കഴിഞ്ഞ ഏപ്രിലില്‍ കടന്നുവന്ന ജീവിതസഖി,പക്ഷെ
എനിക്കവള്‍ കൂട്ടുകാരിയാണ്.നിനച്ചിരിക്കാതെ പെയ്ത വേനല്‍മഴപോലെ നിറങ്ങളുടേയും വാക്കുകളുടേയും ഒരു പെയ്ത്തായിരുന്നു,ഹൃദയത്തിന്‍റെ ഉള്ളറകളെ ആദ്യം തണുപ്പിക്കുകയും പിന്നെ പിന്നെ സ്നേഹംകൊണ്ട് കുതിര്‍ക്കുകയും ചെയ്ത എന്‍റെ കൂട്ടുകാരി.
തിരിച്ചറിവിന്‍റെ കാലംമുതല്‍ ഒരു കൂട്ട്കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ? എനിക്കറിഞ്ഞുകൂടാ ഒരുപക്ഷെ ഏകാന്തതയെ മാത്രം ഇഷ്ടപെടുന്നവരുണ്ടാകാം.ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്ഞാന്‍പലപ്പോഴും,എന്നിലെ എന്നെ തിരിച്ചറിയുന്ന എന്‍റെ പോരായ്മകളെ സ്നേഹിക്കുന്ന ഒരു സുഹൃത്ത്.എല്ലാത്തിനും ഒരു പരിധിയില്ലേ എത്ര കാലം എത്രപേര്‍ അതും സൗഹ്രദത്തിന്‍റെ വാതിലുകള്‍ തുറന്നിട്ട് സോഷ്യല്‍ കമ്മ്യൂണിറ്റികള്‍ കാത്തിരിക്കുമ്പോള്‍.
സ്നേഹം അമൂല്യമാണ് ചിലപ്പോളൊക്കെ കിട്ടാകനിയും.ഓരോ പ്രായത്തിലും ഓരോ വിധത്തില്‍ നാം അത് ആഗ്രഹിച്ചുപോകും.നമുക്കൊക്കെ നല്ലവണ്ണം സ്നേഹിക്കാന്‍ അറിയുമോ?
ഒരാളുടെ കണ്ണുകളിലൂടെ ആഴ്ന്നിറങ്ങി അയാളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുത്ത് സ്നേഹിക്കാന്‍ നമുക്കാകുമോ? ഈ പറഞ്ഞതും എനിക്കാകില്ല.അപ്പോള്‍ പിന്നെ എനിക്കെങ്ങനെ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പറ്റും.മറിച്ചൊന്നു ചിന്തിച്ചാല്‍ എന്‍റെ സൗഹൃദം ആഗ്രഹിക്കുന്നവരെ എനിക്കും എങ്ങിനെ അവഗണിക്കാന്‍ സാധിക്കും....ഇല്ല ഒരിക്കലും സാധിക്കില്ല.