ചെമ്മണ്ണ് വിരിച്ച ഇടവഴിയിലൂടെ അല്പം നടന്നാല്‍ കനാല്‍പാലം,അവിടെ നിന്നു ഇടത്തോട്ട് തിരിഞ്ഞാല്‍ പിന്നെ അഴകത്ത് വീട്ടുകാരുടെ പറമ്പായി.ഏതോ ഒരു കരിങ്കല്‍ പണിക്കാരന്‍റെ കരവിരുതിന്‍റെ സാക്ഷ്യം പോലെ ചെത്തിമിനുക്കിയെടുത്ത കല്ലുകൊണ്ടുള്ള മതിലും അതിന്‍റെ മുകളിലെ തൊപ്പിക്കാരന്‍ പയ്യന്‍റെ സിമന്‍റ് കൊണ്ടുള്ള പ്രതിമയും.
മൂന്ന് തട്ടായി ഇരുപത്തിനാല് ഏക്കര്‍ കരപറമ്പ്.പറമ്പിന്‍റെ അതിര്‍ത്തി തിരിച്ചു കിടക്കുന്ന കനാല്‍.തെക്കേപറമ്പും താഴത്തെ തൊടിയും വീടിരിക്കുന്ന പറമ്പും കൂടിയാല്‍ അഴകത്തു തറവാടായി.ഇടവഴിയും തൊടിയുമായി അതിര്‍ത്തി പങ്കിടുന്നത് ആറുപുറവും ചെത്തിമിനുക്കിയ ചെങ്കല്ലുകളാണ്.ഏറ്റവും മുകളില്‍ കമഴ്ത്തി വച്ചിരിക്കുന്ന കല്ലിന്‍റെ മാറില്‍ നിറയെ കൂര്‍ത്ത കുപ്പിചില്ലുകളും.തൊടിയുടെ പുറകുവശം കാത്തുസൂക്ഷിക്കുന്നത് നിറയെ മുള്ളുള്ള ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന മൈലാഞ്ചി ചെടികളും പിന്നെ അവയുടെ യജമാനന്‍മാരായ മൂര്‍ഖന്‍ പാമ്പുകളും.
നീളന്‍ വരാന്തകളും എല്ലായ്പ്പോഴും തണുപ്പും ഇരുട്ടും പേറിനില്‍ക്കുന്ന ചായ്പുകളും ഉള്ള അഴകത്ത് തറവാട്.അരമതിലിനാല്‍ ചുറ്റപ്പെട്ട മുറ്റം നിറയെ വെള്ളാരം കല്ലുകള്‍. രണ്ടു തലമുറയിലെ കുട്ടികളെ തീറ്റിപ്പോറ്റിയ ചാബയും ലൂബിയും.മുറ്റമടിക്കുന്ന സുഭദ്രചേച്ചിയുടെ പരിഭവങ്ങള്‍ പേറിനില്‍ക്കുന്ന കൊളമ്പുമാവ്.ഇളം കാറ്റിനോട് കിന്നാരം പറയുന്ന ചെമ്പകമരം.അടുക്കളവാസികളുടെ സുഖവിവരം ആരായുന്ന വേപ്പുമുത്തശി.
അഞ്ച് വലിയ പടവുകള്‍ കയറിചെന്നാല്‍ പൂമുഖം.അതിന്‍റെ ഇരുവശവും അടക്കാമരത്തിന്‍റെ വണ്ണമുള്ള രണ്ടു തൂണുകള്‍, അതിനോടനുബന്തിച്ച് അരയാള്‍ പൊക്കമുള്ള രണ്ടു തിണ്ണകളും.നാലു പാളിയുള്ള വാതില്‍ കടന്നു ചെന്നാല്‍ ടി ഷേപ്പിലുള്ള ഒരു വലിയ ഹാള്‍.രണ്ടു വലിയ സോഫകളും മൂന്ന് നാലു ചൂരല്‍ കസേരകളും പിന്നെ ഒരു ചാരുകസേരയും ഇതൊക്കെയാണ് അഴകത്ത് തറവാടിന്‍റെ ആര്‍ഭാടങ്ങള്‍. കുറുകെയുള്ള ഒരു വലിയ ഹാളും അതിന്‍റെ ഇരുവശമുള്ള ചായ്പുകളും എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പുകള്‍ തപസ്സിരിക്കുന്ന വലിയ അടുക്കളയും,അതിനോട് ചേര്‍ന്നുള്ള സ്റ്റോര്‍റൂമും പിന്നെ ഒരു നീളന്‍ വരാന്തയും പടുക്കയും കിണറും ഉള്‍പ്പെടുന്നതാണ് വീടിന്‍റെ ഉള്‍വശം.
അരമതില്‍ കെട്ടിനകത്തെ മുറ്റം കടന്നു ചെന്നാല്‍ തൊഴുത്തും വിശാലമായ തളവും കാണാം.തളത്തിനടുത്തായി നെല്ലു പുഴുങ്ങാനും കൊപ്ര ഉണക്കാനുമുള്ള തേക്കാത്ത ചുമരോടു കൂടിയ വിറകുപുര.കൊപ്ര ചേകുള്ളതിനാല്‍ എപ്പോഴും അവിടെ പണിക്കാരന്‍ ഉണ്ടാകും.ഞങ്ങള്‍ കുട്ടികള്‍ക്ക് അവിടേക്ക് പ്രവേശനമില്ല എന്നിരുന്നാലും കശുവണ്ടി ചുടാനും മറ്റും ഞാന്‍ അതിനുള്ളില്‍ കയറീട്ടുണ്ട്.ചിരട്ടകത്തിക്കുന്നത് കൊണ്ട് വലിയ ചൂടാണ് അതിനുള്ളില്‍.
വീടിരിക്കുന്ന പറമ്പില്‍ ഒരുമാതിരി മരങ്ങള്‍ എല്ലാം ഉണ്ട്.അമ്മൂമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് ഡി.എഫ്.ഒ ആയിരുന്നു.അദ്ദേഹം ആണത്രെ ഇത്രയും തൈകള്‍ സമ്മാനിച്ചത്,എന്തായാലും വരിക്ക പ്ലാവും,പഴപ്ലാവും,കടപ്ലാവും,ആത്തചക്കയും,മാവുകളും,മുട്ടപഴവും,ആര്യവേപ്പും,പുളിമരവും,ചെറിപഴയത്തിന്‍റെ ചെടിയും,ചെരുനാരകവും.ബംബ്ലൂസ്മരവും,
കുടംപുളിയും,പേരവും,പപ്പായും,രംബൂട്ടാന്‍ മരവും അതിര്‍ത്തിയില്‍ നില്‍ക്കുന്ന തേക്കുകളും എല്ലാം ചേര്‍ന്നതാണ് അഴകത്തു വീടിന്‍റെ പറമ്പ്.
ഈ പറമ്പാകെ നനക്കുന്നത് ഒറ്റ കിണറില്‍ നിന്നാണ്.കനാലിനോട് ചേര്‍ന്നായതുകൊണ്ട് ഒരു നാലാള്‍ പൊക്കത്തില്‍ എപ്പോഴും അതില്‍ വെള്ളം കാണും.വാളയും പൊടിമീനുകളും അതില്‍ ഞാന്‍ കണ്ടിട്ടുണ്ട്.ഈ കിണര്‍ മുത്തച്ചന്‍റെ അടിയില്‍ നിറയെ വങ്കുകളാണത്രെ.മോട്ടോര്‍ അടിച്ചു വെള്ളം വറ്റാറായാല്‍ പിന്നെ ചരല്‍ എറിഞ്ഞാല്‍ ഉണ്ടാകുന്ന പോലെ ഒച്ചയും ബഹളവും ആണ്.കിണറിന്‍റെ വക്കുകളിലൂടെ ജലധാര തന്നെയാണ് പുറപ്പെടുക.
തറവാട്ടിലെ ഒരു ദിവസം തുടങ്ങുന്നത് പശുവിനെ കറക്കുന്ന കുട്ടപ്പന്‍ ചേട്ടനിലൂടെയാണ്.കറന്ന പാല്‍ വലിയ അലുമിനിയം ജാറിലാക്കി വയ്ക്കും,തലേദിവസം വെട്ടിവച്ച കായകുലകളും എല്ലാം കൊണ്ട് സ്ഥിരമായി വരുന്ന ഒരു ടെമ്പോക്കാരന്‍ യാത്രയാകും.അയാള്‍ തന്നെയാണ് നെല്ലും,കൊള്ളിയും,ചാണവും,വൈകോലും എല്ലാം യഥാസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നത്.ആറു മണിയുടെ കുര്‍ബാനയ്ക്ക് ഞാനും അനിയത്തിമാരും അപ്പൂപ്പനും അമ്മൂമ്മയും കൂടി യാത്രയാകും ഒന്നര കിലോമീറ്റര്‍ ഉണ്ട് പള്ളിയിലേക്ക് അങ്ങോട്ടു കാറിലും തിരിച്ചു നടന്നും.
ഇടവഴിയിലൂടെ അല്പം നടന്നാല്‍ കനാല്‍ പാലം അതു കടന്നാല്‍ ടാറിട്ട റോഡായി,അതിനടുത്തായി നാരായണന്‍ന്‍റെ ചായകടയുണ്ട്.പഴയ പള്ളിയാണ് നിലം മുഴുവന്‍ തറയോടിട്ട ഓടുമേഞ്ഞ ഇടവക ദേവാലയം.കുര്‍ബാന കഴിഞ്ഞാല്‍ സെമിതേരിയില്‍ ഒപ്പീസുകള്‍ കാണും.ശരിക്കും സ്വര്‍ഗ്ഗത്തില്‍ ആണെന്നു തോന്നിപോകും അവിടെ ചെന്നാല്‍.ചന്ദനതിരികളുടെ മണവും,വെളുത്ത പൊതമുണ്ട് കൊണ്ട് ദേഹം മുഴുവന്‍ മറച്ചിരിക്കുന്ന അമ്മൂമ്മമാരും വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചിരിക്കുന്ന മദ്ധ്യവയസ്കരും.
സെമിതേരിയില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ അപ്പൂപ്പന്‍ ഒരു ചിരിയാണ്.ആള്‍ടെ കുറച്ചു സില്‍ബന്ദികള്‍ കാണും അവിടെ.ഞങ്ങള്‍ പിള്ളേരും അമ്മൂമ്മയും കൂടി പിന്നെ ഒരു നടപ്പാണ്.പിള്ളേരെന്നു പറഞ്ഞാല്‍ ഞാനും കുഞ്ഞിപെങ്ങളും പപ്പയുടെ അനിയന്‍റെ രണ്ടു പീക്കിരി പെണ്‍കുട്ടികളും.പകുതിവഴി പിന്നിട്ടാല്‍ പിന്നെ ചായകടയില്‍ നിന്ന് എന്തൊക്കെ വാങ്ങണമെന്ന തര്‍ക്കം ആകും.നിറം മങ്ങിയ ചില്ലുകൂട്ടിനുള്ളില്‍ ഞങ്ങളെ നോക്കി ചിരിക്കുന്ന പാലപ്പവും ഉള്ളിവടയും പുല്ലുപൂട്ടും കാണും.വിറകടുപ്പില്‍ നിന്നുയരുന്ന പുകയെക്കാള്‍ കൂടുതല്‍ പണിക്കാരുടെ വായില്‍നിന്നും ബീഡിപുക പുറന്തള്ളപ്പെടുന്നുണ്ടാകും.പലഹാരങ്ങള്‍ പൊതിഞ്ഞുകെട്ടികഴിഞ്ഞാല്‍ അതു അകത്തുകയറി വാങ്ങുക എന്‍റെ ചുമതല ആയിരുന്നു.