസതയും നിരാശയും വാരിനിറച്ചുവയ്ക്കുവാനല്ല ഞാന്‍ ഇങ്ങിനെ ചെയ്യുന്നത്,മറിച്ച് വസന്തം തഴുകിയെന്നെ ഉണര്‍ത്തുമ്പോള്‍ നിറമുള്ള സ്വപ്നങ്ങളില്‍ നീരാടുമ്പോള്‍....ഞാന്‍ ഈ ഒറ്റയടിപാതയിലൂടെ സഞ്ചരിച്ചുവെന്നു എന്നെതന്നെ ഓര്‍മപ്പെടുത്തുവാന്‍ വേണ്ടി മാത്രം.
ഇനി,മുഖവുരയൊന്നും കൂടാതെ തുടങ്ങാം.അല്ലേ?രണ്ടു കിടപ്പുമുറികളുളള ഈ വാടകവീട്ടില്‍ ഞാന്‍ തനിച്ചാണ്.ഒരുകാര്യം മറന്നു പോയി എനിക്കൊരു കൂട്ടുണ്ട് കേട്ടോ ഒരു സൈക്കിള്‍.എന്നോട് പറ്റിച്ചേര്‍ന്നുസഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവന്‍.ഞങ്ങള്‍ പിരിഞ്ഞിരിക്കാന്‍ പറ്റാത്തവിധം അടുത്തുപോയി.
ഒരു സ്വകാര്യം പറയാം ഇനി,അകമെയും പുറമെയും ഞാന്‍ ഒന്നല്ല മറിച്ച് രണ്ടാണ്.ഇതു കണ്ടുപിടിക്കാന്‍ ഇതു വരെ ആര്‍ക്കും സാധിച്ചിട്ടില്ല.
പുറമെ ആര്‍ക്കും പെട്ടെന്ന് പിടികൊടുക്കാത്ത.തികച്ചും ഉള്ളിലേക്ക് വലിഞ്ഞ ഒരു പ്രകൃതം ആണെങ്കില്‍,ഉള്ളില്‍ എന്നിലേക്ക് വലിച്ചടുപ്പിക്കണം എന്ന ആഗ്രഹം കലശലാണ്.ഒരല്‍പം വാശിയും സങ്കടവും കൂടുതലാണുതാനും.പലപ്പോഴും ഞാനൊരു കോമാളിയായി മറ്റുള്ളവരെ ചിരിപ്പിക്കുന്നു.ഈ മൂടുപടം ഒന്നഴിച്ചു വയ്ക്കുവാന്‍ ഞാനെത്രയോ വട്ടം ശ്രമിച്ചിട്ടുണ്ട്.ഒന്നും വിജയം കണ്ടില്ലെന്നു മാത്രം.
എന്‍റെ ഉള്ളിലെ സ്വരം ഇങ്ങിനെ പറയുന്നു “നീ അഹങ്കാരിയാണ്,ബഹളക്കാരനും ശല്യക്കാരനുമാണ് ആളുകള്‍ നിന്നെ വെറുക്കുന്നു”
തികച്ചും സ്വകാര്യമായ പലതിനേയും കുറിച്ചു ഞാന്‍ സംസാരിച്ചിട്ടുണ്ട് പലരോടും.പക്ഷെ ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം എന്‍റെ ആത്മാവ് സ്വതന്ത്രവും,ശാന്തവും ആണ് ഇപ്പോള്‍.അതില്‍ നിറഞ്ഞിരിക്കുന്ന ഒന്നിനെക്കുറിച്ചും ഞാന്‍ ആരുമായും ചര്‍ച്ചചെയ്തിട്ടില്ല.അവ എന്‍റെമാത്രം സ്വകാര്യസമ്പത്താണ്.
രണ്ടു മാസമായി എന്നെയും എന്‍റെ പ്രവൃത്തികളെയും,അപരിചിതനെന്നപോലെ ഞാന്‍ നോക്കി കണ്ടു.എന്നിലെ നന്മയും തിന്മയും ഞാന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.എന്‍റെ മനസ്സും ആത്മാവും ശക്തമാണ് ഇപ്പോള്‍.ഒരുപാടു സഹിക്കാനും ക്ഷമിക്കാനും എനിക്ക് കഴിയും.ഞാന്‍ തീര്‍ത്തും സ്വതന്ത്രനാണ്....യുവത്തത്തിന്‍റെ വേഗവും എനിക്കു കൈമുതലായുണ്ട്‌.എനിക്കൊത്തിരി സന്തോഷംതോന്നുന്നു.
എല്ലാത്തിനുമുപരി എന്‍റെ അമ്മയെ തിരിച്ചുകിട്ടിയിരിക്കുന്നു.ജീവിതത്തിലെ ഏറ്റവും കടുത്ത നൈരാശ്യം അങ്ങിനെ അളവറ്റ സന്തോഷത്തിനു വഴിമാറികൊടുത്തിരിക്കുന്നു.എന്‍റെ ഉള്ളിന്‍റെഉള്ളിലെ നിഷ്കളങ്കതയെ എനിക്കിപ്പോള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നു.നാവടക്കവും ആശാനിഗ്രഹവും ഞാന്‍ ശീലിച്ചുവരുന്നു.പരിപൂര്‍ണതയിലേക്കല്ല മറിച്ച് ഒരാളുടെ മാത്രം....
എനിക്കൊന്നുകൂടെ ഇനി ആവശ്യമുണ്ട്....മനസ്സിലുള്ളത് മുഴുവന്‍ തുറന്നുപറയാന്‍ ജീവനുള്ള ഒരാളെ.ആരായിരിക്കും ആ ഒരാള്‍.ഇനി എത്ര നാള്‍ കൂടി കാത്തിരിക്കണം...ഹേയ് മനസ്സേ തിടുക്കം കൂട്ടല്ലേ ആ ഒരാള്‍ നിന്‍റെ അരികില്‍ തന്നെ ഉണ്ട് നീ തിരിച്ചറിയുന്നില്ലയെന്നു മാത്രം.
സ്വന്തം മനസാക്ഷിയുടെ വഴിക്കു ജീവിക്കുക എന്നത് വലിയ ഒരു കുറ്റമാണോ?അല്ലെന്നു തോന്നുന്നു.
എനിക്കൊരു ലക്‌ഷ്യം ഉണ്ട്.അത് ഞാന്‍ നേടുക തന്നെ ചെയ്യും അല്ല പകുതി നേടി കഴിഞ്ഞു.
ശാന്തമായ  മനസ്സ് എനിക്കു കരുത്തും,അദ്ധ്വാനം സംതൃപ്തിയും എല്ലായ്പ്പോഴും നല്‍കുന്നു.





No comments:

Post a Comment