Monday, 30 January 2012

ഇരുട്ടിന്‍റെ ആത്മാവിനോട്

രുട്ടിനെ എനിക്കിഷ്ടമാണ്, എന്നും എന്‍റെ കൂടപ്പിറപ്പായിരുന്നല്ലോ അത്.നിങ്ങള്‍ എന്നെങ്കിലും ഇരുട്ടിന്‍റെ ആത്മാവിനോട് സംസാരിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കാറുണ്ട് എന്നും.കണ്‍പോളകള്‍ അനുസരണക്കേട്‌ കാട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് അവ ഇരുട്ടിനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.മുറിക്കുള്ളില്‍ ജാലകത്തിനരികെ വളരുന്ന ചെടി പ്രകാശത്തിലേക്കു ചാഞ്ഞു ചാഞ്ഞു പോകുന്നതുപോലെയാണത്.

ഞാന്‍ എന്തുകൊണ്ടാണ് ഇരുട്ടിനെ സ്നേഹിച്ചതും അവയോട് കൂട്ടുകൂടിയതും?

പുറമെയുള്ളവര്‍  നല്ലവരല്ലാത്തതുകൊണ്ടല്ല,എന്നില്‍ നന്മയുടെ കുറവുള്ളതുകൊണ്ടാണ് എനിക്കു സുഹൃത്തുക്കള്‍ ഇല്ലാതെ പോയതിനു പിന്നില്‍.എല്ലാ അര്‍ത്ഥത്തിലും തെറ്റിലേക്കു വഴുതിപോകാന്‍ സാദ്ധ്യതയുള്ള പരിസരത്തിലാണ് ഞാന്‍ ജീവിച്ചത്.

ഉള്ളു നിറയെ നന്മയുടെ നിലാവെളിച്ചമുണ്ടെങ്കില്‍.....നിങ്ങള്‍ക്കും എന്‍റെ കാതില്‍ മന്ത്രിക്കാം"ഞാന്‍ നിന്നെ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നുവെന്ന്"

പത്തായപ്പുരയുടെ മുകളിലെ പൂപ്പല്‍ പിടിച്ച ചില്ലുഓടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തെകണ്ട് വിസ്മയംപൂണ്ട് മുഖം വിടര്‍ത്തി നില്‍ക്കുന്ന എന്‍റെ കുട്ടികാലം.അപ്പോഴൊക്കെ എന്‍റെ മനസ്സ് നിര്‍മലമായിരുന്നു.പ്രകാശം തനിക്കു ചുറ്റിനുമുള്ളവരെ പ്രകാശിപ്പിക്കുന്നു എന്നത് പ്രകൃതിനിയമംതന്നെ,പക്ഷെ....ആരു ചേര്‍ന്നുനില്‍ക്കുന്നു എന്നതല്ല ചേര്‍ന്നു നില്‍ക്കുന്നവരുടെ ജീവിതത്തെ എന്തുമാത്രം പ്രകാശിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നമ്മുടെ ജീവിതത്തിന്‍റെയും ഗുണമേന്മ നിര്‍ണയിക്കുന്ന ഒരുപാധിയെന്നു തോന്നുന്നു.


അത്യാധുനികതയുടെ സുഖം തേടിയുള്ള യാത്രയില്‍ കൈമുതലായുണ്ടായിരുന്ന ലാളിത്യവും സരളതയും എവിടെയോ കളഞ്ഞുപോയി.ആര്‍ഭാടജീവിതത്തിന്‍റെ സുഖസൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന ആസ്വസ്ഥതയ്ക്കും അസംതൃപ്തിക്കും പകരം നാളെയെക്കുറിച്ച്,
പിന്നാലെ വരുന്ന തലമുറയെക്കുറിച്ച് അല്പം കരുതല്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.ദൈവം സമ്മാനിച്ച ഈ പ്രപഞ്ചത്തെ അല്പംകൂടി ആദരവോടെ കാണാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.


പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലും തിരസ്കരണാനുഭവങ്ങളിലും,പ്രതികൂലങ്ങളിലും അതിജീവിച്ച് നില്ക്കാന്‍,സമചിത്തത വെടിയാതെയിരിക്കാന്‍....ഞാന്‍ ഇനിയും തിക്താനുഭവങ്ങളെ ഏറ്റെടുക്കാന്‍ കരുത്ത് നേടണം.